Friday, March 22, 2013

ഒരു പായസം ഉണ്ടാക്കിയ കഥ


1989 ഓഗസ്റ്റ്‌

അങ്ങനെ ഒന്നാം ക്ലാസ്സിൽ രണ്ടു മാസം തികച്ചു. ഇത് വരെയുള്ള പോക്ക് വെച്ച് നോക്കിയിട്ട് ജീവിതത്തിലെ നല്ല കാലം ഒക്കെ  കഴിഞ്ഞെന്നാ തോന്നുന്നത്. മൂക്കള ഒലിപ്പിച്ച്, വള്ളി നിക്കറും ഇട്ട്, നാരങ്ങ മുട്ടായിയും നുണഞ്ഞു കൊണ്ട്  വായിന്നോക്കി നടക്കാൻ ഒന്നും ഇനി പറ്റുമെന്ന് തോന്നുന്നില്ല. വീട്ടിൽ ആണെങ്കിൽ  'അവൻ കുഞ്ഞല്ലേ' എന്ന കണ്സിഡറേഷൻ  ഒന്നും ഇപ്പൊ കിട്ടുന്നില്ല. സ്കൂളിൽ ആണെങ്കിലും ഫയങ്കര സ്‌ട്രെസ് ആണ്. 'ബാ ബാ ബ്ലാക്ക്‌ ഷീപ്' ചൊല്ലാൻ  പറഞ്ഞപ്പോൾ  ബബ്ബബ്ബ  എന്ന് പറഞ്ഞതിന് കിട്ടിയ തല്ലിന്റെ പാട് ഇനിയും പോയിട്ടില്ല. സ്കൂളിലേക്ക് ഉള്ള പോക്കും ശരിയാവുന്നില്ല. ഒരു  ചൊടാക്ക്  അംബാസിഡർ കാറിൽ ഡ്രൈവെറിന്റെ  തൊട്ട് സൈഡിൽ  ഉള്ള  നാലിഞ്ചു സ്ഥലം  ആണ് നമുക്ക് ഭാഗം വെച്ച് കിട്ടിയത്. ഡ്രൈവർ ഓരോ  തവണ  ഗിയർ മാറ്റുമ്പോഴും എന്റെ പള്ളക്ക് ഓരോ കുത്ത് കിട്ടും. മൊത്തത്തിൽ കലിപ്പാണ്‌. വടക്കേലെ ഉണ്ണിക്കുട്ടനെ പോലെ UKG ഇൽ അങ്ങ് തോറ്റ് ഇരുന്നാൽ മതിയായിരുന്നു.

"ഡാ...എന്തുവാടാ രാവിലെ സ്വപ്നം കണ്ടോണ്ടിരിക്കുന്നത്? നിന്റെ അടുത്ത് ആ മിൽമാ ബൂത്തിൽ നിന്നും ഒരു കവർ പാല്  മേടിച്ചോണ്ട് വരാൻ പറഞ്ഞിട്ട് എത്ര നേരം ആയി?" അച്ഛൻ അലറലോടലറൽ.
'അത് പിന്നെ...'
"നിന്റെ ഒക്കെ പ്രായത്തിൽ, ഞാൻ 5 മൈൽ നടന്നു പോയി അരിയും പച്ചക്കറിയും ഒക്കെ മേടിച്ചോണ്ട് വരുമായിരുന്നു. അല്ല, ഇതിപ്പോ ആരോട് പറയാൻ. നിന്നെ ഒക്കെ വളർത്തുന്ന സമയം കൊണ്ട് നാല് വാഴ വെച്ചിരുന്നെങ്കിൽ..."

ഇതിപ്പോ ഈ ആഴ്ച നാലാം തവണയാണ് വാഴ സ്റ്റോറി കേൾക്കെണ്ടി വരുന്നത്. ചിലപ്പോ വാഴയ്ക്ക് പകരം തെങ്ങ് വെക്കുന്ന കാര്യം സൂചിപ്പിക്കാറുണ്ട്, പക്ഷെ എല്ലാത്തിന്റെയും ക്ലൈമാക്സ്‌ ഒന്ന് തന്നെ.

എന്തായാലും ജീവിതം കോഞ്ഞാട്ട ആയി ഇരിക്കുവാണ്. ഇനി ഇപ്പൊ ചുമ്മാ വഴിയെ പോവുന്ന അടി കൂടി മേടിച്ച് കൂട്ടണ്ട എന്നോർത്ത് ഞാൻ പോയി പാല് മേടിച്ചോണ്ട് വന്ന് അമ്മയുടെ കൈയ്യിൽ കൊടുത്തു.

"ഹാപ്പി ബെർത്ത്‌ഡേ ഉണ്ണിക്കുട്ടാ!" അമ്മ ഒരു പാല്പ്പുഞ്ചിരിയോടെ പറഞ്ഞു.

ഞാൻ ഒന്ന് പുറകോട്ടു തിരിഞ്ഞു നോക്കി. ആരുമില്ല. അപ്പൊ ഇനി എന്നോടാണോ? ഇനി ഇന്നോ മറ്റോ ആണോ എന്റെ ബെർത്ത്‌ഡേ? കലണ്ടർ നോക്കിയപ്പോ സംഭവം  ശരിയാണ്. കോളടിച്ചു...ബെർത്ത്‌ഡേ പ്രമാണിച്ച് രാവിലെ പുട്ടും പയറും അല്ലെങ്കിൽ പൂരി മസാല അതും അല്ലെങ്കിൽ അപ്പോം സ്റ്റൂവും അങ്ങനെ എന്തെങ്കിലും കാണാതെ ഇരിക്കില്ല. ഞാൻ വീണ്ടും അടുക്കളയിലേക്കു ഓടി ചാടി ചെന്നു.

"അമ്മേ രാവിലെ തിന്നാൻ എന്തുവാ?"
"ഇഡലി"
ഞാൻ desp ആയി. 'അമ്മേ, പൂജപ്പുര ജയിലിൽ വരെ ഇപ്പൊ ചപ്പാത്തി ഒക്കെയാണ് കൊടുക്കുന്നത്'
"ഇഡലി വേണ്ടെങ്കിൽ ഇന്നലത്തെ ഉപ്പുമാവ് ഇരിപ്പൊണ്ട്‌...അതും പഴവും തരാം"

ബെസ്റ്റ്. ഇതിപ്പോ പാറ്റ ഗുളിക ഇഷ്ടം അല്ലെങ്കിൽ എലി വിഷം ഇരിപ്പൊണ്ട്‌ എന്ന് പറഞ്ഞ മാതിരി ആയല്ലോ! ഞാൻ മനസ്സില് ഓർത്തു.

'ഓക്കേ ഇഡലി എങ്കിൽ ഇഡലി...പക്ഷേ സേമിയാ പായസവും വേണം'
"രാവിലെയോ?"
'പിന്നല്ലാതെ. ഇന്ന് ബെർത്ത്‌ഡേ അല്ലെ?'

അമ്മക്ക് വീട്ടിലെ ജോലികളൊക്കെ തീർത്തിട്ട് ആപ്പീസിൽ പോവാൻ ഉള്ളതാ. പക്ഷെ അത് വെല്ലോം നമുക്ക് അറിയേണ്ട കാര്യം ഉണ്ടോ? 2-3 പാത്രങ്ങൾ ഒക്കെ എടുത്ത് എറിഞ്ഞ് അലമ്പുണ്ടാക്കിയപ്പോൾ അമ്മ സഹികെട്ട് സമ്മതിച്ചു.
പായസം ഉണ്ടാക്കാൻ ഉള്ള പരിപാടികൾ ഒക്കെ പകുതി വഴി ആയപ്പോൾ ആണ് ആ ഞെട്ടിപ്പിക്കുന്ന വിവരം അമ്മ പറഞ്ഞത്.

"എടാ പായസത്തിൽ ഇടാൻ ഉള്ള ചൌവ്വരി തീർന്ന് പോയല്ലോ"
'ങേ അതൊരു മന്ത്രി  അല്ലേ?' ഞാൻ വളരെ ജെനുവിൻ ആയി ചോദിച്ചു.
"ചൌധരി അല്ല ..ചൌവ്വരി"
'അതെന്തുവാ?'
"ആ ചെറിയ വെളുത്ത ഉണ്ടകൾ"
'ഓ അതിന്റെ പേര് അങ്ങനെ ആയിരുന്നോ? അത് വേണം. അതില്ലാതെ എന്ത് പായസം?' ഞാൻ വിനീതനായി മൊഴിഞ്ഞു.
"എന്നാൽ കടയിൽ നിന്ന് മേടിക്കണം, പക്ഷെ  അച്ഛൻ നടക്കാൻ പോയല്ലോ. ഇനി വരാൻ സമയം എടുക്കും"

ഇത് തന്നെ എന്റെ ഉത്തരവാദിത്തബോധം തെളിയിക്കാൻ പറ്റിയ ചാൻസ് എന്ന് തിരിച്ചറിഞ്ഞ ഞാൻ അപ്പോൾ തന്നെ കടയിൽ പോവാം എന്ന് വോളണ്ടിയർ ചെയ്തു.

"ഉറപ്പാണോ?" അമ്മക്ക് ഒരു വിശ്വാസക്കുറവു പോലെ.
'ഞാൻ  എന്താ കുഞ്ഞു വാവയാ? അമ്മ കാശ് താ. അച്ഛൻ ഒക്കെ ഈ പ്രായത്തിൽ എന്തോരം മൈൽ....'
"ആ മതി...ഇന്നാ പിടിച്ചോ പത്തു രൂപ. ഒരു  കാൽക്കിലോ മേടിച്ചോ. സാധനത്തിന്റെ പേര്  കുറിച്ച്  തരണോ?"
'വേണ്ട. അതൊക്കെ  ഞാൻ  ഓർത്തിരുന്നൊളാം' അല്പം അഹങ്കാരവും കലർന്ന സ്വരത്തിൽ ഞാൻ പറഞ്ഞു.

മുഖത്ത് കുട്ടിക്കൂറ പൌഡർ ഒക്കെ തേച്ച്, തലമുടി ഒരു സൈഡിൽ വര ഇട്ട് ഒതുക്കി, കുട്ടപ്പനായി ഞാൻ പുറത്തേക്കു ഇറങ്ങി. കടയിലേക്ക് കുറച്ചു നടക്കാനുണ്ട്. അപ്പുറത്തെ സ്വാമി അങ്കിളിന്റെ വീട്ടിൽ നിന്ന് 'കൗസല്യാ സുപ്രജാ' കേൾക്കാം. ഇപ്പുറത്ത് കുട്ടന്റെ വീട്ടിൽ ഇന്ന് പുട്ടും പയറും ആണെന്ന് തോന്നുന്നു. എന്താ മണം! പുറത്താണെങ്കിൽ കിളികളുടെ കളകളാരവം. മീൻ വിലക്കാൻ വരുന്ന ചേട്ടന്മാരുടെ സൈക്കിൾ ബെല്ലിന്റെയും ഹോണിന്റെയും ഒച്ച വേറെ. വെളുപ്പിന് ചെറുതായി ഒന്ന് മഴ ചാറിയതിന്റെ ഒരു തണുപ്പൊക്കെ ഉണ്ട്. ചുരുക്കത്തിൽ വയസ്സാംകാലത്ത് നമ്മളെ നൊസ്റ്റാൾജിയ അടിപ്പിക്കാൻ പാകത്തിലുള്ള കുറേ ഐറ്റംസ് കൊണ്ട് സമ്പുഷ്ട്ടമായ ഒരു പ്രഭാതം. റോഡ്‌ പണിക്കു വന്ന  അണ്ണാച്ചിമാരോട് കുശലമൊക്കെ പറഞ്ഞും, വഴിയിൽ ചെളിവെള്ളം കെട്ടി കിടന്ന സ്ഥലങ്ങൾ ഒന്നും വിടാതെ ചവുട്ടി ചെരിപ്പൊക്കെ വൃത്തികേടാക്കിയും, മതിലിൽ ഒട്ടിച്ചിരുന്ന ചിത്രത്തിന്റെ പോസ്റ്ററിലെ ലാലേട്ടനെ നോക്കി കണ്ണിറുക്കി കാണിച്ചും, കണ്ട മരത്തേലൊക്കെ  കല്ല്‌ എറിഞ്ഞും അവസാനം ഒരു വിധത്തിൽ കടയിൽ എത്തി. ഷർട്ടിന്റെ പോക്കറ്റിൽ തപ്പിയപ്പൊ ഒന്ന് ഞെട്ടി. കാശ് കാണാനില്ല. പുല്ല്! ഇന്ന് ഞാൻ നിന്ന് മേടിച്ചത് തന്നെ. വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത്  പോക്കറ്റിൽ ഇട്ടിട്ട് ഇപ്പൊ പാമ്പിനെ കാണുന്നുമില്ല. വേറെ വഴിയില്ലാത്തത് കൊണ്ട് വന്ന വഴി തന്നെ കാശ് തപ്പി തിരിച്ചു നടക്കാൻ തുടങ്ങി.

