Sunday, April 5, 2009

ഒരു തണുത്ത വെളുപ്പാംകാലത്ത്‌(അവസാന എപ്പിഡോസ്)

ട്രെയിന്‍ ചങ്ങനാശ്ശേരി എത്തിയപ്പോള്‍ ഞാന്‍ പള്ളി ഉറക്കം കഴിഞ്ഞു എഴുന്നേറ്റു. ഇനി അല്‍പ നേരം വായന ആവാം എന്നോര്‍ത്തു. 2 പെട്ടി ഉള്ളതില്‍ ഒരെണ്ണം പകുതിയും മലയാള സാഹിത്യ കൃതികള്‍ ആണ്. രാജസ്ഥാനില്‍ ആയാലും കൊള്ളാം അഫ്ഗാനിസ്ഥാനില്‍ ആയാലും കൊള്ളാം അവയെ പിരിഞ്ഞു എനിക്കൊരു ജീവിതം ഇല്ല. ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ഓഗസ്റ്റ്‌ ലക്കം ബാലരമ തന്നെ ഞാന്‍ പുറത്തെടുത്തു. പൂമ്പാറ്റ, അമര്‍ ചിത്ര കഥ, ബാലമംഗളം എല്ലാം കൊണ്ട് വന്നിട്ടുണ്ട്. എന്നാലും ബാലരമ തന്നെയാണ് അന്നും ഇന്നും എന്‍റെ favourite.1986 ഇല്‍ തുടങ്ങിയ ബന്ധം ആണ്. ഇത് വരെ ഒരു ലക്കം പോലും മുടക്കിയിട്ടില്ല. മായാവിയും ഇന്‍സ്പെക്ടര്‍ ഗരുഡ്-ഉം വായിച്ചു കഴിഞ്ഞു തല ഒന്ന് പൊക്കിയപ്പോള്‍ അപ്പുറത്തെ സീറ്റില്‍ ഒരു 10 വയസ്സുകാരന്‍ ആര്‍ത്തിയോടെ എന്‍റെ ബാലരമയില്‍ കണ്ണും നട്ട് ഇരിക്കുന്നത് കണ്ടു. "ഇപ്പൊ സ്റ്റാന്‍ഡേര്‍ഡ് അത്ര പോര മോനെ...പണ്ടൊക്കെ എന്തായിരുന്നു" എന്നൊരു ഡയലോഗ്-ഉം അടിച്ചു ഒരു നെടുവീര്‍പ്പോടെ ഞാന്‍ ജമ്പനും തുമ്പനും വായിക്കാന്‍ തുടങ്ങി.

അല്പം കഴിഞ്ഞപ്പോ തടിയന്‍ വന്നു, എന്നിട്ട് ഞങ്ങള്‍ S11 ഇല്‍ ഉള്ള ചന്ദിരന്‍കുഞ്ഞിന്റെ അടുത്തേക്ക് പോയി. അവന്‍ ആകെ വിഷമിചിരിക്കുകയായിരുന്നു. കോട്ടയം കഴിഞ്ഞാണോ കൊല്ലം...അതോ കൊല്ലം കഴിഞ്ഞാണോ കോട്ടയം. ഇതായിരുന്നു അവനെ അലട്ടികൊണ്ടിരുന്ന ആ വല്യ പ്രശ്നം. കോട്ടയം എന്നൊരു സ്ഥലം ഇല്ലെന്നും അതൊക്കെ കെട്ടുകഥകള്‍ ആണെന്നും പറഞ്ഞു ഞങ്ങള്‍ അവനെ ആശ്വസിപ്പിച്ചു. ഞങ്ങള്‍ 3 പേരും കൂടി ചന്ദിരന്‍കുഞ്ഞിന്റെ ക്ലാസ്മേറ്റ്‌-ഇനെ മുഖം കാണിച്ചേക്കാം എന്നോര്‍ത്തു AC കംപാര്ട്ട്മെന്റിലേക്ക് നടന്നു. ഞാന്‍ ജീവിതത്തില്‍ അത് വരെ AC കമ്പാര്‍ട്ട്മെന്റില്‍ കയറിയിട്ടില്ല. ഇത് തന്നെ അവസരം എന്നോര്‍ത്തു വേഗത്തില്‍ നടന്നു...അവിടെ എത്തിയപ്പോ ദേണ്ടെ ഉഗ്രന്‍ അടി നടക്കുന്നു യാത്രക്കാരും TTR ഉം തമ്മില്‍. AC യുടെ തണുപ്പ് കൂടുതല്‍ ആണത്രേ , അതായിരുന്നു പ്രശ്നം. "ചുമ്മാതല്ല ഇന്ത്യ നന്നാവത്തെ...ഒരു വശത്ത് സ്ലീപെറില്‍ കിടന്നു വിയര്‍ത്തു പണ്ടാരം അടങ്ങുന്ന ഞങ്ങള്‍. മറു വശത്ത് തണുത്തിട്ട് ഇരിക്കാന്‍ വയ്യേ , കമ്പിളിപ്പുതപ്പ്‌ കൊണ്ട് വായോ എന്നും പറഞ്ഞു മറ്റൊരു കൂട്ടം"...ഞാന്‍ കുഞ്ഞുന്നാളില്‍ ഒരുപാട് വാശി പിടിച്ചിട്ടുള്ളതാണ് AC കമ്പാര്‍ട്ട്മെന്റില്‍ കയറണം എന്നും പറഞ്ഞു. അതിനു ജനല്‍ ഇല്ലെന്നും ഒരു കറുത്ത പേപ്പര്‍ ഒട്ടിച്ചു വച്ചേക്കുന്ന കാരണം കാഴ്ച ഒന്നും കാണാന്‍ ഒക്കതില്ലെന്നും ഒക്കെ പറഞ്ഞു അമ്മ എന്നെ ബ്രെയിന്‍ വാഷ് ചെയ്യുമായിരുന്നു. എനിക്കും വിശ്വസനീയമായി തോന്നി കാരണം നമ്മള്‍ പുറത്തൂന്നു നോക്കുമ്പോ AC കമ്പാര്‍ട്ട്മെന്റിന്റെ കറുത്ത ജനാലയില്‍ കൂടി ഒന്നും കാണില്ലല്ലോ. പക്ഷെ ഇപ്പൊ ഞാന്‍ സാക്ഷാല്‍ AC കമ്പാര്‍ട്ട്മെന്റില്‍ നില്‍ക്കുമ്പോ എനിക്ക് അതേ ജനാലയില്‍ കൂടി പുറത്തുള്ളതെല്ലാം നല്ല മണി മണിയായി കാണാം. അമ്മ ആള് കൊള്ളാല്ലോ. ഞാന്‍ മന്ദബുദ്ധി ആയോണ്ട് എന്തും പറഞ്ഞു കളിപ്പിക്കാം അല്ലേ?. എന്നാലും ശാസ്ത്രത്തിന്റെ ഓരോ പുരോഗതിയേ...അകത്തൂന്ന് നോക്കിയാല്‍ പുറം കാണാം പക്ഷെ പുറത്തൂന്നു നോക്കിയാല്‍ അകത്തൊന്നും കാണാന്‍ പറ്റില്ല. ശോ! ഞാന്‍ വീണ്ടും impressed ആയി. ചുമ്മാ കുറേ നേരം അവിടെ കറങ്ങി തിരിഞ്ഞപ്പോ TTR പിടിച്ചു ഗെറ്റ് ഔട്ട് ഹൌസ് അടിച്ചു. പിന്നെ ഞങ്ങള്‍ പഴയ സ്ഥാനങ്ങളില്‍ ചെന്നിരുന്നു. പിന്നെ എത്ര എത്ര സ്റ്റേഷന്‍-ഉകള്‍. എറണാകുളം , പാലക്കാട് , കോയമ്പത്തൂര്‍ , സേലം , ഈറോഡ് , കാട്പാടി.....വീട്ടില്‍ നിന്നും കൊണ്ട് വന്ന ശാപ്പാട് ഒക്കെ തട്ടിയിട്ടു എല്ലാരും ഉറങ്ങാന്‍ കിടന്നു. ട്രയിനിലെ കുലുങ്ങി കുലുങ്ങിയോള്ള ഉറക്കത്തിന്റെ സുഖം ഒന്ന് വേറെ തന്നെ.

