Friday, March 5, 2010

ഓര്‍ക്കുട്ടും ഫേസ്ബുക്കും പിന്നെ ഞാനും (എപ്പിഡോസ് 3)

ഇത് വരെ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത് ഫേസ്ബുക്കിലെ സാധാരണ മനുഷ്യരെ കുറിച്ചാണ്. അതില്‍ പെടാത്ത കുറച്ചു സ്പെഷ്യല്‍ വിഭാഗങ്ങള്‍ ഉണ്ട്. വെടി വെപ്പിനും കൃഷിക്കും മറ്റുമായി ചേക്കേറിയവര്‍. മാഫിയ വാര്‍സ് എന്നും പറഞ്ഞു കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്. "4 അമിട്ടും 2 ഏറു പടക്കവും അത്യാവശ്യമായി വേണം", "കൊള്ളമുതല്‍ കിട്ടി , ഇന്ന് വൈകിട്ട് ന്യൂ യോര്‍ക്കില്‍ നിന്നും കൊയിലാണ്ടിയിലേക്ക് കടത്തും" തുടങ്ങി മനുഷ്യനെ ക്ഷമയുടെ നെല്ലിപലക കാണിക്കുന്ന മെസ്സജുകള്‍ കൊണ്ട് ഹോംപേജ് നിറക്കുന്ന ചില വീരന്മാര്‍. സഹികെട്ടപ്പോള്‍ ഞാന്‍ എല്ലാത്തിനേം നിരത്തി പിടിച്ചു ബ്ലോക്ക്‌ ചെയ്തു...ഹല്ലാ പിന്നെ!. മറ്റേ വിഭാഗം പരമ്പരാഗത കൃഷിക്കാരാണ്. ഫാംവില്ലില്‍ ആടിനേം പശുവിനേം വളര്‍ത്തി , പാടത്ത് കൃഷി ചെയ്തു ജീവിക്കുന്ന കൂട്ടര്‍. ഇവര്‍ക്ക് ഒരു അഡിക്ഷന്‍ ആണ് കൃഷി. രാവിലെ ആടിനെ മേയിക്കാന്‍ കയറിയാല്‍ പിന്നെ അന്തിയോളം അതും കളിച്ചു ആടി ആടി ഇരിക്കും. വെളുപ്പ്പിനു അലാറം വെച്ച് എഴുന്നേറ്റു ഫാംവില്ലില്‍ പണിക്കു പോവുന്ന ആള്‍ക്കാര്‍ വരെ ഉണ്ട്. ഇത്രേം കൃഷി ഫേസ് ബുക്കിനു പുറത്തു ഒരു പാടത്ത് ചെയ്തിരുന്നെങ്കില്‍, കേരളത്തിന്‌ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉള്ള എല്ലാ സാധനങ്ങള്‍ക്കും തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോഴത്തെ ഒരു പോക്ക് വെച്ച് കര്‍ഷകശ്രി അവാര്‍ഡ്‌ ഒക്കെ ഫാംവില്‍ കൊണ്ട് പോവുന്നത് ഉടനെ കാണേണ്ടി വരും. മുക്കുവന്മാര്‍ക്കും അവരുടെതായ app ഉണ്ട് - 'ഫിഷ്‌വില്‍'. അയല, ചെമ്പല്ലി, മത്തി, ചെമ്മീന്‍, നെമ്മീന്‍ ഒക്കെ ആണ് അവിടുത്തെ സംസാര വിഷയങ്ങള്‍ . ഇതൊന്നും പോരാ എന്നുണ്ടെങ്കില്‍ FB ക്വിസ് എടുക്കാം. 'അടുത്ത ജന്മത്തില്‍ ഏത് പീരിയോഡിക് ഇലമെന്റ്റ് ആയി ജനിക്കും', 'ഒബാമ ആണോ ഒതളങ്ങ ആണോ ഇഷ്ടം?' തുടങ്ങി വളരെ വിജ്ഞാനപ്രദമായ ചോദ്യങ്ങള്‍ ആണ് സാധാരണ ഉണ്ടാവാറ്. അങ്ങനെ കണ്ടവന്‍റെ ഒക്കെ കൃഷിയുടെയും , മീന്‍ പിടുത്തത്തിന്റെയും, ക്വിസ്സിന്റെയുമൊക്കെ ലൈവ് ഫീഡ് വന്നു കുമിഞ്ഞു കൂടി, നമ്മുടെ ഹോം പേജ് തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം പോലെ ആയി തീരും.