"താഴെ എന്തോ  തപ്പി  നടക്കുവാടാ? കഞ്ഞി  കുടിക്കാൻ പ്ലാവില നോക്കുവാണോ?"
മനുഷ്യൻ  ഇവിടെ  തീ  തിന്നു  ഇരിക്കുമ്പോഴാ മുറുക്കാൻ കടയിലെ അമ്മൂമ്മയുടെ  കുശലാന്വേഷണം!
'ഇല്ല  അമ്മൂമ്മേ...കാശ്  തപ്പുവാ'
"ആഹാ ഇപ്പൊ കാശ് നിലത്തും കിളിച്ചു തുടങ്ങിയോ? അതോ പണം കായ്ക്കുന്ന മരം വെല്ലോം നിന്റെ അപ്പൻ ഇവിടെ നട്ടു  വെച്ചിട്ടുണ്ടോ?"

ഞാൻ ഒന്നും മിണ്ടാൻ പോയില്ല. തലയൊക്കെ കറങ്ങുന്ന പോലെ തോന്നുന്നു. എല്ലായിടത്തും നോക്കി, പക്ഷെ കാശ് മാത്രം കണ്ടില്ല. ഇനി ഇപ്പൊ വീട്ടിലേക്കു തിരിച്ചു നടക്കുകയെ നിവൃത്തിയുള്ളൂ. കൈയും കാലുമൊക്കെ നല്ലോണം സ്ട്രെച് ചെയ്ത്, അടി മേടിക്കാൻ ഉള്ള ഒരുവിധം തയ്യാറെടുപ്പുകൾ ഒക്കെ നടത്തി, ഞാൻ വീട്ടില് തല കാണിച്ചു.

"എവിടെ പോയി കിടക്കുവായിരുന്നെടാ ഇത്രേം നേരം? ഞാൻ ഓർത്തു വല്ല പിള്ളേര് പിടുത്തക്കാരും പിടിച്ചോണ്ട് പോയെന്ന്. അല്ലാ, കൈയ്യിൽ പൊതി ഒന്നും കാണുന്നിലല്ലോ?"
'അത്  പിന്നെ...'
"എന്താടാ നിന്ന് ചിണുങ്ങുന്നത്?"

എന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി. കുറ്റബോധം തോന്നിക്കഴിഞ്ഞാൽ നമ്മൾ എന്തോ യന്ത്രം ആവുമെന്നണല്ലോ ലാലേട്ടൻ പറഞ്ഞത്.
'കാശ്...കാശ് കളഞ്ഞു പോയി  അച്ഛാ'
"എവിടെ  കളഞ്ഞു  പോയെന്ന്? ആരെങ്കിലും  തട്ടിപ്പറിച്ചോ?"

ഞാൻ ഒന്നും മിണ്ടാതെ നമ്രത ശിരൊധ് ...ഛെ നമ്രശിരസ്കൻ ആയി  നിന്നു. അച്ഛൻ സ്ലോ മോഷനിൽ എഴുന്നേറ്റു...ഞാൻ തല്ലു കൊള്ളാൻ  റെഡി ആയി നിന്നു.

അടുത്ത് വന്ന് തലയിൽ തടവിയിട്ടു അച്ഛൻ പറഞ്ഞു: "അയ്യേ  ഇതിനാണോ നീ ഇത്രേം വിഷമിച്ചത്. ഇതാ 10 രൂപ. നീ പോയി മേടിച്ചോണ്ട് വാ. ഇത്തവണ സൂക്ഷിക്കണം കേട്ടോ"

എനിക്ക് മനസ്സിലായില്ല. അപ്പൊ അടി ഇല്ലേ? ഈ മുതിർന്നവരെ  മനസ്സിലാക്കാൻ വല്യ പാടാണ്. അടി കിട്ടും എന്ന് ഉറപ്പുള്ള സമയത്തൊന്നും അടി  കിട്ടൂല്ല. പ്രതീക്ഷിക്കാതെ ഇരിക്കുമ്പോ ചടപടാന്ന് വെച്ച് പൊട്ടിക്കുകയും ചെയ്യും.
എന്തായാലും  മുഖമൊക്കെ  തുടച്ച് ഞാൻ രണ്ടാം അങ്കത്തിന് തയ്യാറെടുത്തു. ഇത്തവണ കാശ് കൈയ്യിൽ തന്നെ മുറുക്കിപ്പിടിച്ച്‌,  അറ്റൻഷൻ ആയി, ഒരു സ്ട്രെയിറ്റ് ലൈനിൽ കടയിലേക്ക് നടന്നു. കടയിൽ എത്തിയിട്ടാ ശ്വാസം ഒന്ന് നേരെ വീണത്‌. പക്ഷെ ഇത്തവണ പുതിയ ഒരു അക്കിടി പറ്റി - ഇത്രേം ഇമോഷണൽ ഡ്രാമ കഴിഞ്ഞപ്പോഴേക്കും ഞാൻ മേടിക്കാൻ വന്ന സാധനത്തിന്റെ പേര് മറന്നു പോയി.

"മോന് എന്താ വേണ്ടേ?" കടക്കരാൻ ചേട്ടൻ സ്നേഹത്തോടെ ചോദിച്ചു.
ഞാൻ നിന്നു പരുങ്ങി...എത്ര ഓർത്ത് എടുക്കാൻ നോക്കിയിട്ടും പേര് കിട്ടുന്നില്ല.
'ചേട്ടാ, സാധനത്തിന്റെ പേര് മറന്നു പോയി. ഒരു അരി ആണ്...'ച' വെച്ചാ പേര് തുടങ്ങുന്നേ'

"ചമ്പാവരി ആണോ?" അശ്വമേധം പരിപാടിയിലെ അളിയനെ പോലെ ചേട്ടായി ചോദ്യങ്ങൾ തുടങ്ങി.
'ആണോ?' ഞാൻ ചോദിച്ചു
"എനിക്കറിയാവോ?" ചേട്ടന് ശകേലം ദേഷ്യം വരുന്നുണ്ടോ എന്നൊരു സംശയമില്ലാതില്ല.
'ആയിരിക്കണം. അങ്ങനെ തന്നെ ആണ് അമ്മ  പറഞ്ഞത്'
"എത്ര കിലോ വേണം?"
'കാൽക്കിലോ'
"അത്രേം ചമ്പാവരി മതിയോ?"
'അതൊക്കെ മതി, വേഗന്ന് വേണം ചേട്ടാ'

അങ്ങനെ യുദ്ധം ജയിച്ച്, എതിരാളിയുടെ തലയും അറുത്ത് തച്ചോളി ഒതേനൻ വരുന്ന പോലെ ഞാൻ പൊതിയും പിടിച്ചു വീട്ടിൽ എത്തി. അമ്മയും അച്ഛനും ആകാംഷയോടെ മുറ്റത്ത്‌ നില്പ്പുണ്ടായിരുന്നു.

"ഇപ്പൊ തന്നെ ഒത്തിരി ലേറ്റ് ആയി. ഇങ്ങു താ, പായസം എത്ര നേരമായി അടുപ്പത്ത് ഇരിക്കുവാ. ഇതും കൂടി ഇട്ടാ മതി" അമ്മ  പറഞ്ഞു.
'വേണ്ട. ഞാൻ കഷ്ട്ടപ്പെട്ട്  ബുദ്ധിമുട്ടി മേടിച്ചതല്ലേ, ഞാൻ തന്നെ പായസത്തിൽ ഇടാം അമ്മേ.'
"എന്തേലും ആവട്ടെ...പെട്ടന്ന് വേണം"

ഞാൻ അടുക്കളയിലേക്കു ഓടി ചെന്ന്, പൊതി തുറന്ന് പായസ ചരുവത്തിലേക്ക്  ഒറ്റ കമത്ത്. ചരുവത്തിലേക്ക് നോക്കിയപ്പോൾ എന്തോ എവിടെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റെക്ക് പോലെ. വെളുത്ത ഉണ്ട എന്ന് പറഞ്ഞിട്ട് ഇത് ഒരുമാതിരി ബ്രൌണ്‍ നിറത്തിൽ നീണ്ടിട്ടാണല്ലോ. ചിലപ്പോൾ ഇനി പാലിൽ കിടന്നു വേവുമ്പോ  വെളുത്ത ഉണ്ട ആയിക്കൊളുമായിരിക്കും. എന്തായാലും അമ്മയെ അറിയിച്ചേക്കാം. ഇനി കടക്കരാൻ പറ്റിച്ചതാനെങ്കിലോ?

'അമ്മേ, ഒന്നിങ്ങു വന്നേ' ഞാൻ അലറി.
വന്ന് പായസത്തിന്റെ കോലം  കണ്ട് അമ്മ  കുഴഞ്ഞ് വീണില്ലന്നെ ഉള്ളു.
"നീ  എന്തുവാ മേടിച്ചോണ്ട് വന്നേ?"
'ചമ്പാവരി'
"നിന്റെ അടുത്ത് എന്ത് മേടിക്കാനാ പറഞ്ഞു വിട്ടത്?"
'ചമ്പാവരി അല്ലേ?'
"ചൌവ്വരി അല്ലേ മേടിക്കാൻ പറഞ്ഞെ? ഇനി  ഈ പായസം എന്തിനു  കൊള്ളാം?"
'ശരിയാ ഇപ്പൊ ചെറുതായിട്ട് ഓർമ വരുന്നു. അല്ലാ ഇതിനെ എന്തിനാ അങ്ങനെ വിളിക്കുന്നത്‌? ഇനി അരി പോലെ അല്ലല്ലോ ഇരിക്കുന്നത്?'

"മണ്ടത്തരം കാണിച്ചു കൂട്ടിയിട്ടു നിന്നു പ്രസംഗിക്കുന്നോ? നിന്നെ ഇന്ന് ശരിയാക്കി തരാം" എന്നും പറഞ്ഞു അമ്മ അച്ഛനെ കാര്യങ്ങളുടെ അവസ്ഥ ബോധിപ്പിക്കാനായി പോയി. സംഗതി പന്തികേടാണെന്ന്  തിരിച്ചറിഞ്ഞ ഞാൻ പുറകിലെ  വാതിലിൽ കൂടി ജീവനും കൊണ്ട് ഓടി. അല്ലെങ്കിൽ മീന്പിടുത്തക്കാരനെ കണ്ട ഇറ്റലിക്കാരെ പോലെ എന്നെ ഓണ്‍ ദി സ്പോട്ട് പൊഹച്ചേനെ. അന്നേ ഉള്ള ഒരു ആഗ്രഹം ആയിരുന്നു ചൌവ്വരി കാരണം ജീവിതം കോഞ്ഞാട്ട ആയ ചൌധരി എന്ന് പേരുള്ള ഒരു ബാലന്റെ കഥ അടിസ്ഥാനമാക്കി 'ചൌധരി കീ  (അതോ  ഇനി  കോ ആണോ) കഹാനി' എന്ന  പേരിൽ ഒരു ഹിന്ദി പടം പിടിക്കണം എന്ന്. അതോ നടന്നില്ല...എന്നാൽ പിന്നെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എങ്കിലും കിടക്കട്ടെ :)