പിറ്റേന്ന് രാവിലെ എഴുന്നേറ്റു ഒരു ബ്രെഡ്-ആമ്ബ്ലെറ്റ് (തിരുവനന്തപുരത്തുകാര്‍ അല്ലാത്തവര്‍ ഇത് ബ്രെഡ്-ഓംലെറ്റ്‌ എന്ന് വായിക്കുക) ഒക്കെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും ട്രെയിന്‍ വിജയവാഡ എത്തി. പ്ലാറ്റ്ഫോമില്‍ ഇറങ്ങി ഞാനൊരു ജ്യൂസ്‌ കുടിച്ചു. കേരള- ഇല്‍ എപ്പോ യാത്ര ചെയ്താലും വിജയവാഡ-ഇല്‍ ഇറങ്ങി ഒരു ജ്യൂസ്‌-കുടി എന്ന ശീലം തുടങ്ങിയത് ഈ യാത്ര മുതലാണ്‌. രണ്ടാം ദിവസത്തെ യാത്ര മഹാ ബോറായിരുന്നു. പുറത്തേക്കു നോക്കിയാല്‍ ഒറ്റ കുഞ്ഞിനെ പോലും കാണാനില്ല. എങ്ങും വിജനമായ പുല്ലു പോലും മുളക്കാത്ത പട്ടിക്കാട് മാത്രം. ഈ ആന്ധ്രാ പ്രദേശിലെ മനുഷ്യരൊക്കെ എവിടെ പോയി കിടക്കുവാണെന്നു ഞാന്‍ വണ്ടറടിച്ചു. എല്ലാം BITS-ഇല്‍ വന്ന് കുറ്റിയടിച്ചു ഇരിപ്പോണ്ടെന്നു അന്നെനിക്ക് അറിയില്ലല്ലോ. രണ്ടാം ദിവസത്തെ lunch കഴിഞ്ഞപ്പോ അമ്മ പൊതിഞ്ഞു തന്നു വിട്ട ഭക്ഷണം ഒക്കെ തീര്‍ന്നു. പണ്ടേ ഈ വിശപ്പിന്റെ അസുഖം ഒള്ള ആളാണെ. പിന്നെ ബാല്ലാര്‍ഷയില്‍ നിന്നും വായില്‍ വെക്കാന്‍ കൊള്ളാത്ത മുട്ട ബിരിയാണിയും കഴിച്ചു പതുക്കെ ബെര്‍ത്തിലേക്ക് വലിഞ്ഞു. രാത്രിയില്‍ , ഞാന്‍ പുസ്തകത്താളുകളില്‍ മാത്രം വായിച്ചു പരിചയമുള്ള പല സ്ഥലങ്ങളിലും കൂടി നമ്മുടെ കേരള കടന്നു പോയി. നാഗ്പൂരില്‍ നിര്‍ത്തുമ്പോ , ഒരു ഓറഞ്ച് മേടിച്ചു കഴിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും സമയം 10 കഴിഞ്ഞിരുന്നു. കയറി കിടക്കാന്‍ പിതാശ്രീ ഉത്തരവിട്ട കാരണം അത് നടന്നില്ല.