നെറ്റ്വര്‍ക്കിംഗ്‌ ഒക്കെ ഒന്ന് ഒതുക്കി കഴിഞ്ഞിട്ട് വേണം ജീ-മെയിലില്‍ മെയില്‍ ഒക്കെ ഒന്ന് ചെക്ക് ചെയ്യാന്‍. ജീ-മെയിലിനും ഓര്‍ക്കുട്ടിന്റെ ഗതി തന്നെ. വല്ലപ്പോഴും ഒരു automated മെയില്‍ വന്നാലായി. ലോഗിന്‍ ചെയ്യാന്‍ തുടങ്ങുമ്പോഴാണ് നമ്മുടെ പഴയ സഹ-മുറിയന്‍റെ ഫോണ്‍ കോള്‍ വന്നത്. എടുത്ത ഉടന്‍ ഭീതിയും ഞെട്ടലും കലര്‍ന്ന സ്വരത്തില്‍ ഒരു ചോദ്യമാണ് - "ഡാ നീ അറിഞ്ഞോ? " അവന്റെ വെപ്രാളം കണ്ടപ്പോ എനിക്കും ടെന്‍ഷന്‍ ആയി. എന്ത് അറിഞ്ഞോന്നു? ഭൂമികുലുക്കം, വെള്ളപ്പൊക്കം, തീവ്രവാദി ആക്രമണം, എന്താണാവോ ഇത്തവണ സംഭവിച്ചത്? മനുഷ്യനെ പേടിപ്പിക്കാതെ കാര്യം എന്താന്ന് വെച്ചാല്‍ പറഞ്ഞു തൊലക്കാന്‍ പറഞ്ഞപ്പോള്‍, ലവന്‍ ഒറ്റ ശ്വാസത്തില്‍ "ജീ-മെയില്‍ തുറന്നു നോക്ക്, ഗൂഗിള്‍ പുതിയ ബസ്‌ ഇറക്കി, ഞാന്‍ പിന്നെ വിളിക്കാം " എന്ന് കഷ്ടിച്ച് പറഞ്ഞിട്ട് വെച്ചു. ഗൂഗിള്‍ ബസ്‌! ഈശ്വരാ ഇവന്മാര് ഈ പണിയും തുടങ്ങിയോ? ഗൂഗിള്‍ എല്ലാ മേഖലയിലും കൈ കടത്തി, ഗൂഗിള്‍ കടല പിണ്ണാക്കും, ഉണ്ടംപൊരിയും എല്ലാം വരുന്ന ഒരു കാലം വിദൂരമല്ല എന്നറിയാമായിരുന്നു. എന്നാലും ബസ്‌ എന്നൊക്കെ വച്ചാല്‍!!...ഒരു ബസ്‌ ഇറക്കുന്നത്‌ അത്ര എളുപ്പം ഉള്ള പരിപാടി അല്ലല്ലോ? സംശയം ഒണ്ടേല്‍ ആലുവ കലൂര്‍ റൂട്ടില്‍ ഓടുന്ന St. Antony യോടോ , തൃപ്പൂണിതുറ റൂട്ടില്‍ ഓടുന്ന കൊടുങ്ങല്ലൂര്‍ ഭഗവതിയോടോ ചോദിച്ചു നോക്ക്. എന്തായാലും രണ്ടും കല്‍പ്പിച്ചു ലോഗിന്‍ ചെയ്തപ്പോള്‍ ദാണ്ടേ ഇടതു ഭാഗത്തായി പുതിയ ഒരു സുനാപ്പി - ബസ്‌!!. ക്ലിക്കി നോക്കി..ആ ബെസ്റ്റ്!! ആ ബസ്‌ അല്ല ഈ ബസ്‌. ഇത് പുതിയ ഏതാണ്ട് നെറ്റ്വര്‍ക്കിംഗ്‌ കോപ്പ് ആണല്ലോ?. ഈശ്വരാ, ഇപ്പൊ ഉള്ള നെറ്റ്വര്‍ക്കിംഗ്‌ കുന്തപ്പനാണ്ടികളില്‍ ചെന്ന് കമന്റ്‌ ഇടാന്‍ പെടുന്ന പാട് നമുക്ക് അറിയാം. ഇനി ഇവിടേം വന്നു സ്റ്റാറ്റസ് മെസ്സേജ് ഇടുകയും കമന്റ്‌ അടിക്കുകയും ഒക്കെ ചെയ്യണേല്‍ കൂലിക്ക് ആളെ നിര്‍ത്തേണ്ടി വരൂല്ലോ? ഒരു സാധാരണ യൂസറിന്‍റെ മനോവിഷമം വെല്ലോം ഇവന്മാര് ഉണ്ടോ അറിയുന്നു. ഇത് പോലെ ഒരു ഐറ്റം 'വേവ്' എന്ന പേരില്‍ ഇവന്മാര്‍ 2-3 മാസം മുന്നേ ഇറക്കിയതല്ലേ? നല്ല പോലെ വേവും എന്ന് വിചാരിച്ചു ഇറക്കിയ സാധനം പക്ഷെ ഒട്ടും വെന്തില്ല. ആര്‍ത്തി പിടിച്ച പിള്ളേര് ചക്കകൂട്ടാന്‍ കണ്ട മാതിരി കുറെ എണ്ണം ഇന്‍വൈറ്റ് ഉണ്ടോ ഇന്‍വൈറ്റ് ഉണ്ടോ എന്ന് ചോദിച്ചു തെക്ക് വടക്ക് നടക്കുന്നത് കണ്ടിരുന്നു. ഒടുവില്‍ ഇന്‍വൈറ്റ് കിട്ടിയപ്പോ ഡോഗ് ഗെറ്റിംഗ് ദി ഫുള്‍ കോക്കനട്ട് കേസ് പോലെ ആയി. ഒരുത്തനും അത് വെച്ച് എന്നാ ചെയ്യണം എന്ന് ഒരു എത്തും പിടിയുമില്ല. അങ്ങനെ യൂസേര്‍സ് വേവ് ബഹിഷ്ക്കരിച്ചപ്പോള്‍, എന്നാല്‍ നിന്റെ ഒക്കെ അണ്ണാക്കിലേക്ക് ഇത് കുത്തിക്കയറ്റിയിട്ട് തന്നെ വേറെ കാര്യം എന്ന മട്ടിലാണ് ഗൂഗിള്‍. പണ്ട് നാട്ടില്‍ പശുവിനെ പെയിന്റ് അടിച്ചു മറിച്ചു വില്‍ക്കണ പോലെ, സംഭവം പേരും നാളും മാറ്റി, ജീ-മെയിലില്‍ ബസ്‌ എന്ന പേരില്‍ പുനപ്രതിഷ്ടിച്ചു. ഇനി നാളെ ഓട്ടോയും, ബീമാനവും എല്ലാം വരും. എല്ലാം അറിയുന്നവന്‍ ഗൂഗിള്‍ . ശംഭോ മഹാദേവ!

സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല. അടുപ്പത്ത് വച്ചിരുന്ന മീന്‍ അവിയല്‍ എന്തായോ ആവോ? ട്വിട്ടറിലെ സ്ഥിതിഗതികള്‍ ഒക്കെ എന്തായി എന്ന് നോക്കുകയും വേണം...ലപ്പോ എല്ലാം പറഞ്ഞത് പോലെ.

(ശുഭം)

ഓര്‍ക്കുട്ടും ഫേസ്ബുക്കും പിന്നെ ഞാനും (എപ്പിഡോസ് 2)

ഒരു വശത്ത് ശവപ്പറമ്പ് പോലെ കിടക്കുന്ന ഓര്‍ക്കുട്ട്, അതേ സമയം ഫേസ്ബുക്ക്‌ ന്യൂസ്‌ ഫീഡില്‍ സ്റ്റാറ്റസ് മെസ്സജുകളുടെ പ്രവാഹം. ഞാനും ഒരു സ്റ്റാറ്റസ് മെസ്സേജ് ഇടണം എന്നോര്‍ത്തിട്ട് 2-3 ആഴ്ച ആയി. പക്ഷെ ഒരു റോബോട്ടിനെ പോലെ, രാവിലെ ഓഫീസിലേക്ക് കെട്ടി എടുത്ത് പകലന്തിയോളം അവിടെ ഇരുന്നു കീ-ബോര്‍ഡില്‍ കുറേ കുടുകുടാന്നു അടിച്ച്, രാത്രി വീട്ടില്‍ വന്നു ഒരു മൂലയ്ക്ക് സൈഡ് ആവുന്ന, വെറും യാന്ത്രികമായി ജീവിതം തള്ളി നീക്കുന്ന നമ്മള്‍ ഒക്കെ എന്ത് സ്റ്റാറ്റസ് മെസ്സേജ് ഇടാനാണ്? എന്നാലും വല്ലവന്‍റെയും സ്റ്റാറ്റസ് മെസ്സേജ് ഒക്കെ വായിച്ച്, അവനെ ഒക്കെ 4 തെറി വിളിക്കുന്നതിന്‍റെ സുഖം ഒന്ന് വേറെ തന്നെ. ചിലര്‍ ന്യൂസ്‌ ചാനലുകളേക്കാള്‍ വേഗത്തിലാണ് വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നത്. ക്രിക്കറ്റ്‌ സ്കോര്‍ ആകട്ടെ, പ്രിമിയര്‍ ലീഗിലെ ഗോള്‍ ആകട്ടെ, ശില്പ ഷെട്ടിയുടെ പട്ടിക്കുട്ടിക്ക് വയറിളക്കം വന്ന വാര്‍ത്ത ആവട്ടെ, എല്ലാം ഞൊടിയിടയില്‍ ഫേസ്ബുക്കില്‍ എത്തും. ഇതിന്റെ തികച്ചും ഓപ്പസിറ്റ് ഒരു കൂട്ടര്‍ ഒണ്ട്- എല്ലാം അല്പം വൈകി അറിയുന്നവര്‍. "മഹാത്മാ ഗാന്ധി അന്തരിച്ചു!!" എന്നും പറഞ്ഞു അന്തം വിട്ടു പോസ്റ്റ്‌ ഇടുന്ന റ്റീംസ്. ഫോട്ടോസിന്‍റെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെ...മനോഹരമായ പ്രൊഫഷണല്‍ ക്വാളിറ്റി ഉള്ള ഫോട്ടോസ് അപ്‌ലോഡ്‌ ചെയ്യുന്ന ഒരു കൂട്ടര്‍. പബ്ബില്‍ വച്ച് പഴശ്ശിരാജയുടെ വാള് വെക്കുന്ന കൂതറ ഫോട്ടോസ് വരെ നൂറും ഇരുനൂറും വെച്ച് അപ്‌ലോഡ്‌ ചെയ്യുന്ന വേറെ ഒരു വിഭാഗം...iPhone ഉള്ളത് കൊണ്ട് ലൈവ് ആയി ഫോട്ടം (കണ്ണില്‍ കാണുന്ന ഓന്തിന്‍റെയും ഓമക്കയുടെയും ഉള്‍പ്പടെ എന്തിന്‍റെയും) അപ്‌ലോഡ്‌ ചെയ്യുന്ന മൂന്നാമത് ഒരു വിഭാഗം.

എല്ലാവരുടെയും ഫോട്ടോസും വീഡിയോസും ഒക്കെ കണ്ടു തീര്‍ത്താല്‍, അടുത്ത സ്റ്റെപ്പ് ഫ്രാണ്ട്ഷിപ് റിക്വസ്റ്റ് വെല്ലോം വന്നിട്ടുണ്ടോ എന്ന് നോക്കും. ഇന്ന് ഒരെണ്ണം വന്നു കിടപ്പുണ്ട്. കുടുംബത്തിലെ അടുത്ത തലമുറക്കാരന്‍ ആണ് - 6 വയസ്സുകാരന്‍ ജോജി. അവന്‍റെ FBയിലെ പേര് 'വാക്കോ കിഡ് ജോ' എന്നാണ്. ഹോ! ഇവന്റെ ഒക്കെ ഒരു ടൈം. 6 വയസ്സ് ഒള്ളപ്പോ ഞാന്‍ മാങ്ങക്ക് കല്ല് എറിഞ്ഞു നടക്കുവായിരുന്നു. കാലം പോയ പോക്കേ!. അല്ലേലും ഇപ്പൊ ഫേസ്ബുക്കിനു പണ്ടത്തെ അത്ര സെക്യൂരിറ്റി ഇല്ല. ഇപ്പൊ ബന്ധുക്കളും, അയലോക്കക്കാരും എല്ലാം ഫ്രെണ്ട്സ് ലിസ്റ്റില്‍ ഉണ്ട്. അത് കൊണ്ട് നമ്മള്‍ എന്തെങ്കിലും ഫേസ്ബുക്കില്‍ എഴുതുന്നതിനു മുന്നേ ക-യും മ-യും ഫ-യും ഒന്നുമില്ല എന്ന് ഉറപ്പു വരുത്തണ്ടേ? കഴിഞ്ഞ തവണ നാട്ടിലോട്ടു വിളിച്ചപ്പോ വല്യമ്മച്ചീടെ കൂടെ 1930 ഇലോ മറ്റോ ഉസ്കൂളില്‍ പഠിച്ച ഏതോ കുട്ടി (ഇപ്പൊ അമ്മച്ചി ആയി ) ഫേസ്ബുക്കില്‍ ആഡ് ചെയ്ത കഥ ഒക്കെ വല്യമ്മച്ചി പറഞ്ഞു കേള്‍പ്പിച്ചിരുന്നു. എന്തിനേറെ പറയുന്നു, നാട്ടിലെ പറമ്പില്‍ തേങ്ങ ഇടാന്‍ വരുന്ന പാക്കരന്‍ ചേട്ടന് വരെ FB അക്കൗണ്ട്‌ ഒണ്ട്.