Sunday, November 7, 2010

ഒരു സോഫ്റ്റ്‌വെയര്‍ യക്ഷി

"മിസ്റ്റര്‍ ഡീജെ, താന്‍ എന്തുവാ ഈ പാറപ്പുറത്ത് ഓന്ത് ഇരിക്കുന്ന പോലെ മോണിട്ടര്‍ നോക്കി ഇരിക്കുന്നത്? 3 ദിവസം ആയല്ലോ ഡീബഗ് ചെയ്യാന്‍ തുടങ്ങിയിട്ട്? ഇത് വരെ തീര്‍ന്നില്ലേ?" എന്റെ മൊയലാളിയുടെ സ്വരത്തില്‍ അമര്‍ഷവും ദേഷ്യവും തുളുമ്പി നില്‍ക്കുന്നു.
'ഞാന്‍ ഇത് തിന്നുവല്ല..'
"എന്താ?"
'അല്ല സാറേ ഇതൊക്കെ എന്റെ തലയില്‍ കെട്ടി വെക്കുന്നതെന്തിനാ? കോഡ് എഴുതിയ ആ പെണ്ണിനോട് പറഞ്ഞൂടെ ഡീബഗ് ചെയ്യാന്‍?'
"അവള്‍ ഇപ്പൊ വേറെ പ്രൊജെക്റ്റില്‍ അല്ലെ? ഇത് നീ തന്നെ തീര്‍ക്കണം."
'തീര്‍ത്തിട്ട് എന്ത് ഗുണം. "നിങ്ങളില്‍ ആര്‍ക്കാ നല്ലോണം ഷൂ പോളിഷ് ചെയ്യാന്‍ അറിയാവുന്നേ?" എന്നും പറഞ്ഞു പിന്നേം വരുമല്ലോ...എന്ത് മിണ്ടിയാലും ഇല്ലേലും പണി നമ്മുടെ തലയില്‍ തന്നെ കെട്ടി വെക്കുകയും ചെയ്യും.'
"വല്ലതും പറഞ്ഞോ?"
'അല്ല മെമ്മറി ലീക്ക് ചെയ്യുന്നതാണ് പ്രശ്നം എന്ന് പറയുവായിരുന്നു. ലീക്ക് ഫിക്സ് ചെയ്യാന്‍ നോക്കുമ്പോള്‍, കോഡ് കംപയില്‍ ചെയ്യുന്നില്ല. കംപയില്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ലീക്ക് പിന്നേം വരുന്നു. രണ്ടും കൂടി ഫിക്സ് ചെയ്യാന്‍ ആധുനിക സോഫ്റ്റ്‌വെയര്‍ എന്ജിനിയരിങ്ങിനു കഴിവുണ്ടോ എന്നറിയില്ല സാര്‍. രണ്ടില്‍ ഒരാളെ നമുക്ക് ചിലപ്പോള്‍ എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടു എന്ന് വരാം. അല്ലെങ്കില്‍ എന്തെങ്കിലും മിറക്കിള്‍ സംഭവിക്കണം.'
"ഇയാള്‍ എന്തൊക്കെയാ പിച്ചും പേയും പറയുന്നേ? താന്‍ സണ്ണിയെ കാണിച്ചോ കോഡ്?"
'ഇല്ല. എനിക്ക് അങ്ങനെ ഉള്ള പരിഷ്കാരികളെ വല്ല്യ വിശ്വാസം ഇല്ല. ഞാന്‍ തിരുമേനിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ഏതു നിമിഷവും ഇങ്ങു എത്തും.'
"തിരുമേനിയോ? ആരാ അത്?"
'വേറെ ആരാ? സാക്ഷാല്‍ ബ്രഹ്മദത്തന്‍ നമ്പൂതിരി.'

പറഞ്ഞു തീര്‍ന്നില്ല...ഒരു വെളുത്ത അമ്പാസ്സിടര്‍ കാറില്‍ തിരുമേനി എത്തി.

'നമസ്കാരം തിരുമേനി..'
"നമസ്കാരം...നമുക്ക് വടക്ക് ഭാഗത്ത്‌ ഉള്ള ഏതേലും കോണ്‍ഫറന്‍സ് റൂമില്‍ ഇരുന്നു സംസാരിക്കാം. കുടുംബക്ഷേത്രത്തിലെ റിലീസ്‌ ഒക്കെ എത്രത്തോളം ആയി?"
'ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല...വെളുത്ത വാവിന്റെ അന്ന് ഒരു ബഗ് ഫിക്സ് റിലീസും ഉണ്ടായിരുന്നു'
"കൊടുത്തു വിട്ട ചാര്‍ട്ട് പ്രകാരം ഉള്ള ടെസ്റ്റിംഗ് ഒക്കെ?"
'അതും നടക്കുന്നുണ്ട്'
"ഭാഗ്യായി...നിങ്ങളുടെ കോഡിന്റെ കാര്യം ഞാന്‍ പ്രശ്നം വെച്ച് വിശദമായി ഒന്ന് നോക്കുക ഉണ്ടായി. ജാവ അല്ലെ നക്ഷത്രം?..കോടിന് ഇപ്പോള്‍ ദശാസന്ധിയാ...അപ്പോള്‍ റിലീസ്‌ ഷെഡ്യൂളില്‍ ലേശം ഡിലേ ഒക്കെ സ്വാഭാവികം. പക്ഷെ അഷ്ട്ട മംഗല്യത്തിനു പ്രോജെക്റ്റിന്റെ കാര്യം നോക്കിയപ്പോ, ഇത്തിരി ഒന്ന് അന്ധാളിച്ചു. ഇവിടെ ഒരു സെഗ്മെന്റെഷന്‍ ഫോള്‍ട്ട് വരെ ഉണ്ടാവാം എന്നോരവസ്ഥയാ. അത്ഭുതം അവിടെ അല്ല...അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അല്ലാ പരിഭ്രമിക്കണ്ട...ചിലപ്പോ ദൈവാധീനം കൊണ്ട് എല്ലാം ഒഴിഞ്ഞു പോയെന്നും വരാം. ആട്ടെ ആരാ കോഡ് എഴുതിയത്?"
'ഒരു പുതിയ എമ്പ്ലോയീ ആണ് . പേര് ഗംഗ. മുകളിലത്തെ നിലയിലെ തെക്ക് ഭാഗത്ത്‌ ഉള്ള ക്യൂബിലാണ് ഇരിക്കുന്നത്..'
"അപ്പൊ ഞാന്‍ നിരീച്ച പോലെ തന്നെ ആണ് കാര്യങ്ങള്‍"

അപ്പോഴേക്കും സണ്ണി കോണ്‍ഫറന്‍സ് റൂമിലേക്ക്‌ കടന്നു വന്നു...
സണ്ണിയെ കണ്ടതും തിരുമേനിയുടെ മുഖത്ത് ആകെ ഒരു കണ്‍ഫ്യൂഷന്‍.
"എവിടെയോ കണ്ടു മറന്ന പോലെ തോന്നണുണ്ടല്ലോ. കഷ്ട്ടായി...എവിടെ വെച്ചാണെന്ന് മറന്നിരിക്കണൂ. എത്രായിട്ടും അങ്ങട് കിട്ടണില്ല്യ..."
'തിരുമേനി മറന്നു..നമ്മള്‍ തമ്മില്‍ അമേരിക്കയില്‍...'
"ഹയ്! സണ്ണി...ഹമ്പട കേമാ സണ്ണിക്കുട്ടാ. നീ എന്നെ പറ്റിച്ചൂട്ടോ...ഹയ് എന്താ കഥ. നിന്നെ നോം മറക്ക്യെ? ഇവിടെ വെച്ച് കാണുമെന്ന് സ്വപ്നേനെ നിരീചില്ല്യ. ആശ്ചര്യം എന്ന് പറഞ്ഞാ മതി...പഹയന്‍ തടിച്ചൂട്ടോ."

തിരുമേനി എന്റെ നേരെ വന്നിട്ട് ഒരൊറ്റ ചോദ്യമാണ് - "ഇവന്‍ ഇവിടെ ഉള്ളപ്പോ ജാവ കോഡിന്റെ കാര്യം പറഞ്ഞു എന്നെ വിളിക്കണമായിരുന്നോ?
ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നണു...ലോക പ്രസിദ്ധനാ..തനി രാവണന്‍. 10 തലയാ ഇവന്. പ്രശസ്തനായ സോഫ്റ്റ്‌വെയര്‍ ആര്‍ക്കിടെക്റ്റ് ബ്രാഡ് ലി ഇവന്റെ പ്രൊഫസര്‍ ആയിരുന്നു. അദ്ദേഹം പണ്ട് പാരല്ലെല്‍ കമ്പ്യൂട്ടിങ്ങില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കാനായി എന്നെ അമേരിക്കയിലേക്ക്‌ ക്ഷണിക്കുകയുണ്ടായി. അന്ന് ബ്രാട്ളിയുടെ ജൂനിയറായിരുന്നു ഇവന്‍. അറിയുമോ, ആധുനിക സോഫ്റ്റ്‌വെയര്‍ എന്ജിനിയരിങ്ങില്‍ ലോക പ്രസിദ്ധമായ 2 പ്രബന്ധങ്ങള്‍ ഇവന്റെയാ. നില്‍ക്കുന്ന രാവണന്റെ...ഏഭ്യന്‍."

സണ്ണി: തിരുമേനി, എനിക്ക് അങ്ങയോടു കുറച്ചു സംസാരിക്കാന്‍ ഉണ്ട്...
"അതിനെന്താ, നീ പറയൂ സണ്ണി."
സണ്ണി കോഡിന്റെ അവസ്ഥ വിശദമായി തിരുമേനിക്ക് വിവരിച്ചു കൊടുത്തു...
കേട്ട് കഴിഞ്ഞതും, തിരുമേനി ആകെ disturbed ആയി കാണപ്പെട്ടു..
"മെമ്മറി ലീക്കിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിട്ടുണ്ട്...പക്ഷെ ഇത്ര ഭയാനകമായ ഒരു വെര്‍ഷന്‍ ഇതാദ്യാ. ഇത്രേം മെമ്മറി ലീക്ക് ചെയ്യുന്ന കാര്യം CPU ഇന് അറിയുമോ?"
'ഇല്ല..CPU ഇന് ഒന്നും അറിയില്ല..ഇനി ഏതാനം മണിക്കൂറുകള്‍ മാത്രമേ ബാക്കി ഉള്ളു...അത് കഴിഞ്ഞു ഔട്ട്‌ ഓഫ് മെമ്മറി എറര്‍ കാണിച്ചു കോഡ് ക്രാഷ് ചെയ്യും...CPU പൊട്ടി തെറിക്കും.'
"എങ്കില്‍ തനിക്ക് കോഡ് റണ്‍ ചെയ്യുന്നത് നിര്‍ത്തിക്കൂടെ? CPU എങ്കിലും രക്ഷപെടട്ടെ."
'ഇല്ല തിരുമേനി. എനിക്കിനിയും മണിക്കൂറുകള്‍ ബാക്കി ഉണ്ട്.'
"അനുഭവ ജ്ഞാനം കൊണ്ടും, പിന്നെ തന്നോടുള്ള വാത്സല്യം കൊണ്ടും പറയാണ്...ഇതിനു പരിഹാരമില്ല്യ. ഇറ്റ്‌ ഈസ്‌ ഇന്ക്യൂറബിള്‍ ."

'സോഫ്റ്റ്‌വെയര്‍ എന്ജിനിയരിങ്ങിനെ തിരുമേനിയോളം അടുത്തറിഞ്ഞവരിലാണ് ഞാന്‍ എന്റെ ഗുരുക്കന്മാരെ കാണുന്നത്. പക്ഷെ എനിക്കിവിടെ നിങ്ങളെ ഒക്കെ നിഷേധിച്ചേ പറ്റൂ...ഞാന്‍ പഠിച്ചതിനെ ഒക്കെ നിഷേധിച്ചേ പറ്റൂ. ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനിയറും സഞ്ചരിച്ചിട്ടില്ലാത്ത വഴികളില്‍ കൂടി ഒക്കെ ഞാന്‍ സഞ്ചരിചെന്നിരിക്കും...ഒരു ഭ്രാന്തനെ പോലെ. അയാം ഗോയിംഗ് ടു ബ്രേക്ക്‌ ഓള്‍ കണ്‍വന്‍ഷണല്‍ കോണ്‍സെപ്ത്സ് ഓഫ് സോഫ്റ്റ്‌വെയര്‍ എന്ജിനിയരിംഗ്.'