"അരേ ഓ സല്‍മാന്‍ ...അരേ ഓ ഷാരൂഖ്‌"...പിന്നെ കുറേ ക്ലാപ്പ് അടി ശബ്ദം - ഇത് കേട്ടാണ്‌ ഞാന്‍ രാവിലെ ഉണരുന്നത്. കണ്ണ് തുറന്നു നോക്കുമ്പോ അതാ 5-6 ഹിജടകള്‍. നോം ഒത്തിരി കേട്ടിരിക്കുന്നു. പക്ഷെ ഇത്ര വേഗം നേരില്‍ കാണാന്‍ പറ്റുമെന്ന് നിരീചില്ല്യ. സംഭവം ഗുലുമാല്‍ ആണെന്ന് മനസ്സിലാക്കിയ ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ വീണ്ടും ഒറങുന്നതായി അഭിനയിച്ചു. എന്‍റെ കാലില്‍ പിടിച്ചു വലിക്കാന്‍ കൊറേ വിഭലശ്രമങ്ങള്‍ ഒക്കെ നടത്തിയ ശേഷം ഹിന്ദിയില്‍ 4 പുളിച്ച തെറിയും പറഞ്ഞു ഹിജഡ കൂട്ടം പിന്‍വാങ്ങി. നമ്മള്‍ പിന്നെ പണ്ടേ ഹിന്ദിയില്‍ മിടുക്കന്‍ ആയോണ്ട് ഒന്നും മനസ്സിലായില്ല. അതിനു പിന്നാലെ ഞാനും പതുക്കെ അപ്പര്‍ ബെര്‍ത്തില്‍ നിന്നും ഭൂമിയിലേക്കിറങ്ങി. സ്റ്റേഷന്‍ ഝാന്‍്സി എത്തി. പണ്ട് ഒന്നിലോ രണ്ടിലോ വെച്ച് മലയാളം ടെക്സ്റ്റ് ബുക്കില്‍ ഝാന്‍്സിറാണിയുടെ കഥ വായിച്ചതൊക്കെ പെട്ടന്ന് ഓര്‍മ വന്നു. വണ്ടി നിര്‍ത്തിയതും ഒരു 100-150 ഹിന്ദിക്കാരന്മാര് ഞങ്ങടെ ബോഗിയില്‍ ഇടിച്ചു കയറി. സീറ്റ് ഒന്നും വേണ്ട അവന്മാര്‍ക്ക്. ബെര്‍ത്തിലും കമ്പിയിലും ഒക്കെയായി അള്ളിപ്പിടിച്ചു കിടന്നോളും. എല്ലാത്തിനും നല്ല കൂറ ലുക്ക്. അവന്മാരുടെ എന്തോ ജില്ല സമ്മേളനം ആയിരിക്കണം. വടക്കേ ഇന്ത്യ എത്തിയാല്‍ പിന്നെ TTR ഇനെ മഷി ഇട്ട് നോക്കിയാല്‍ കാണില്ല. പിന്നെ കണ്ടവന്‍ ഒക്കെ കയറി നിരങ്ങും റിസേര്‍്വ്ഡ് കോച്ചിലും. ആദ്യമായി "നോര്‍ത്ത് ഇന്ത്യ " എന്ന പ്രതിഭാസം നേരില്‍ കാണുന്ന സന്തോഷത്തില്‍ ഞാന്‍ സമയം പോവുന്നതറിഞ്ഞില്ല. ട്രെയിന്‍ ഗ്വാളിയറും ആഗ്രയും ഒക്കെ കടന്നു നിസാമുദ്ദിന്‍ എത്തികഴിഞ്ഞു. ഇനി അല്‍പ ദൂരമേ ഒള്ളു ഡല്‍ഹിക്ക്. 

വൈകുന്നേരം ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തി. ഹോ 10-15 പ്ലാറ്റ്ഫോര്മൊക്കെ ഒള്ള ഒരു വലിയ സ്റ്റേഷന്‍. പുറത്തു നിന്ന് നോക്കിയാല്‍ ചെറുതാണെന്ന് തോന്നുമെങ്ങിലും അകത്തു വിശാലമായ ഷോറൂം. അച്ഛന്‍ കൂടെ വന്നത് നന്നായി. ഒറ്റയ്ക്ക് വന്നിരുന്നെങ്ങില്‍ ഇവിടെ വെച്ച് തന്നെ എന്നെ വല്ല പിള്ളേര് പിടുത്തക്കാരും പിടിച്ചോണ്ട് പോയേനെ..ഷുവര്‍!. അവിടെ നിന്നും നേരെ കേരള ഹൌസിലേക്ക് ഞങ്ങള്‍ വെച്ച് പിടിച്ചു. അംബരചുംബികളായ കെട്ടിടങ്ങള്‍ കണ്ടു ഞാന്‍ വായും പൊളിച്ചു അങ്ങനെ ഇരുന്നു. എന്തൊരു തിരക്കാണ് റോഡില്‍ ഒക്കെ. എത്ര എത്ര വാഹനങ്ങള്‍. ഹെന്റമ്മോ, തിരുവനന്തപുരം ഒക്കെ ഒരു പഞ്ചായത്തെന്നു പോലും പറയാന്‍ പറ്റത്തില്ല ഇതുമായി താരതമ്യം ചെയ്‌താല്‍. ഇത് സ്വര്‍ഗമാണോ സ്വപ്നമാണോ എന്ന് കണ്‍ഫ്യൂഷന്‍ അടിച്ചു ഞാന്‍ അങ്ങനെ കാഴ്ചകളില്‍ ലയിച്ചു ഇരുന്നു പോയി. കേടുപാടുകള്‍ ഒന്നും കൂടാതെ ഡല്‍ഹിയില്‍ എത്തിയ വിവരം അമ്മയോട് വിളിച്ചു പറയാന്‍ അച്ഛന്റെ കല്പന താമസിയാതെ വന്നു. അടുത്ത് ഒരു STD ബൂത്ത് ഒണ്ടു അത്രേ. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും വന്നിട്ടില്ലല്ലോ. ഞാന്‍ ആദ്യമായാണ്‌ ഒരു STD ബൂത്തില്‍ പോവുന്നത്. അവിടുത്തെ രീതികള്‍ ഒന്നും വല്യ പിടിയില്ല. ഞാന്‍ അവിടുത്തെ ചേട്ടനോട്...അയ്യോ സോറി അവിടുത്തെ ഭയ്യയോട് മുറി ഹിന്ദിയില്‍ സംസാരിച്ചു...ഭയ്യ ഫോണ്‍ കര്‍നാ ഹായ് ഹു ഹോ. ഫോണില്‍ STD കോഡ് ഒക്കെ കൃത്യം ആയി കുത്തി, വീട്ടിലെ നമ്പറും കുത്തിയതോടെ കറക്റ്റ് ആയിട്ട് കാള്‍ കണക്ട് ആയി. എനിക്ക് എന്നെ കുറിച്ച് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങള്‍. അമ്മയോട് സംസാരിച്ചു തുടങ്ങിയതും എന്‍റെ തലയ്ക്കു മുകളില്‍ ചുവന്ന നിറത്തില്‍ കുറെ അക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഫോണ്‍ വിളിച്ചതിന്റെ ബില്‍ ആയിരിക്കണം അത്. പണ്ടേ ഒരു ബുദ്ധിമാന്‍ ആണല്ലോ ഞാന്‍. പക്ഷെ ഇത് കുറെ നമ്പറുകള്‍ ഒണ്ടല്ലോ. ഇതില്‍ ഏതാണാവോ ബില്‍? എനിക്കാകെ കണ്‍ഫ്യൂഷന്‍. വലത്തേ അറ്റത്തൊള്ള നമ്പര്‍, സെക്കണ്ടിനു ഒന്ന് എന്ന കണക്കു വെച്ച് കൂടുന്ന കണ്ടു എന്‍റെ കണ്ണ് തള്ളി. അമ്മയോട് 2 അക്ഷരം മിണ്ടുന്ന മുന്നേ അത് 25 കടന്നു. അച്ഛന്‍ ആകെ 50 രൂപയാണ് കയ്യില്‍ തന്നത്. "അമ്മെ ഞങ്ങള്‍ എത്തി ..നാളെ രാവിലെ പിലാനിക്ക് പുറപ്പെടും..അവിടെ എല്ലാര്ക്കും സുഖമല്ലേ ബൈ ബൈ " എന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു ഞാന്‍ ഫോണ്‍  വെച്ചിട്ട് ഡിസ്പ്ലേ നോക്കിയപ്പോ 49 രൂപ!! ഹോ കഷ്ടിച്ച് ഒതുക്കി. അച്ഛന്‍ പറഞ്ഞത് എത്ര ശരി - സ്കൂള്‍ പോലെ അല്ല പുറംലോകം. ഒരാളോട് ഒരു വാക്ക് മിണ്ടാന്‍ 50 ഉലുവ!! 50 രൂപ കൊടുത്തപ്പോ ഭയ്യ 47 രൂപ ബാക്കി തന്നു. ഞാന്‍ ഒന്ന് ഞെട്ടി. 3 രൂപ മതിയോ?.അപ്പൊ ആ 49 എന്തായിരുന്നു? റെസീപ്റ്റ് കിട്ടിയപ്പോ മനസ്സിലായി അത് duration ആയിരുന്നെന്നു. ചുമ്മാതല്ല സെക്കണ്ടിനു ഒന്ന് വെച്ച് കൂടിയത്. എന്തായാലും പറ്റിയ അമളി ആരോടും പറഞ്ഞില്ല. 