എന്തൊക്കെ കുറ്റം പറഞ്ഞാലും, FB കൊണ്ട് ഒരു ഗുണം ഉണ്ട് കേട്ടോ...നാട്ടില്‍ നടക്കുന്ന കല്യാണങ്ങള്‍ ഒക്കെ ഇപ്പൊ ഫേസ്ബുക്ക്‌ വഴി ആണ് അറിയുന്നത്. നമ്മളും നമ്മുടെ സഹപാഠികളും എല്ലാം ഹൗസ് ഫുള്‍ (പുര നിറഞ്ഞു) ആയി നില്‍ക്കുന്ന ഒരു സമയമാണിപ്പോള്‍. അത് കൊണ്ട് ദിവസം മിനിമം ഒന്നോ രണ്ടോ കല്യാണമെങ്കിലും നടന്നിരിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്രോട്ടോക്കോള്‍ പ്രകാരം, കല്യാണ ഫോട്ടോയില്‍ ചെക്കനും പെണ്ണും ഒരുമിച്ചു നില്‍ക്കുന്നത് കണ്ടാല്‍ കരിവിളക്കും നിലവിളക്കും ഒരുമിച്ചു വെച്ചത് പോലെ തോന്നിയാല്‍ പോലും , നമ്മള്‍ ചെന്ന് 'ലൈക്‌' ബട്ടണില്‍ ഞെക്കി , 'ഓ സച്ചേ ബ്ലണ്ടര്‍ഫുള്‍ ഗപ്പിള്‍' എന്നും വില്ല്സിന്റെ റ്റാഗ് ലൈന്‍ പോലെ 'മേട് ഫോര്‍ ഈച് അതര്‍' എന്നും മറ്റും എഴുതണം. ഇനി ചെക്കനും പെണ്ണും ഹിന്ദിക്കാര്‍ ആണെങ്ങില്‍ 'റബ് നെ ബനാ ദി ജോഡി' (വേണേല്‍ നമ്മളും മോഡേണ്‍ ആണെന്ന് അറിയിക്കാന്‍ വേണ്ടി 'മൈ നെയിം ഈസ്‌ ഖാന്‍' എന്നും എഴുതാവുന്നതാണ്) എന്നൊക്കെ ചെന്ന് എഴുതണം . സമ്പത്ത് കാലത്ത് തൈ പത്തു നട്ടാല്‍, ആപത്തു കാലത്ത് കാപത്തു (ഈ കാപത്തു എന്താ സംഭവം എന്ന് ഇനിയും കണ്ടുപിടിക്കാന്‍ നമ്മുടെ മെഡിക്കല്‍ സയന്‍സിനു കഴിഞ്ഞിട്ടില്ല) തിന്നാം എന്നാണല്ലോ പഴമൊഴി. അതിനാല്‍ ഇപ്പൊ കുറെ നല്ല കമന്റ്‌ ഒക്കെ ഇട്ടാല്‍ , നമ്മളും എന്നെങ്കിലും കെട്ടുമ്പോള്‍, ആള്‍ക്കാര്‍ വന്നു 'ഓ സച്ചേ ബ്ലണ്ടര്‍ഫുള്‍..." സുനാപ്പി എഴുതും. അല്ലേല്‍ വെല്ലോനും വന്നു 'ദാസാ ഏതാ ഈ അലവലാതി' എന്നൊക്കെ കമന്റ്‌ ഇട്ടാല്‍ എല്ലാം പോയില്ലേ? അത് പോലെ തന്നെ മറ്റുള്ളവരുടെ പ്രൊഫൈല്‍ പടത്തില്‍ ചെന്ന് "യൂ ലൂകിംഗ് ബേബ് അല്ലെങ്ങില്‍ ബോംബ്‌" (മാലപ്പടക്കം, അമിട്ട് തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നവ ആണെങ്കിലും, പൊതുവായി ഉപയോഗിച്ച് കണ്ടിട്ടില്ല) എന്നൊക്കെ ഇട്ടാല്‍, നമുക്കും തിരിച്ചു ഒന്നോ രണ്ടോ "യൂ ലൂകിംഗ് ഹങ്ക് അല്ലെങ്കില്‍ ഫങ്ക് " ഒക്കെ കിട്ടിയേക്കാം. ഇനി അഥവാ ആരും തിരിഞ്ഞു നോക്കിയില്ലെങ്കില്‍, കുഞ്ഞുന്നാളില്‍ വള്ളിനിക്കറും ഇട്ട്, മൂക്കള ഒലിപ്പിച്ച് നടന്ന പ്രായത്തിലെ രണ്ടു മൂന്നു പടങ്ങള്‍ സ്കാന്‍ ചെയ്തു ഇടുക. അതില്‍ എല്ലാരും വീഴും. മൂന്നു തരം. ചുരുക്കി പറഞ്ഞാല്‍ ഫേസ്ബുക്കിലെ നമ്മുടെ ഓരോ പ്രവര്‍ത്തികള്‍ക്കും വ്യക്തമായ പ്ലാനിംഗ് ഉണ്ടാവണം.

(തുടരും)

ഓര്‍ക്കുട്ടും ഫേസ്ബുക്കും പിന്നെ ഞാനും (എപ്പിഡോസ് 1)

വീണ്ടും ഒരു തിങ്കളാഴ്ച. പത്തു പന്ത്രണ്ട് മണിക്കൂര്‍ നീണ്ട കുംഭകര്‍ണ സേവക്കു ശേഷം ഞാന്‍ മെല്ലെ കണ്ണ് തുറന്നു. ഒച്ച ഉണ്ടാക്കിയതിനു അലാറം എടുത്തു വലിച്ചു എറിഞ്ഞതായി ചെറുതായി ഓര്‍ക്കുന്നു. ഇനി അത് എവിടെയാണെന്ന് തപ്പാന്‍ കണ്ണട വേണം. ഒന്നാം ലോക മഹാ യുദ്ധം കഴിഞ്ഞ പോലെ ആണ് മുറിയുടെ കിടപ്പ്...ഇവിടെ നിന്നും ഒരു കണ്ണട തപ്പി എടുക്കുക എന്ന് പറഞ്ഞാല്‍ അത്ര നിസ്സാര കാര്യമല്ല. അതുകൊണ്ട് കണ്ണട തപ്പല്‍ പിന്നത്തേക്ക് മാറ്റി വച്ചിട്ട്, ഞാന്‍ തപ്പിത്തടഞ്ഞ്, മുന്നാറിലെ JCB യെ പോലെ വഴിയില്‍ ഉള്ളതെല്ലാം ഇടിച്ചു നിരത്തിക്കൊണ്ട്‌ ലാപ്‌ടോപ്പിന്‍റെ അടുത്തേക്ക് നടന്നു . സ്കൂളില്‍ ഒക്കെ പഠിക്കുന്ന സമയത്ത്, തിങ്കളാഴ്ച എന്ന് വെച്ചാല്‍ ഒരു പേടിസ്വപ്നം ആയിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ വീട്ടിലെ അന്തരീക്ഷം ശോകമൂകം ആവും...