"കൊള്ളാം മോനെ, നിന്നെ ഞാന്‍ നിരുല്സാഹപ്പെടുത്തുന്നില്ല"
'വളരെ അപകടം പിടിച്ച ഒരു ഘട്ടത്തില്‍ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. ഇന്ന് COB ക്ക് മുന്നേ ഗംഗ മനസ്സിലാക്കണം അവള്‍ടെ കോഡ് ക്രാഷ് ചെയ്യുമെന്ന്. എനിക്കറിയാം..അതറിയുന്ന നിമിഷം ഗംഗ അതിജീവിക്കില്ല. മരണം സംഭവിക്കാം. പക്ഷെ നിമിഷം ഗംഗ അതി ജീവിച്ചാല്‍, പ്രതീക്ഷയുടെ ഒരു നേര്‍ത്ത വഴി എനിക്ക് തുറന്നു കിട്ടും... വഴിയിലൂടെ എനിക്ക് പോകാം...തിരുമേനി അനുഗ്രഹിക്കണം.'
തിരുമേനി മൌനമായ ഒരു പ്രാര്‍ഥനയില്‍ മുഴുകി.

സണ്ണിയും, തിരുമേനിയും, ഞാനും, മൊയലാളിയും എല്ലാം ഒരുമിച്ചു ഗംഗയുടെ ക്യൂബില്‍ എത്തി. ഗംഗ ബാഗ്‌ ഒക്കെ ആയി എങ്ങോട്ടോ പോവാന്‍ ഉള്ള തത്രപ്പാടിലായിരുന്നു.
സണ്ണി ധൈര്യം സംഭരിച്ചു ചോദിച്ചു...'ഗംഗ ഇപ്പൊ എവിടെ പോവുന്നു?'
"അത് കൊള്ളാം. ഞാന്‍ നേരത്തെ പറഞ്ഞതാണല്ലോ ഇന്ന് ഉച്ചക്ക് ഞാന്‍ ഓട്ടോ ആയിരിക്കുമെന്ന്."
'ഓട്ടോ ഓടിക്കാന്‍ പോവുവാണോ?'
"അതല്ല ..Out Of The Office (OOTO) ആയിരിക്കുമെന്ന്."
'ഗംഗ ഇപ്പൊ പോവണ്ട...'

"ങേ ഞാന്‍ പോവണ്ടേ? ഞാന്‍ നേരത്തെ പെര്‍മ്മിഷന്‍ മേടിച്ചതാണല്ലോ..പിന്നെന്തേ ഇപ്പൊ ഒരു മനം മാറ്റം?"
'ഗംഗ പോവണ്ട...'
"അതെന്താ ഞാന്‍ പോയാല്?"
'പോവണ്ട എന്നല്ലേ പറഞ്ഞത്'
അപ്പോഴേക്കും ഗംഗയുടെ മുഖ ഭാവം ആകെ മാറി. ദേഹത്ത് ബാധ കയറിയ പോലെ..
"വിടമാട്ടെ...വിടമാട്ടെ..അപ്പൊ നീ എന്നെ എങ്കയും പോക വിടമാട്ടെ? അയോഗ്യ നായെ...ഉനക്ക് എവളോ ധൈര്യമിരുന്നാല്‍, ഇപ്പോവും ഏന്‍ കണ്‍ മുന്നാടിയാ വന്ത് നില്‍പ്പേ?..ഇന്നേക്ക് ഹാല്ലോവീന്‍...ഉന്നെ കൊന്നു, ഉന്‍ രക്തത്തെ കുടിച്ചു ഓംകാര നടനമാടുവെന്‍..."
'ഗംഗേ ഗേ ഗേ' (സുരേഷ് ഗോഫി സ്റ്റൈലില്‍ സണ്ണി സ്ലോ മോഷനില്‍ അലറി)
'പോടാ നായെ' എന്നും പറഞ്ഞു ഗംഗ സണ്ണിയുടെ അടുത്തേക്ക് കുതിച്ചു...ഭയം പുറത്തു കാണിക്കാതെ, എന്തും നേരിടാന്‍ ഉള്ള ധൈര്യവുമായി സണ്ണി അവിടെ തന്നെ നിന്നു...തൊട്ടു പുറകില്‍ ഞാനും, തിരുമേനിയും, മറ്റുള്ളവരും...

എല്ലാവരെയും മുള്‍ മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍...സണ്ണിയെ ഗംഗ കൊല്ലുമോ? ഗംഗയെ സണ്ണി കൊല്ലുമോ?
പെട്ടെന്നാണ് തിരിച്ചറിവ് എനിക്കുണ്ടായത്...ഗംഗ സണ്ണിയെ ലക്ഷ്യമാക്കിയല്ല വരുന്നത്...ഞാനോ തിരുമേനിയോ ആരോ ആണ് ലക്‌ഷ്യം...ഹെന്റമ്മോ എനിക്കെങ്ങാനും ഇനി കാരണവരുടെ കട്ട്‌ ഉണ്ടോ?
അപ്പോഴേക്കും ഗംഗയുടെ പിടി എന്റെ കഴുത്തില്‍ വീണിരുന്നു...കഥയില്‍ ഇങ്ങനെ അല്ല കുട്ടി, കൈ വിട് കൈ വിട് എന്നൊക്കെ ഞാന്‍ ആവതും പറഞ്ഞു നോക്കി...ഹെവിടെ കേള്‍ക്കാന്‍...അവസാനം ജീവന്‍ പോകും എന്നായപ്പോള്‍ ഞാന്‍ ഗംഗയുടെ കഴുത്തിനു പിടിച്ചു...ഒന്ന് ഒന്നര പിടിത്തം ആയിരുന്നു...വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ ഗംഗ ഒറ്റ തൊഴി...ഞാന്‍ മൂക്കും കുത്തി നിലത്ത്.

എഴുന്നേറ്റു നോക്കിയപ്പോ ഗംഗ ഇല്ല...പകരം ഒരു ഗംഗന്‍...എന്റെ റൂം മേറ്റ്‌..
'എന്താടാ പട്ടി? മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കൂല്ലേ? ശവം. നീ ഇപ്പൊ എന്നെ ഞെക്കി കൊന്നേനെ..'
"സോറി അളിയാ..ഐയാം ദി സോറി.."
'ഇറങ്ങി പോടാ ഇവിടുന്നു...'

ഞാന്‍ പതുക്കെ എഴുന്നേറ്റു വാരാന്തയില്‍ പോയി ഇരുന്നു. എന്റെ മനസ്സ് അപ്പോഴും disturbed ആയിരുന്നു...തലനാഴിയിരക്കല്ലേ രക്ഷപ്പെട്ടത്...ഓഫീസില്‍ 3 ദിവസം ആയി ഒരു പണ്ടാരം ഡീബഗ് ചെയ്തു എങ്ങും എത്താത്തതിന്റെ പ്രഷര്‍ ആവണം ഇപ്പൊ തെക്കിനിയിലെ തമിഴത്തിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടത്..പണ്ട് പഠിക്കുന്ന കാലത്ത് പ്രൊഫ്‌. മരണന്‍ ഇതുപോലെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാരുണ്ടായിരുന്നു ..അല്ലേലും അറിയാന്‍ മേലാത്ത പണിക്കു പോയാല്‍ ഇങ്ങനെയാ...ഓഫീസിലും കാണില്ല മനസ്സമാധാനം...വീട്ടിലും കാണില്ല. പക്ഷെ അറിയാവുന്ന പണി വെല്ലോം ഒണ്ടോ..അതും ഇല്ല...പഠിച്ചത് എലെക്ട്രോനിക്സാ...പക്ഷെ കപ്പാസിറ്റര്‍ ഏതാ കപ്പലണ്ടി ഏതാ എന്ന് പോലും തിരിച്ചറിയാന്‍ ഉള്ള കഴിവില്ല..നാട്ടില്‍ പോയി വാഴക്കൃഷി ചെയ്യാം എന്നോര്‍ത്താല്‍ അതിനുള്ള ആരോഗ്യവും ഇല്ല..ഇനി ഇപ്പൊ ഒരു MBA പഠിച്ചു മാനേജര്‍ ആവാം എന്ന് വെച്ചാല്‍, ഓഫീസില്‍ ഉള്ള സകലമാന ആള്‍ക്കാരുടെയും തെറി കേള്‍ക്കേണ്ടി വരും...ഇപ്പോഴാവുമ്പോള്‍ ഒരു മാനേജരുടെ തെറി മാത്രം കേട്ടാല്‍ മതിയല്ലോ...അപ്പൊ പിന്നെ ഇങ്ങനെ ഒക്കെ അങ്ങ് തട്ടീം മുട്ടീം പോട്ടെ അല്ലെ...തെക്കിനിയിലെ നാഗവള്ളിയേം, വേണു നാഗവള്ളിയേം ഒക്കെ വരുന്നിടത്ത് വെച്ച് കാണാം.

Saturday, October 23, 2010

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍

ഒക്ടോബര്‍ മാസത്തിലെ നേര്‍ത്ത കുളിരുള്ള ഒരു പ്രഭാതം. കട്ടിലില്‍ നിന്നും എഴുന്നേറ്റ് ചുറ്റുപാടും ഒക്കെ ഒന്ന് നോക്കിയതിന് ശേഷം ഞാന്‍ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു. ശനിയാഴ്ച അല്ലേ...ആകെ കൂടി സമാധാനമായിട്ട് ഒന്നുറങ്ങാന്‍ പറ്റുന്ന ഒരു ദിവസമാ. സമാധാനത്തിന്‍റെ കാര്യം പറഞ്ഞു തീര്‍ന്നില്ല. അപ്പോഴേക്കും മൊബൈല്‍ അടിച്ചു തുടങ്ങി. എടുത്തു നോക്കിയപ്പോള്‍ നമ്മുടെ തങ്കച്ചനാ. ഞാന്‍ കട്ട്‌ ചെയ്ത്, പിന്നേം കിടന്നു. പുള്ളിയുടെ കേബിള്‍ കണക്ഷന്‍ എടുക്കണം എന്ന് പറയാനാവും. വേണ്ടാന്ന് നൂറ് തവണ പറഞ്ഞതാ. പക്ഷെ തങ്കച്ചന്‍ ആരാ മോന്‍! പുള്ളി വിടുമോ..പിന്നേം വിളിയോട് വിളി. ഞാന്‍ എടുക്കാന്‍ പോയില്ല. നാട്ടില്‍ ആണേല്‍ ശനിയാഴ്ച പിരിവുകാരുടെ ബഹളം. ഇവിടെ ആണേല്‍ ഫോണ്‍ കോളുകളുടെ ബഹളം. ഏതായാലും നമ്മുടെ ഉറക്കം പോയിക്കിട്ടും.

പെട്ടെന്ന് എനിക്കൊരു വീണ്ടുവിചാരം ഉണ്ടായി. ഇനി ഉച്ചക്ക് ലഞ്ചിന് ക്ഷണിക്കാനോ മറ്റോ ആണെങ്കിലോ പുള്ളി വിളിക്കുന്നത്‌? കൊച്ചിന്‍റെ പിറന്നാള് ഈയിടെ എങ്ങാണ്ട് ആണെന്ന് കഴിഞ്ഞ തവണ കണ്ടപ്പോ പറഞ്ഞായിരുന്നു. എന്റമ്മേ, ഫ്രീ ഫുഡ്‌ മിസ്സ്‌ ആയാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. നാലാമത്തെ തവണ വിളി വന്നപ്പോള്‍, റിംഗ് ചെയ്യുന്നതിന് മുന്നേ ഞാന്‍ ചാടി വീണ് ഫോണ്‍ എടുത്തു.

"ഹലോ"
'ഹലോ ഗുഡ് മോര്‍ണിംഗ്, ഇത് തങ്കച്ചനാ '
"ഗുഡ് മോര്‍ണിംഗ് അച്ചായോ...എന്നാ ഒണ്ട് വിശേഷം?"
'എണീറ്റായിരുന്നല്ലോ അല്ലേ? ഞാന്‍ ഡിസ്റ്റംബെര്‍ ചെയ്യുവല്ലല്ലോ?'
"ഓ ഇല്ലില്ല...എനിക്ക് പണ്ടേ വെളുപ്പിന് എഴുന്നേല്‍ക്കുന്ന സ്വഭാവം ആണല്ലോ. കുറച്ചു യോഗാസനം ഒക്കെ ചെയ്യുവായിരുന്നു."
'അത് നല്ലതാ. പിന്നെ ഞാന്‍ വിളിച്ചതേ, നാളെ ഒരു മലയാളം കുര്‍ബാന ഒണ്ട് കേട്ടോ.'
"ആഹാ കൊള്ളാല്ലോ. അച്ഛനെ എവിടുന്ന് ഒപ്പിച്ചു?"
'അതൊക്കെ ഒപ്പിച്ചു. അങ്ങ് ഡള്ളാസില്‍ നിന്ന് അച്ഛന്‍ ഇന്ന് വൈകുന്നേരം പറന്നെത്തും.'
"ഡള്ളാസോ? അതേത് സ്ഥലം?"
'ഡള്ളാസ് അറിയത്തില്ലയോ? നമ്മുടെ ടെക്ക്സാസിലാ.'
"ഓ നമ്മുടെ 'ടെക്ക്സാസിലെ അമ്മാച്ചന്‍റെ' സ്ഥലം."