തിരിച്ചു കേരള ഹൌസിലെ രാജകീമായ മുറിയില്‍ TV ഉം കണ്ടു രാത്രി വരെ സമയം ചിലവഴിച്ചു. ഡിന്നര്‍-ഇന് അച്ഛന്‍ കഞ്ഞിയും പയറും പറഞ്ഞു. അച്ഛന്‍ അറിയാതെ ഞാന്‍ പോയി ഓര്‍ഡര്‍ മാറ്റി റോട്ടിയും ദാലും ആക്കി. 'When in Rome, do the Romans എന്നല്ലേ മഹാകവി വയലാര്‍ രവി പറഞ്ഞിട്ടുള്ളത്. സുഖ നിദ്രക്കു ശേഷം രാവിലെ പെട്ടിയും പൊക്കി എടുത്തു ISBT ഇലേക്ക് തിരിച്ചു. തടിയനും കൂട്ടരും അപ്പോഴേക്കും അവിടെ എത്തി കഴിഞ്ഞിരുന്നു. ഹര്യാന ട്രാവെല്‍സിന്റെ ഭിവാനി , രോത്തക്ക് , ചിറവ വഴി പിലാനിയിലേക്ക് ഒള്ള ബസില്‍ ഞങ്ങള്‍ അഡ്വാന്‍സ്‌ റിസര്‍വേഷന്‍ ചെയ്തു. വണ്ടി വീഡിയോ കോച്ച് ആയിരിക്കുമോ. പുഷ്ബാക്ക് സീറ്റ് ഒക്കെ കാണുമായിരിക്കുമോ, വീണ്ടും മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു..ഒന്നുമില്ല്ലേലും ഇന്റര്‍-സ്റ്റേറ്റ് വണ്ടിയല്ലേ - കാണുമായിരിക്കും. കല്ലടയുടെ വോള്‍വോ വന്ന് കിടക്കുന്ന പോലെ കിടന്നില്ലെലും ആരേലും കണ്ടാല്‍ 'അയ്യേ' എന്ന് പറയരുത്, അത്രേ ഒള്ളു. കാക്കക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞു എന്നല്ലേ. 

വൈകാതെ ഞങ്ങളുടെ ബസ് എത്തി. ടാറ്റാ ആദ്യമായി ഉണ്ടാക്കിയ ബസ് ആണോ എന്ന് സംശയം ഇല്ലാതില്ല. അച്ഛനെക്കാള്‍ പ്രായം ഒണ്ടെന്നു ഷുവര്‍. ബ്രേക്ക്ഉം ക്ലച്ചും ഇരിക്കെണ്ടിടത് വല്യ ഒരു ഓട്ട മാത്രം. ബസ് ഇന്റെ മുകളിലും താഴെയും ഒക്കെ ആയി ആവശ്യത്തിനു (അനാവശ്യത്തിനും) ദ്വാരങ്ങള്‍. മൊത്തത്തില്‍ ഒരു 'താമരാക്ഷന്‍ പിള്ള' സെറ്റപ്പ്. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്ന് വിചാരിച്ചു കൊണ്ട് വലതു കാല്‍ വെച്ച് ഞങ്ങള്‍ ബസ്സിലേക്ക് കയറി. ജീവിതത്തിന്റെ ഇക്വേഷന്‍ തന്നെ മാറ്റി മറിച്ച ഒരു യാത്രയുടെ തുടക്കം മാത്രം ആയിരുന്നു അത് എന്ന് ഞാന്‍ ഉണ്ടോ അറിയുന്നു?
(ശുഭം)

8 comments:

George said...
This comment has been removed by the author.
George said...

ini visaalane miss cheyoola
poratte, ingatu, baaki pilani-puraanam :)

Sanoop said...

Dipu chetta... Felt more like listening to a conversation than reading a blog post... Metaphor ellaam kidilam... Waiting for the Pilani epidose to start..

DJ said...