കൃത്യമായി പറഞ്ഞാല്‍ ദൂരദര്‍ശനില്‍ മലയാള സിനിമ കഴിഞ്ഞ്, 6.30 ക്ക് 'ഡെന്‍വര്‍ ദി ലാസ്റ്റ് ഡൈനസോര്‍' കഴിയുന്ന ഉടന്‍. ഒരു ലോഡ് ഹോംവര്‍ക്ക്‌ ചെയ്യാന്‍ ഉണ്ടെന്ന തിരിച്ചറിവും, അതിന്റെ കൂടെ ഇടി വെട്ടിയവന്റെ തലയില്‍ പാമ്പ് വേലായുധന്‍ കടിച്ചു എന്നാ മട്ടില്‍ ഒരു പവര്‍ കട്ടും!! മൊത്തത്തില്‍ ഒരു വിനയന്‍ സിനിമ കാണുന്ന പോലെ വേദനാജനകം ആയിരുന്നു ഞായറാഴ്ച വൈകുന്നേരങ്ങള്‍. തിങ്കളാഴ്ച സ്വാഭാവികമായും താമസിച്ചു എഴുന്നേല്‍ക്കും, അത് കൊണ്ട് തന്നെ സ്കൂള്‍ ബസ്‌ മിസ്സ്‌ ആവും. പിന്നെ അച്ഛന് പണി ആണ്. എന്നേം കൊണ്ട് സ്കൂട്ടറില്‍ സ്കൂള്‍ ബസ്സിനെ ഫോളോ ചെയ്യണം. പൂജപ്പുര നിന്നും മരുതംകുഴി വരെ ചെയിസ് ചെയ്ത്, ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത്, അച്ഛന്‍ വണ്ടി കുറുകെ നിര്‍ത്തുന്നതോടെ , ഞാന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ സ്ലോ മോഷനില്‍ ഇറങ്ങി, ആവശ്യമുള്ള മ്യൂസിക്‌ ഒക്കെ സ്വയം പ്ലേ ചെയ്ത്, ബസ്സില്‍ കയറും. ഹാ, അതൊക്കെ ഒരു കാലം...മണ്ടേ മോര്‍ണിംഗ് ബ്ലൂസിന്റെ കാലം . ഇപ്പൊ പണ്ടത്തെ പോലെ മണ്ടേ മോണിംഗ് ബ്ലൂസ് ഒന്നുമില്ല . വീക്ക്‌ ഡേ ആയാലും വീക്കെണ്ട് ആയാലും, ഓണം വന്നാലും താങ്ക്സ്ഗിവിംഗ് വന്നാലും മിസ്റ്റര്‍ കോരന്‍സ് കുമ്പിളില്‍ റൈസ് സൂപ്പ് എന്ന് പണ്ടാരോ പറഞ്ഞ പോലെയാണ് കാര്യങ്ങള്‍. മനുഷ്യരോടൊക്കെ ഒന്ന് നേരിട്ട് മിണ്ടിയിട്ടു എത്ര കാലമായി!...ഇപ്പൊ വര്‍ച്ച്വല്‍ യുഗമല്ലേ? ഫോണും സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങും ഒക്കെയാണ് പുറം ലോകവുമായി ആകെ ഉള്ള ബന്ധം. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മടെ തോമസ്‌ ഹാര്‍ഡി അച്ചായന്റെ പൊസ്തകത്തിന്റെ പേര് പോലെ ആണ് ഇപ്പോഴത്തെ ഒരവസ്ഥ - 'ഫാര്‍ ഫ്രം ദി മാഡിംഗ് ക്രൌഡ് '. മലയാളത്തില്‍ ട്രാന്‍സ്പോര്‍ട്ട് ചെയ്ത് പറഞ്ഞാല്‍ , മാടി വിളിക്കുന്ന ജനക്കൂട്ടത്തില്‍ നിന്നും വളരെ അകലെ...കിലോമീറ്റര്‍സ് ആന്‍ഡ്‌ കിലോമീറ്റര്‍സ് എവേ.