'അത് തന്നെ. അതും വെറും ലോക്കല്‍ അച്ഛന്‍ ഒന്നുമല്ല. വല്യ പണ്ഡിതനും പ്രാസംഗികനും ഒക്കെയാണ്. പേര് "മത്തായി അച്ഛന്‍". കേട്ടിട്ടുണ്ടോ?'
"ഇപ്പൊ കേട്ടു."
'ആ ഡള്ളാസ് ഭാഗത്ത് ഒക്കെ അച്ഛന്‍ വേള്‍ഡ് ഫേമസ് ആണ്. പത്ത് അയ്യായിരം ഫോളോവേഴ്സും ഒണ്ട്.'
"5000 ഫോളോവേഴ്സോ? ട്വിട്ടെറില്‍ ആണോ?"
'അതെനിക്ക് അറിയാന്‍മേല...അച്ഛന്‍ കുറച്ചു കാലം ഖത്തറില്‍ ആയിരുന്നു എന്നറിയാം.'

"അച്ഛന്റെ ഒരു സലോട്ട് കിട്ടാന്‍ ഒത്തിരി മുകളീന്ന് ഒക്കെ വിളിച്ചു പറയേണ്ടി വന്നോ?"

'അതിന്‍റെ ആവശ്യമൊന്നുമില്ലായിരുന്നു. എന്നാലും തിരുമേനീടെ ആപ്പീസീന്നു വിളിച്ചു പറയിപ്പിച്ചു. സൂസീടെ അടുത്ത ബന്ധുവാ ഇപ്പോഴത്തെ തിരുമേനി. അതറിയാവോ?'
"ഇല്ല..."
'സൂസീടെ ഉപ്പാപ്പന്‍റെ കെട്ടിയോള്‍ടെ അമ്മായീടെ നാത്തൂന്‍റെ മോന്‍ അല്ല്യോ ഇപ്പൊ തിരുമേനി?'
"തന്നേ?"
'ഓ തന്നെ! നീ എന്നെ ഒന്ന് ആക്കാനാ ഇടയ്ക്കിടയ്ക്ക് ഈ തിരോന്തരം ഫാഷ എടുത്ത് ഇടുന്നത് എന്നെനിക്കറിയാം.'
"അയ്യോ..ഇതറിയാതെ വരുന്നതാ. ഒന്നുമില്ലേലും ഞാന്‍ അവിടെ പത്ത് പതിനഞ്ചു കൊല്ലം ജീവിച്ചതല്ല്യോ. അതിരിക്കട്ടെ, ഏത് പള്ളിയില്‍ വെച്ചാ കുര്‍ബാന?"
'നമ്മുടെ St. Antony's പള്ളിയില്‍ വെച്ചാ...ഉച്ചക്ക് 12 മണിക്ക്.'
"ഉച്ചക്ക് 12 മണിക്കോ? അതെന്നാ പരിപാടിയാ അച്ചായാ. ഫുഡ്‌ അടിക്കണ്ടായോ അപ്പോ?"
'അതിപ്പോ എന്നാ ചെയ്യാന്‍ പറ്റും. പള്ളി വാടകയ്ക്ക് എടുക്കുമ്പോ നമ്മുടെ സൗകര്യം നോക്കാന്‍ പറ്റുമോ? സായിപ്പിന്‍റെ സര്‍വീസ് തീരുമ്പോ നമുക്ക് കിട്ടും. അത്ര തന്നെ'


"ആട്ടെ ഈ പള്ളി എവിടെയാ?"
'ആഹാ അതറിയത്തില്ല്യോ? ശാന്ത ഫെ സ്ട്രീറ്റില്‍'
"ശാന്ത ഫെ യോ? അമേരിക്കയിലെ റോഡിന് ശാന്ത എന്നൊക്കെ പേരിടുമോ?"
'കൊള്ളാം. ഇവിടുത്തെ മെയിന്‍ റോഡുകളില്‍ ഒരെണ്ണം അല്ല്യോ ശാന്ത ഫെ'
"ഒത്തിരി ഇന്ത്യക്കാര്‍ ഉള്ള പ്രദേശം ആണോ? ഈ ശാന്ത എവിടുന്ന് വന്നു എന്നാ ഞാന്‍ ഓര്‍ക്കുന്നെ"
'ഹാ ഇതതല്ലന്നു. ആണ്ടില്‍ ഒരിക്കല്‍ ക്രിസ്തുമസ്സിനു വരുന്ന ശാന്ത'
"ക്രിസ്തുമസ്സിനു വരുന്ന ശാന്തയോ...അതാരപ്പാ! വടക്കേലെ അവറച്ചന്‍റെ ഭാര്യ ശാന്തമ്മ ക്രിസ്മസ്-ഇനാ സാധാരണ നാട്ടില്‍ വരുന്നത്. ഓസ്ട്രേലിയ-ഇല്‍ നേഴ്സ് ആണേ. പക്ഷെ അവരുടെ പേരില്‍ ഇവിടെ റോഡ്‌...ഏയ്‌ അതാവാന്‍ വഴിയില്ല."
'എടാ ചെക്കാ നീ എന്നാ പൊട്ടം കളിക്കുവാന്നോ...എടാ ക്രിസ്തുമസ് പപ്പാ...ശാന്താ ക്ലോസ്.'
"ഓ ഓ...സാന്‍റ്റ ഫെ സ്ട്രീറ്റ്. ഇപ്പൊ പിടി കിട്ടി."
'അതല്ലേ ഞാനും ഇത്രേം നേരം കിടന്ന് തൊള്ള തുറന്നത് പറഞ്ഞത്...ശാന്താ ഫെ ശാന്താ ഫെ എന്ന്. അപ്പോ അവന്‍ അങ്ങ് കാട് കയറി മറ്റേടത്തെ അവറാന്‍റെ പെമ്പ്രന്നോരുടെ...ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.'
'അതിരിക്കട്ടെ, നിന്‍റെ വീട്ടില്‍ ഏതാ കേബിള്‍ കണക്ഷന്‍?'
"ഞാന്‍ ഇതുവരെ TV ഒന്നും മേടിച്ചില്ല. പിന്നെ എന്നാത്തിനാ കേബിള്‍?"
'ഹാ ഒരെണ്ണം മേടിച്ചു വെക്കന്നെ. ഇപ്പൊ LCD, DVD അങ്ങനെ പല ടൈപ്പ് TV ഉണ്ടല്ലോ. ഭിത്തിയേല്‍ ഒട്ടിച്ചു വെക്കാവുന്ന ഐറ്റം വരെ ഒണ്ട്.'
"ആലോചിക്കാം അച്ചായോ."

'TV മേടിക്കുമ്പോ കേബിള്‍ കണക്ഷന്‍ എന്‍റെ കൈയ്യീന്ന് തന്നെ എടുക്കണം കേട്ടോ. ഇവിടെ ഈ ഭാഗത്ത്‌ ഏഷ്യാനെറ്റ്‌ ഓഫര്‍ ചെയ്യുന്നത് ഞാന്‍ മാത്രമേ ഉള്ളു. ജോലി കഴിഞ്ഞു വന്നിട്ട് സോഫയില്‍ ചാരി കിടന്ന് "എന്‍റെ മാനസികരോഗപുത്രി" ഒക്കെ കാണുമ്പോ എന്നാ ആശ്വാസം കിട്ടുമെന്ന് അറിയാമോ?'

"അത് ശരിയാ...അത് കാണുമ്പോള്‍, ഓഫീസിലെ തലവേദന ഒക്കെ എത്ര നിസ്സാരം എന്ന് തോന്നിക്കോളും."
'എന്നാ പിന്നെ ഞാന്‍ പതുക്കെ വെക്കുവാ കേട്ടോ. ഫ്രെണ്ട്സിനു ആര്‍ക്കേലും താല്പര്യം ഒണ്ടേല്‍ അവരേം കൂട്ടിക്കോ നാളെ.'
"കഴിഞ്ഞ ആഴ്ച ഞാന്‍ പരിചയപ്പെട്ട ഒരു ABCD മലയാളി പയ്യന്‍ ഉണ്ട്. അവനെ വിളിച്ചു നോക്കാം."
'ശരി, അപ്പൊ നാളെ കാണാം'

പിറ്റേന്ന് ഉച്ചക്ക് ഞാന്‍ DJ ജാക്കിനെയും കൂട്ടി പള്ളിയിലേക്ക് തിരിച്ചു. ജാക്കിനെ കഴിഞ്ഞ ആഴ്ച ഗ്രോസറി സ്റ്റോറില്‍ വെച്ച് പരിചയപ്പെട്ടതാ. അവന്‍റെ ശരിക്കും ഉള്ള പേര് ചാക്കോ ചക്കപ്പറംബില്‍ എന്നാ. ജനിച്ചതും വളര്‍ന്നതും എല്ലാം ഇവിടെയാ. ജാക്ക് എന്നുള്ളത് അവന്‍ സ്വയം ഇട്ട പേരാണ് (ബിമല്‍ കുമാര്‍ എന്ന് കുഞ്ഞിക്കൂനന്‍ സ്വയം പേരിട്ട പോലെ). ഡേ ടൈമില്‍ ഗ്രോസറി സ്റ്റോറില്‍ ജോലി ചെയ്യും. രാത്രിയില്‍ അവന്‍ ഒരു പബ്ബിലെ DJ ആണ്. ഞങ്ങള്‍ അര മണിക്കൂര്‍ നേരത്തെ എത്തി പള്ളിയില്‍.

തങ്കച്ചന്‍ അച്ഛനെ ഞങ്ങക്ക് പരിചയപ്പെടുത്തി തന്നു.

"നമസ്കാരം അച്ചോ...ഈശോമിശിഹായ്ക്ക്‌ സ്തുതി ആയിരിക്കട്ടെ"
'ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ. കണ്ടതില്‍ സന്തോഷം. നാട്ടില്‍ എവിടെയാ വീട്?'
"ഞാന്‍ മധ്യതിരുവിതാംകൂര്‍ ഭാഗത്തൂന്നാ അച്ചോ."
'കൃത്യമായിട്ട്‌ എവിടെയാ?'
"അപ്പന്‍റെ വീടൊക്കെ കരുനാഗപ്പള്ളിക്ക് അടുത്താ"
'അത് മധ്യ തിരുവിതാംകൂര്‍ ആണോ?'
"ആണച്ചോ...അല്ലേല്‍ തന്നെ ഇത്തവണ ബീവറേജ് കോര്‍പ്പറേഷന്‍ നടത്തിയ ഓണപ്പരീക്ഷയില്‍ ചാലക്കുടിയെ പിന്തള്ളി കരുനാഗപ്പള്ളി മദ്യ-തിരുവിതാംകൂറിന്‍റെ തലസ്ഥാനം ആയി തിരഞ്ഞെടുക്കപ്പെട്ടല്ലോ."
'അവിടെ എവിടെ ആയിട്ട് വരും? കന്നേറ്റി പാലത്തിന്‍റെ?'
"പാലത്തിന്‍റെ കിഴക്കാ അച്ചോ"
'ആ അങ്ങനെ പറ...ഞാന്‍ അവിടൊക്കെ വന്നിട്ടുണ്ട്...അവിടെ വണ്‍ മിസ്റ്റര്‍ ബാബുവിനെ അറിയുമോ?'
"അയ്യോ ഇല്ലച്ചോ..ഞാന്‍ കുഞ്ഞായിരുന്നപ്പോ പോയ ഓര്‍മയെ ഒള്ളു. അച്ഛന്‍ അമേരിക്കയില്‍ വന്നിട്ട് എത്ര കാലമായി?"
'ഒത്തിരിയായി. നിങ്ങളൊക്കെ ജനിക്കുന്നതിനും ഒത്തിരി മുന്നേ എത്തിയതാ ഞാന്‍. വര്‍ഷം പറയുന്നില്ല...അത് വെച്ച് നിങ്ങള്‍ എന്‍റെ പ്രായം കണ്ടു പിടിച്ചാലോ! ഹ ഹാ!'
"അച്ഛന്‍റെ ഡാലസ്സിലെ പള്ളി വല്യ സെറ്റപ്പ് ആണെന്ന് കേട്ടു? വീട്ടില്‍ ഇരുന്ന് പള്ളിയില്‍ പോവണം എന്നുള്ളവര്‍ക്ക് വേണ്ടി ലൈവ് സ്ട്രീമിംഗ് വരെ ഉണ്ടെന്നു കേട്ടു? അവിടെ ഒക്കെ കാണിക്ക ഇടുന്നതും ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരച്ചിട്ടായിരിക്കും അല്ല്യോ? ഇവിടെ അത്രേം പുരോഗതി ഒന്നും ആയിട്ടില്ല"
'ഹഹ. ലോകം മാറുന്നതനുസരിച്ച് നമ്മളും, പള്ളിയും, സമ്പ്രദായങ്ങളും എല്ലാം മാറണ്ടേ? പഴമയെ കെട്ടിപ്പിടിച്ചു ഇരുന്നിട്ട് എന്ത് കാര്യം? മാറ്റങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നതാണ് എന്‍റെ ഒരു ശൈലി. അതിരിക്കട്ടെ, കൂട്ടുകാരന്‍റെ പേരെന്താ?'
`Hey father, i am Jack. nice to meet you.`