ജോര്‍ജ് ആലുവയ്ക്കും സനൂപ് ഒറ്റപ്പാലത്തിനും ഒരായിരം നന്ദി. അക്ഷര തെറ്റുകള്‍ വാരി വിതറിയ ഈ പോസ്റ്റുകള്‍ വായിച്ചെടുക്കാന്‍ ഉള്ള ക്ഷമ ഉണ്ടായത് തന്നെ വല്യ കാര്യം. BITSian മണ്ടത്തരങ്ങളെ കുറിച്ച് ഇനിയും പോസ്റ്റ് ഇടണം എന്നാഗ്രഹമുണ്ട്. ജോര്‍ജിന്റെ ആലുവ സാണ്ട്ബാക്കും '04 വര്‍ണപകിട്ട് സ്കിറ്റിന്റെ ക്ലൈമാക്സില്‍ സനൂപിന്റെ ഭാവപ്രകടനവും, നമ്മടെ അജിയുടെ സെക്ഷന്‍ 3.4.5 ഉം, എന്‍റെ ബാക്കി മണ്ടത്തരങ്ങളും എല്ലാം ചേര്‍ത്ത് നമക്കൊരു പോസ്റ്റ് ഇടാം :)..VKB മെസ്സിലിരുന്നു നമ്മളെല്ലാരും കൂടി റബ്ബര്‍ ദോശയും കാടി വെള്ളവും കഴിച്ചിട്ട് 4.5 വര്‍ഷം കഴിഞ്ഞല്ലേ...ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.....

Merrin said...

പുരാണകഥകള്‍ പ്രസിദ്ധീകരിക്കുന്നതില് വളരെ സന്തോഷം. ഈ എഴുത്തുകുത്തുകള്‍ ദീര്ഘനാള്‍് തുടരാനാവട്ടെ എന്നാശംസിക്കുന്നു.

അനൂപ് said...

"രാജസ്ഥാനില്‍ ആയാലും കൊള്ളാം അഫ്ഗാനിസ്ഥാനില്‍ ആയാലും കൊള്ളാം അവയെ പിരിഞ്ഞു എനിക്കൊരു ജീവിതം ഇല്ല. ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ഓഗസ്റ്റ്‌ ലക്കം ബാലരമ തന്നെ ഞാന്‍ പുറത്തെടുത്തു. പൂമ്പാറ്റ, അമര്‍ ചിത്ര കഥ, ബാലമംഗളം എല്ലാം കൊണ്ട് വന്നിട്ടുണ്ട്"

അക്രമം... !!! :)
നീ എന്റെ ജോലി കളയും!!!! ഓഫീസില്‍ ഇരുന്നു നിന്റെ ബ്ലോഗ്‌ വായിക്കുനത് നല്ലതല്ല... ഇത്രേം കോമഡി ഉള്ള കോഡ് ആരാ എഴുതിയെ എന്നറിയാന്‍ എന്റെ അടുത്തിരിക്കുന്ന സകല തമിഴന്മാരും എത്തി നോക്കി...
മലയാള സാഹിത്യം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ടോള്‍സ്റ്റോയ്‌ മിഖായേല്‍ ശ്ലോഖോവ്‌ ചങ്ങമ്പുഴ വള്ളത്തോള്‍ ഉള്ളൂര്‍ വഴി റഷ്യന്‍ നാടോടി കഥകള്‍ വരെ പോയി... എന്നാലും ബാലരമ !!!

മിസ്റ്റര്‍ പെരേര !!!! ഉജ്ജ്വലമായിരുന്നു പ്രകടനം... :)

DJ said...

"ഇത്രേം കോമഡി ഉള്ള കോഡ് ആരാ എഴുതിയെ എന്നറിയാന്‍ എന്റെ അടുത്തിരിക്കുന്ന സകല തമിഴന്മാരും എത്തി നോക്കി..."

തകര്‍ത്തു!! :)
നിന്റെ കമന്റ്‌ വായിച്ചിട്ടാ ഞാന്‍ ഇപ്പൊ ചിരിക്കണേ!! ഒരു താങ്ക്സ് ഒണ്ടു ട്ടോ :)

അനിയന്‍കുട്ടി | aniyankutti said...

ഹിഹി.. ഈ എപ്പിഡോസ്‌ വാസ് ദി ബെസ്റ്റ്‌... :) ഉഗ്രന്‍!