ലാപ്‌ടോപ്പിന്റെ മൂട്ടില്‍ നിന്നും കണ്ണട കിട്ടി. അതെടുത്തു മൂക്കത്ത് ഫിറ്റ്‌ ചെയ്തു, ഒരു നിമിഷം പോലും വൈകാതെ ജീ-മെയില്‍ , ഓര്‍ക്കുട്ട് , ഫേസ്ബുക്ക്‌ , ട്വിറ്റെര്‍ , ഫ്ലിക്കര്‍ , പിക്കാസ, കോടാലി എന്നിവയില്‍ എല്ലാം നിരത്തിപ്പിടിച്ചു ലോഗിന്‍ ചെയ്തു...പ്രഭാത കര്‍മങ്ങള്‍ എന്നാല്‍ ഇവയൊക്കെയാണ് ഇപ്പോള്‍. പല്ല് തേച്ചില്ലെങ്ങിലും സാരമില്ല, ബാക്കി ഉള്ളവരുടെ ഒക്കെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയണ്ടേ? സ്വന്തം ജീവിതം കോഞ്ഞാട്ട ആയിട്ട് എങ്ങോട്ട് ആണ് പോവുന്നത് എന്ന് വല്യ പിടിയില്ല, എങ്കിലും മലയാളിയുടെ രക്തമല്ലേ ദേഹത്ത് ഓടുന്നത്? അപ്പോള്‍ വല്ലവന്‍റെയും കാര്യത്തില്‍ ശ്രദ്ധ കൂടും. ഓര്‍ക്കുട്ടില്‍ ലോഗിന്‍ ചെയ്തു...ശൊ! പണ്ട് ആനയും അമ്പാരിയും അംബാനിയും ഒക്കെ ഉണ്ടായിരുന്ന ഒരു തറവാട് ക്ഷയിച്ച പോലെയാണ് എന്‍റെ ഓര്‍ക്കുട്ട് അക്കൌണ്ടിന്റെ അവസ്ഥ. ഒരുകാലത്ത് ദിവസം 10-50 സ്ക്രാപ്പ് വന്നിരുന്നതാ...ഇപ്പൊ 3-4 ആഴ്ച കൂടുമ്പോ ആരേലും ഒരു സ്ക്രാപ്പ് ഇട്ടാലായി. വല്ലപ്പോഴും ഏതേലും ബ്രസീലിയന്‍ സുന്ദരികള്‍ 'ഞാന്‍ നിന്നെ ദത്ത് എടുത്തോട്ടെ രാജകുമാരാ? ' എന്ന് ചോദിച്ചു സ്ക്രാപ്പ് ഇട്ടാലോ, ഫ്രാണ്ട്ഷിപ് റിക്വസ്റ്റ് അയച്ചാലോ മാത്രമാണ് ഒരാശ്വാസം . പക്ഷെ ശരിക്കും ബ്രസീലിയന്‍ ആണോ അതോ കുംബളങ്ങയില്‍ ഉള്ള വല്ല അലവലാതിയുടെയും ഫെയ്ക്ക് പ്രൊഫൈല്‍ ആണോ എന്നറിയാതെ ധൈര്യമായി അക്സെപ്റ്റ് ചെയ്യാന്‍ പറ്റുമോ? അതുമില്ല. ഓര്‍കുട്ടിന്റെ ആകെ ഉള്ള ഗുണം എന്താണെന്നു വെച്ചാല്‍ നമ്മുടെ പേരിലും പത്തമ്പത് ഫാന്‍സ്‌ ഉണ്ടാവും എന്നുള്ളതാണ്. ഇക്കാലത്ത് ഒരു ഫാന്‍സ്‌ അസോസിയേഷന്‍ കൈയ്യില്‍ ഉള്ളത് നല്ലതാണ്. സുകുമാര്‍ അഴീകോടിനെ പോലെ ആരേലും നമുക്കെതിരായി കണാകുണാ വര്‍ത്തമാനം പറഞ്ഞാല്‍ ഫാന്‍സിനെ വിട്ട് അങ്ങേരെ തല്ലുകയോ, അങ്ങേരുടെ കോലം കത്തിക്കുകയോ ഒക്കെ ചെയ്യാല്ലോ? സുഹൃത്തുക്കള്‍ എല്ലാവരും തന്നെ ഫേസ്ബുക്കിലേക്ക് ചേക്കേറിയിട്ട് വര്‍ഷം 3 ആയി. ഓര്‍ക്കുട്ടില്‍ ജോയിന്‍ ചെയ്തിട്ട് 6 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് വേണ്ടി ഗൂഗിള്‍ പെന്‍ഷന്‍ പദ്ധതിയോ വെല്ലോം നടപ്പാക്കിയാല്‍ മിസ്സ്‌ ആവണ്ട എന്നോര്‍ത്ത് മാത്രം നമ്മള്‍ കടിച്ചു തൂങ്ങി കിടക്കുന്നുവെന്നെ ഉള്ളു...അതിമോഹം ആണെന്ന് അറിയാം, പക്ഷെ സലിം കുമാര്‍ പറയുന്ന പോലെ, 'ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ'? ബിരിയാണിയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്‌...ഉച്ചക്ക് കൊണ്ട് പോവാന്‍ ഉള്ള ഫുഡ്‌ ഒന്ന് ചൂടാക്കണം. ഇന്നലെ ഉണ്ടാക്കിയ മീന്‍ അവിയലും സാമ്പാറും ഒന്നെടുത്ത് അടുപ്പത്ത് വെക്കട്ടെ.

(തുടരും)