പെട്ടന്ന് എവിടുന്നോ ഒരു ഡോള്‍ബി ഡിജിറ്റല്‍ അശരീരി - 'എടാ ചെക്കാ നീ അങ്ങ് ഉണങ്ങി പോയല്ലോ..ല്ലോ..ല്ലോ'
ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ തങ്കച്ചന്‍റെ ഭാര്യ സൂസി ചേച്ചിയാ.
"എന്‍റെ പൊന്ന് ചേച്ചി, വോളിയം ഇച്ചിരി കുറച്ചേ ...ഞാന്‍ ഞെട്ടി തരിച്ചു വിജ്രംഭിച്ചു പോയില്ലേ?"
'നീ നന്നാവാന്‍ തീരുമാനിച്ചോ?'
"അതെങ്ങനെ മനസ്സിലായി? ഞാന്‍ ഇവിടുത്തെ തരികിട പരിപാടികള്‍ എല്ലാം നിര്‍ത്തി, ഹരിദ്വാറിലെ ഒരു ഗുഹയില്‍ പോയി തപസ്സനുഷ്ട്ടിചാലോ എന്നോര്‍ക്കുവാ"
'ഹാ അതല്ലടാ...കഴിഞ്ഞ തവണ കണ്ടപ്പോ എങ്ങനെ ഇരുന്നതാ നീ? ഇപ്പൊ ഒരു 10 കിലോ കുറഞ്ഞിട്ടുണ്ട്'
"സമ്മര്‍ അല്ലായിരുന്നോ...ഇച്ചിരി ഓടാനും ചാടാനും ഒക്കെ പോയി തടിയും വയറും കുറച്ചതാ"
'സാരമില്ല, വിന്‍റര്‍ തുടങ്ങിയല്ലോ...ഇനി നീ ശ്രദ്ധിച്ചാ മതി. ക്രിസ്മസ് ആവുമ്പോഴേക്കും പഴേത് പോലെ ആവണം. ഇത്തവണ നിന്നെയാ ശാന്താ ക്ലോസ് ആയിട്ട് എല്ലാരും നോട്ടം ഇട്ടു വെച്ചേക്കുന്നെ.'

എന്റമ്മോ! ദേണ്ടെ പിന്നേം ശാന്ത! ഈ കുടുംബത്തിനു ആരേലും സാന്‍റ്റ ക്ലോസില്‍ കൈ വിഷം കലക്കി കൊടുത്തോ ആവോ.

'ഇതാരാ നിന്‍റെ കൂടെ? ഫ്രെണ്ടാ? മലയാളി ആണോ?'

"അതെ. മലയാളം മനസ്സിലാവും..പക്ഷെ സംസാരിക്കത്തില്ല"
'അയ്യോ, ഊമ ആന്നോ?'
"ഒന്ന് മിണ്ടാതിരി ചേച്ചി."
`Hey...I'm Jack`
'ഹലോണ്‍...അയാം സൂസി. ഞാന്‍ ഇവിടെ മിഷന്‍ ഹോസ്പിറ്റലില്‍ നേഴ്സാ'
`Susie! nice name...it reminds me of sushi.`

'അതെന്നതാടാ?'
"അത് ഒരു തരം മീന്‍ കൂട്ടാനാ"
'അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്‌...പണ്ട് എന്‍റെ അപ്പനും അമ്മയ്ക്കും എനിക്ക് ഒരു മീനിന്‍റെ പേര് ഇടണം എന്നായിരുന്നു ആഗ്രഹം - തിലോത്തമ എന്ന്.'
"അയ്യോ തിലോത്തമ മീനല്ല...തിലോപിയ അല്ലേ മീന്‍?"
'ആ ഏതായാലും കണക്കാ...പക്ഷെ അപ്പന്‍റെ അപ്പന്‍ സമ്മതിച്ചില്ല. അതോണ്ട് എനിക്ക് അമ്മച്ചീടെ പേര് തന്നെ കിട്ടി - സൂസമ്മ എന്ന്.'
"ചാള മേരി എന്ന് പേരിടാത്തത്‌ ഭാഗ്യം."
'ഒന്ന് പോടാ ചെക്കാ'

അപ്പോഴേക്കും തങ്കച്ചന്‍ പള്ളിക്കകത്ത്‌ ഏതാണ്ടൊക്കെ അടുക്കിപ്പെറുക്കി വെച്ചിട്ട് തിരിച്ചെത്തി.
'എല്ലാരും പതുക്കെ അകതോട്ടു കയറിയാട്ടെ. സമയം ആവാറായി. നീ ഇവിടെ നില്ല്...ഒരു കാര്യമുണ്ട്.'
"സോ സീ യു ലേറ്റര്‍ ജാക്ക്"

`Cool...see ya dude...peace out thankasha.`

'ഓ എന്നാ പീസ്‌...വയസ്സായി വായില്‍ പല്ല് വന്നു. ഇനി ഇപ്പൊ പീസിനെ കണ്ടാല്‍ എന്ത് ഇല്ലേല്‍ എന്ത്' - തങ്കച്ചന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
സൂസി ചേച്ചി 'പള്ളി കഴിഞ്ഞു വീടിലേക്ക്‌ വാ..കാണിച്ചു തരാം' എന്നാ മട്ടിലൊരു നോട്ടം കൊടുത്തേച്ച് അകത്തേക്ക് പോയി.
"അല്ല അച്ചായാ, വായില്‍ പല്ല് പണ്ടേ ഉള്ളതല്ലേ? മൂക്കില്‍ പല്ല് വന്നു എന്നല്ലേ പ്രയോഗം?"
'നീ ആരാടാ ഉസ്കൂള്‍ മാഷോ, ഞാന്‍ പറയുന്നതില്‍ എല്ലാം കുറ്റം കണ്ടു പിടിക്കാന്‍? കുറച്ചു നേരം ആയി ക്ഷമിക്കുന്നു. ഇന്നലെ തൊട്ടു ഞാന്‍ നിന്നെ നോട്ടം ഇട്ടു വെച്ചേക്കുവാ. വേണ്ട വേണ്ടാന്ന് വെക്കുമ്പോ തലയില്‍ കയറി ഇരുന്ന് മുടി വെട്ടി കളിക്ക്യാ നീ?'
"അയ്യോ അച്ചായന്‍ ചൂടാവാതെ..ഞാന്‍ ഒരു തമാശ..."
'അവന്‍റെ ഒരു തമാശ'

അച്ചായന്‍ പോക്കെറ്റില്‍ നിന്നും ഒരു കണ്ണട എടുത്ത് വെച്ച് ഡയറിയില്‍ എന്താണ്ട് തപ്പാന്‍ തുടങ്ങി.
"അല്ല ഈ കണ്ണട ഒക്കെ എപ്പോ വെച്ചു?"
'പ്രായമായി വരുവല്ലേടാ...കണ്ണ് തീരെ പിടിക്കുന്നില്ല'
"ഇത് ഏതാ ? ഷോര്‍ട്ട് സൈറ്റ് ആണോ? അതോ കേട്ടെഴുത്താണോ?"

അച്ചായന്‍ ഒന്ന് തുറിച്ചു നോക്കി..എന്നിട്ട് എന്നെ അടുത്തേക്ക് വിളിച്ചു.
'നീ മലയാളം ഭാഷയെ ഇങ്ങനെ പച്ചക്ക് ബാലസംഗമം ചെയ്യരുത്. കേട്ടെഴുത്ത് എന്ന് വെച്ചാല്‍ ഡിറ്റേഷന്‍...കണ്ണിന്‍റെ അസുഖം വെള്ളെഴുത്ത്.'
"അല്ല അതാ ഞാനും ഉദ്ദേശിച്ചേ...സ്പീഡില്‍ പറഞ്ഞപ്പോ മാറിപ്പോയതാ"
'നീ ഒക്കെ മറ്റേ CBSE സിലബസ് ആയിരിക്കും. അതാ നിന്‍റെ ഒക്കെ മലയാളത്തിനു വൃത്തവും വൃത്തിയും ഒന്നും ഇല്ലാത്തത്. നീ എന്‍റെ ശാന്തയെ കയറി പിടിച്ചപ്പോഴേ...'
"അച്ചായന്‍ വൃത്തികെട് പറയരുത്"
'ഹാ അതല്ല നീ എന്‍റെ ശാന്ത ക്ലോസില്‍ കയറി പിടിച്ചപ്പോ മുതല്‍ ഞാന്‍ ഒരു അവസരം നോക്കി ഇരിക്കുവായിരുന്നു. ഇപ്പൊ ഹൈ സ്പീഡ് ഇന്റര്‍നെറ്റ്‌ യുഗമല്ലേ. കൊടുക്കുന്ന പണി അപ്പപ്പോ തിരിച്ചു കിട്ടും മോനെ.'
"അത് പിന്നെ ഒരു ദിവസം ഒരബദ്ധം ഒക്കെ ഏത് പോലീസുകാരനും പറ്റും"
'നിന്‍റെ അപ്പന്‍...'
"പോലീസില്‍ ആയിരുന്നോ എന്നല്ലേ? ആ വക 1980s തമാശ ഒക്കെ അങ്ങ് കൈയ്യില്‍ വെച്ചാ മതി കേട്ടോ"
'ഇപ്പോഴത്തെ പിള്ളേരെടെ ഒരു കാര്യം..എല്ലാം അങ്ങ് അറിയാം.'
"അതിരിക്കട്ടെ, പള്ളി കഴിഞ്ഞു കടി വല്ലോം ഉണ്ടോ അച്ചായാ? "
'വീട്ടിലേക്കു വാ...ടോമി തരും കടി'
"എന്തുവാ അച്ചായാ...ഞാന്‍ സീരിയസ് ആയി ചോദിച്ചതാ. വിശന്നിട്ടു കണ്ണ് കാണാന്‍ മേല. കാക്കയുടെ ജനറല്‍ സെക്രട്ടറി ഒക്കെയല്ലേ? ചായയും പരിപ്പുവടയും എങ്കിലും അറേഞ്ച് ചെയ്തൂടെ?"
'പിന്നെ CPM ജില്ലാ കമ്മിറ്റി യോഗം അല്ലേ ഇത്. അപ്പുറത്ത് പിള്ളേര്‍ മിച്ചറോ മറ്റോ കഴിച്ചോണ്ടിരിക്കുന്നത് കണ്ടായിരുന്നു...നീ വേണേല്‍ അവരോടു ചെന്ന് ചോദിക്ക്.'
"പിന്നേ എന്നിട്ട് വേണം പിള്ളേരെടെ വായില്‍ ഇരിക്കുന്ന ഇംഗ്ലീഷ് ഞാന്‍ കേള്‍ക്കാന്‍."

അപ്പോഴേക്കും അച്ഛന്‍ പുറത്തേക്കു വന്നു.
`ഇനി പത്ത് മിനിറ്റ് മാത്രമേ ഒള്ളു...എല്ലാം റെഡി അല്ലേ? ഞാന്‍ ഒന്നാം പാഠം വായിക്കാന്‍ ചെറിയാച്ചനെ ഏല്‍പ്പിച്ചു.`
'അയ്യേ ചെറിയാച്ചനോ?...അങ്ങേര് മാക്കാന്‍റെ ആളാ അച്ചോ'...തങ്കച്ചന്‍ ആകെ പരിഭ്രാന്തനായി.
`മാക്കാനോ?`
'അതെ നമ്മുടെ എതിര്‍ ഗ്രൂപ്പാ...മലയാളി അസോസിയേഷന്‍ ഓഫ് കാന്‍സാസ് (MA-A-KAN)'
`അപ്പോ നിങ്ങടെ ഗ്രൂപ്പിന്‍റെ പേരെന്നതാ?`
'കാക്ക - കേരള അസോസിയേഷന്‍ ഓഫ് കാന്‍സാസ് (K-A-KA).'
`എന്നാന്ന് വെച്ചാ നിങ്ങള് തീരുമാനിക്ക്...ഞാന്‍ പോയി അപ്പോം വീഞ്ഞും ഒക്കെ എടുത്ത് വെക്കട്ടെ.` - അച്ഛന്റെ വാക്കുകളില്‍ ഒരു നീരസം പ്രകടമായിരുന്നു.
അച്ഛന്‍ അകത്തേക്ക് തിരിച്ചു പോയാപ്പോള്‍, തങ്കച്ചന്‍ എന്നെ ഒന്ന്‍ അടിമുടി നോക്കി.
'എടാ നിനക്ക് മലയാളം ഒക്കെ നല്ലോണം അറിയാമോ?'
"കൊള്ളാം നല്ല ചോദ്യം...എനിക്ക് ഒരു മലയാളം ബ്ലോഗ്‌ ഒക്കെ ഉണ്ട്."
'ആഹാ മിടുക്കന്‍ ആണല്ലോ!'
"ഓ അങ്ങനെ ഒന്നുമില്ല".
അത് പറഞ്ഞപ്പോള്‍ എന്‍റെ മുഖത്ത് ഒരു എളിമ കലര്‍ന്ന നാണം (പ്രിത്വിരാജിന്‍റെ മുഖത്ത് വരുന്ന ഒരു തരം എക്സ്പ്രഷന്‍)

'എന്‍റെ ചെറുക്കനും ഒണ്ട് ഈ പറഞ്ഞ സുനാപ്പി. ഗോള്‍ഡ്‌ സ്പോട്ട് എന്നോ മറ്റോ ആണ് സൈറ്റിന്‍റെ പേര്.'

"ബ്ലോഗ്‌ സ്പോട്ട് ബ്ലോഗ്‌ സ്പോട്ട്"
'അതന്നെ...ഇത്രേം ഒക്കെ ആയ സ്ഥിതിക്ക് നീ തന്നെ വായിച്ചാ മതി ഒന്നാം പാഠം.'
"അമ്മേ ഞാനോ?"
'ഉം എന്താ കുഴപ്പം?'
"അല്ല എനിക്കീ മലയാളം അത്ര..."
'ബ്ലോഗില്‍ എഴുതും എന്നൊക്കെ 10 സെക്കണ്ട് മുന്നേ പറഞ്ഞതോ?'
"അല്ല എഴുതാന്‍ കുഴപ്പമില്ല...വായിക്കാന്‍ ആണ് പ്രശ്നം. ഈ പഴയ ലിപിയിലെ കൂട്ടക്ഷരം ഒന്നും അത്ര തിട്ടമില്ല...അതോണ്ടാ. അല്ലേല്‍ ഞാന്‍ ഓടി കയറി വായിക്കത്തില്ല്യോ ?"
'എന്‍റെ കൈയ്യില്‍ നല്ല മണി മണി പോലത്തെ പുതിയ ലിപിയില്‍ ഉള്ള ബൈബിള്‍ ഉണ്ട്. ഇത്തവണ നാട്ടില്‍ കണ്‍വെന്ഷന് പോയപ്പോ മേടിച്ചതാ...നീ അതെടുത്ത് വായിച്ചോ.'
വായിക്കണ്ട പാഠഭാഗം - "സദൃശ്യവാക്ക്യങ്ങള്‍, അധ്യായം 30" എന്നും പറഞ്ഞു എന്‍റെ കൈയ്യില്‍ ബൈബിള്‍ തന്നിട്ട് തങ്കച്ചന്‍ പള്ളിക്ക് അകത്തേക്ക് പോയി.

സണ്‍‌ഡേ സ്കൂളില്‍ പോവണ്ട നേരത്ത് TV യില്‍ ചന്ദ്രകാന്ത കണ്ടു നടന്ന എനിക്കൊണ്ടോ സദൃശ്യവാക്ക്യങ്ങള്‍ എവിടെ ആണെന്ന് അറിയുന്നു.
തപ്പാവുന്നിടത്തോളം തപ്പി...കിട്ടീല്ല. ആരോടേലും ചോദിക്കാന്‍ പറ്റുവോ? മാനം പോവത്തില്ലേ?
ഞാന്‍ പതുക്കെ ജനലില്‍ കൂടി ആംഗ്യം കാട്ടി തങ്കച്ചനെ വിളിച്ചു.
'എന്നതാടാ? '
"അച്ചായന് ഈ ഉല്‍പ്പത്തി പുസ്തകത്തെ കുറിച്ച് എന്താ അഭിപ്രായം?"
'അതെന്നാ അങ്ങനെ ചോദിക്കാന്‍? ഉല്‍പ്പത്തിക്കു ഇപ്പൊ എന്നാ പറ്റി?'
"അല്ല ഈ സദൃശ്യവാക്ക്യങ്ങള്‍ തന്നെ വേണമെന്നുണ്ടോ? ഞാന്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ നിന്നും എന്തേലും വായിച്ചാലോ?"
'ഞാന്‍ കുറിച്ച് തന്ന ഭാഗത്തിന് എന്നാ ഒരു കുഴപ്പം?'
"അല്ല കുഴപ്പമൊന്നും ഉണ്ടായിട്ടല്ല"
'അപ്പോ പിന്നേ അത് മതി'

അവസാനം ഗതി കെട്ട്, പാര്‍ക്കിംഗ് ലോട്ടിലേക്ക് ഇറങ്ങി "ഫോണ്‍ എ ഫ്രെണ്ട്" ലൈഫ് ലൈന്‍ ഉപയോഗിച്ച്, ഫ്രെണ്ടിനെ കൊണ്ട് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്യിപ്പിച്ചു സംഭവം കണ്ടു പിടിച്ചു. അപ്പോഴേക്കും പാര്‍ക്കിംഗ് ലോട്ടില്‍ എന്താണ്ട് കശപിശ. നോക്കിയപ്പോ തങ്കച്ചന്‍ ഉസൈന്‍ ബോള്‍ട്ടിനെ പോലെ ഓടി വരുന്നു. ഇയാളെന്നാ സര്‍വ വ്യാപി ആണോ? കുറച്ചു മുന്നേ അല്ലേ പള്ളിക്ക് അകത്തേക്ക് ഓടി പോയത്!

'എടാ ഒരു കൊറോള തെക്ക് വടക്ക് പാര്‍ക്ക്‌ ചെയ്തേക്കുന്ന കാരണം വേറെ കാറുകള്‍ക്കൊന്നും കടന്നു വരാന്‍ മേല...നീ ചെന്ന് ഒന്ന് അനൌണ്‍സ് ചെയ്തേ അതൊന്നു മാറ്റി ഇടാന്‍'

"അല്ല ഞാന്‍ തന്നെ അനൌണ്‍സ് ചെയ്യണോ?"
'ഒന്ന് ചെല്ല്..സമയം ഇല്ല.'

ഞാന്‍ പള്ളിയുടെ അകത്തു കയറി, മൈക്ക് എടുത്ത്, സകല ധൈര്യവും സംഭരിച്ചു ടൊയോട്ട രാഗത്തില്‍ ഒരലക്കലക്കി - "ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്..പറമ്പിന്‍റെ വടക്ക് ഭാഗത്ത്‌ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കൊറോള കാര്‍ ഉടന്‍ തന്നെ മാറ്റി പാര്‍ക്ക്‌ ചെയ്യണ്ടതാണ്. കൊറോള കാറിന്‍റെ ഉടമസ്ഥന്‍ ദയവായി എന്‍റെ കൂടെ ഒന്ന് പുറത്തേക്കു വരേണ്ടതാണ് ".

ഞാന്‍ അത് പറഞ്ഞു തീരണ്ട താമസം, ഒരു പത്തമ്പത് പേര് എഴുന്നേറ്റ് നിന്നു. അല്ലേലും കൊറോള കാറിന്‍റെ ഉടമസ്ഥന്‍ ആരാന്ന് ചോദിച്ചാല്‍ ഇന്ത്യക്കാര്‍ മുഴുവന്‍ എഴുന്നേറ്റില്ലെന്കിലെ ഒള്ളു അത്ഭുതം. അവസാനം ആളെ വിട്ടു ലൈസെന്‍സ് പ്ലേറ്റ് നമ്പര്‍ ഒക്കെ കണ്ടു പിടിച്ചു കൊടുത്തപ്പോ, എഴുന്നേറ്റ് നിന്ന ഉടമസ്ഥന്മാരുടെ എണ്ണം ഒന്നായ് കുറഞ്ഞു. എല്ലാം ഒന്ന് ഒതുങ്ങിയപ്പോള്‍ ഞാന്‍ മൈക്ക് അച്ഛന് കൈ മാറി. മൈക്ക് മേടിക്കുമ്പോ അച്ഛന്‍ എന്‍റെ ചെവിയില്‍ പതുക്കെ ചോദിച്ചു - `നല്ല ഉഗ്രന്‍ അനൌണ്‍സ്മെന്‍റ്...പണ്ട് ഉത്സവപ്പറമ്പിലോ ബസ്‌ സ്റ്റാന്ടിലോ മറ്റോ ആയിരുന്നോ?`
ഞാന്‍ ഒരു വളിച്ച ചിരിയോടെ 'ഭക്ത ജനങ്ങളുടെ' കൂടെ ഭക്ത കുചേലയായി പോയിരുന്നു.

എന്‍റെ പാഠം വായന തരക്കേടില്ലാതെ പോയി. തങ്കച്ചന്‍ കണ്ണിറുക്കി കാണിച്ച് സിഗ്നല്‍ തന്നോണ്ട്‌ എപ്പോ വായിക്കണം എന്നൊന്നും കണ്‍ഫ്യൂഷന്‍ ഉണ്ടായില്ല. പിന്നെ അച്ഛന്‍റെ പ്രസംഗം തുടങ്ങിയതും എല്ലാ അച്ചായന്മാരും സ്വിച്ച് ഇട്ട പോലെ ഉറങ്ങാന്‍ തുടങ്ങി. അത് നാട്ടീന്നേ കിട്ടുന്ന ഒരു ശീലമാണ്. എത്ര കുഴലില്‍ ഇട്ടാലും നേരെ ആവാന്‍ പോണില്ല. രണ്ടു മണിയോടെ പള്ളി കഴിഞ്ഞു, സഭ പിരിച്ചു വിട്ടു. പതുക്കെ ഓരോരുത്തരായി പിരിഞ്ഞു പോയി. അച്ഛനോട് ഒരു ബൈബൈ പറയാം എന്നോര്‍ത്ത് ഞാന്‍ അച്ഛന്‍റെ അടുത്തേക്ക് ചെന്നു.
"അച്ചോ, കണ്ടതില്‍ വളരെ സന്തോഷം. അച്ഛന്‍റെ നമ്പര്‍ ഒന്ന് തരണേ. ഡാലസില്‍ എപ്പോഴേലും വരാന്‍ ഒക്കുവാണേല്‍ വിളിക്കാം."
`അതിനെന്താ...മോന്‍ സോഷിയല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റ്സില്‍ ഒക്കെ ആക്റ്റീവ് ആണോ?`
"പിന്നെ...അച്ഛനും ഉണ്ടോ ഓര്‍ക്കുട്ടില്‍ ഒക്കെ?"
`ഓര്‍കുട്ടോ? അതൊക്കെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എഴുതി എടുത്തില്ലേ...look me up on facebook man!`
"അച്ഛന് ഈ പ്രായത്തിലും എന്തൊരു ചുറുചുറുക്കാ?"
`ഹഹ പ്രായം ഒക്കെ നമ്മുടെ മനസ്സിലല്ലേ മോനെ...പിന്നെ എന്തുണ്ട് വിശേഷം? ഇവിടം ഒക്കെ ഇഷ്ടപ്പെട്ടോ?`
"കുഴപ്പമില്ല അച്ചോ...തട്ടിയും മുട്ടിയും ജീവിച്ചു പോണു."
`തട്ടിയും മുട്ടിയും തീര്‍ക്കാന്‍ ഉള്ളതാണോ ജീവിതം? നിങ്ങള്‍ ഒക്കെ ചെറുപ്പമല്ലേ...അങ്ങോട്ട്‌ അടിച്ചു പൊളിക്കണം ജീവിതം. ഓരോ നിമിഷവും ആഘോഷിക്കൂ..ഭൂമിയില്‍ നമുക്ക് വിധിച്ചിട്ടുള്ളത് അറുപതോ എഴുപതോ കൊല്ലം. ഏറിയാല്‍ എണ്‍പത്. ഇക്കാലയളവില്‍ എല്ലാവര്‍ക്കും ബില്‍ ഗേറ്റ്സൊ, സച്ചിന്‍ തെണ്ടുല്‍ക്കറോ , A R രഹ്മാനോ ആവാന്‍ പറ്റണം എന്നില്ല.`

`കേട്ടിട്ടില്ലേ?

If you can't be a pine on the top of a hill
Be a scrub in the valley, but be the best little scrub on the side of the hill
If you can't be a highway, then just be a trail.
If you can't be the sun, be a star.
It isn't by size that you win or you fail.
Be the best of whatever you are.


ഇത് മനസ്സില്‍ ഓര്‍ത്താ മതി...നന്നായി വരട്ടെ. പിന്നെ വൈകിട്ട് സമയം ഒണ്ടേല്‍ തങ്കച്ചന്‍റെ വീട്ടിലോട്ടു ഇറങ്ങ്. പള്ളി കമ്മിറ്റി ഒന്ന് കൂടുന്നുണ്ട്.`

"ഞാന്‍ ശ്രമിക്കാം അച്ചോ. അപ്പോ ഞാന്‍ വരട്ടെ."

"തങ്കച്ചോ, ഞാന്‍ ഇറങ്ങുവാ കേട്ടോ"
'എടാ വൈകിട്ടെന്താ പരിപാടി?'
"ഓ ഞാന്‍ കുടി ഒക്കെ നിര്‍ത്തി"
'ഹാ അതല്ലന്നു...ഫ്രീ ആണോ?'
ആ മട്ടും ഭാവവും കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, ഇത് എന്നെ സൂത്രത്തില്‍ പള്ളി കമ്മിറ്റിയില്‍ ചേര്‍ക്കാന്‍ ഉള്ള അടവ് ആണെന്ന്. ഞാന്‍ ആരാ മോന്‍.
"അയ്യോ ഇല്ലല്ലോ അച്ചായാ...വൈകിട്ട് വേറെ ഒരു പരിപാടി ഇട്ടു പോയല്ലോ."
'ആന്നോ..മാറ്റി വെക്കാന്‍ വല്ലോം പറ്റുന്നതാണോ?'
"ഇല്ലച്ചായോ...വേറെ 2-3 പേരോട് ഓള്‍റെഡി പറഞ്ഞു പോയി"
'ആ എന്നാ പിന്നൊരിക്കല്‍ ആട്ടെ. കൊച്ചിന്‍റെ ബെര്‍ത്ത്‌ഡേ സെലബ്രേഷന്‍ ഇന്ന് വൈകിട്ടാ. ഡിന്നറിന് ക്ഷണിക്കാന്‍ ആയിരുന്നു. ഗ്രാന്‍ഡ്‌ ആയിട്ടൊന്നും ഇല്ല...കുറച്ചു ലൈറ്റ് ആയിട്ട് കോഴി ബിരിയാണിയും, പന്നി ഒലത്തിയതും, ബീഫ് റോസ്റ്റും ഒക്കെയാ.'
"അമ്മേ!"
'എന്നാ പറ്റി?'
"അല്ല പള്ളി കമ്മിറ്റി വൈകിട്ട് കൂടുന്നുന്ടെന്നു അച്ഛന്‍ പറഞ്ഞതോ?"
'ഓ അത് നമ്മുടെ ആള്‍ക്കാരെല്ലാം ഡിന്നറിന് വരുമല്ലോ എന്തായാലും. അപ്പോ ചുമ്മാ ഒരു 5 മിനിറ്റ് നേരം കമ്മിറ്റിയും കൂടും അത്രേ ഒള്ളു.'
"അല്ല ഞാന്‍ വേണേല്‍ എന്‍റെ പരിപാടി മാറ്റി വെക്കാന്‍ നോക്കാം."
'ഓ അതൊന്നും വേണ്ടന്നെ. നിനക്ക് വരാന്‍ ഒക്കുവായിരുന്നേല്‍ ഒത്തിരി നന്നായിരുന്നു..പക്ഷെ പ്ലാന്‍ ഒന്നും മാറ്റി വെക്കേണ്ട'
"അല്ല ഞാന്‍ വേണേല്‍..."
'സാരമില്ലന്നേ...നീ പിന്നീടൊരു ദിവസം വന്നാ മതി'
"എന്നാ പിന്നെ വേറെ ഒരു ദിവസം മതി എന്നാ പറയുന്നത് അല്ലെ...അപ്പോ ഞാന്‍ വരട്ടെ"
'എങ്ങോട്ട്?'
"അയ്യോ ഞാന്‍ പൊക്കോട്ടെ എന്ന്..സൂസി ചേച്ചിയോടും പറഞ്ഞേക്ക്"
'ആയിക്കോട്ടെ'

ഓലത്തപ്പെടാന്‍ പോവുന്ന പന്നിക്കുട്ടിയുടെ പോലെ തകര്‍ന്ന മനസ്സുമായി ഞാന്‍ ഇളിഭ്യനായി, വിഷണ്ണനായി ജാക്കിനോടൊപ്പം മന്ദം മന്ദം
നടന്നകന്നു. മലമുകളില്‍ ഉള്ള കോഴി ബിരിയാണി കിട്ടിയില്ലെങ്കില്‍, മലഞ്ചെരുവില്‍ ഉള്ള സമൂസ തിന്നു സന്തോഷിക്കുക എന്നാണല്ലോ കവി പാടിയത്. അപ്പൊ പിന്നെ അങ്ങനെ ആയിക്കോട്ടെ.

(ശുഭം)

Tuesday, August 10, 2010

നമ്പര്‍ 20 മദ്രാസ്‌ മെയില്‍

അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്രെയിന്‍ യാത്ര ഒത്തു വന്നു - മദ്രാസിലേക്ക്. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഞാന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ കാലു കുത്തുന്നത്. വെളുപ്പിന് അഞ്ചരക്ക് ഉള്ള വണ്ടിയിലാ പോവേണ്ടത്. വേണാട് വിട്ടു പോയിക്കഴിഞ്ഞു, പരശുരാമിന് ഇനിയും കിടക്കുന്നു ഒത്തിരി സമയം. അത് കൊണ്ട് തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ പാതി മയക്കത്തിലാണ്. "ചായ ചായ ചായ, പഴംപൊരി" വിളികള്‍ ഒന്നും കേള്‍ക്കാനേ ഇല്ല. ഇന്ത്യന്‍ റയില്‍വേയുടെ ഐറ്റം നമ്പര്‍ ആയ 'യാത്രിയാന്‍ കൃപയാ ധ്യാന്‍ ദീജിയേ' യും കേള്‍ക്കാനില്ല. ഒന്നാം പ്ളാറ്റ്ഫോറത്തില്‍ നിര്‍ത്തി ഇട്ടിരുന്ന കോര്‍ബ എക്സ്പ്രസ്സിലേക്ക് ഞാന്‍ ഉറക്കച്ചുവയില്‍ വലിഞ്ഞു കയറി. ഹോ 18 മണികൂര്‍ യാത്ര എങ്ങനെ തള്ളി നീക്കുമോ ആവോ!. പണ്ട് ടീമ്സുമായി കേരള എക്സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്നപ്പോള്‍ 60 മണികൂര്‍ ഒക്കെ 6 മിനിറ്റ് പോലെ അല്ലെ പോയിരുന്നത്....ഹാ അത് അന്ത കാലം. ഇതിപ്പോ വയസ്സായില്ലേ!

കമ്പാര്‍ട്ട്മെന്റില്‍ കയറിയതും, 4 പാറ്റകളും ഒരു ചുണ്ടെലിയും എന്റെ കാല്‍ക്കല്‍ വന്നു പ്രണാമം അര്‍പ്പിച്ചു. ഹാ!..യാത്രക്കാരും, മൃഗങ്ങളും, കീടങ്ങളും, പിച്ചക്കാരും എല്ലാം ഒരു കുടുംബം എന്ന പോലെ സന്തോഷിച്ചു, അര്‍മാദിച്ചു, സംതൃപ്തിയോടെ കഴിയുന്ന സ്വപ്ന സുന്ദര ഫൂമി - ഇന്ത്യന്‍ റെയില്‍വേ. പെട്ടി വെച്ചതിനു ശേഷം ഞാന്‍ ബെര്‍ത്ത്‌ ഒന്ന് പരിശോധിച്ചു. മൂട്ടകള്‍ എല്ലാം അവിടെ തന്നെ ഉണ്ട്...അല്ലേലും അവരെവിടെ പോവാനാ? പാവങ്ങള്‍.

"ഗുഡ് മോര്‍ണിംഗ് . ഏതാ സീറ്റ്‌?"
ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു മീശക്കാരന്‍ ചേട്ടന്‍ ...കൈയ്യില്‍ ഒരു മഗ്ഗും തോര്‍ത്തും ഉണ്ട്..പല്ല് തേപ്പ് ഒക്കെ കഴിഞ്ഞു ഉള്ള വരവാണെന്ന് തോന്നുന്നു.
ഞാന്‍ : നമസ്കാരം..ഞാന്‍ 21 -ഇലാ.
മീശ : അത് ശരി...എന്റേത് 22 ആണ് . മദ്രാസിലോട്ടു ആന്നോ?
ഞാന്‍ : അതെ
മീശ : ഞാനും അങ്ങോട്ടാ...മിണ്ടീം പറഞ്ഞും ഒക്കെ ഇരിക്കാന്‍ ഒരാളായല്ലോ. എനിക്കാണേല്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് വല്ലാത്ത ഒരു വീര്‍പ്പു മുട്ടലാ.
ക്രിസ്ത്യാനിയാ അല്ല്യോ? പാസ്സഞ്ചര്‍ ലിസ്റ്റില്‍ ഞാന്‍ പേര് കണ്ടായിരുന്നു.
ഞാന്‍ : അതെ
മീശ : മലങ്കര ആന്നോ?
ഞാന്‍ : അല്ല മണ്ണന്തലയാ വീട്
മീശ : അതല്ല...മലങ്കര ഓര്‍ത്തഡോക്‍സ്‌ ആണോന്നാ ചോദിച്ചേ
ഞാന്‍ : ഓ സോറി...അല്ല അല്ല
മീശ : പിന്നെ ഏതാ?
ഇയാള്‍ക്കിപ്പോ ഇതൊക്കെ അറിഞ്ഞിട്ടു എന്നാ ഒലത്താനാ എന്ന ഒരു ഭാവത്തോടെ, ഞാന്‍ ചോദ്യം കേട്ടില്ലന്ന് നടിച്ചു.

മീശ : ഓ ഞാന്‍ വെറുതെ ഒരു കുശലം ചോദിച്ചതാ.
ഒരു മിനിറ്റ് പുറത്തേക്കു നോക്കിയിരുന്ന ശേഷം, ആകാംക്ഷ സഹിക്കാന്‍ വയ്യാതെ പുള്ളിക്കാരന്‍ വീണ്ടും - അപ്പൊ പിന്നെ RC ആയിരിക്കും അല്ല്യോ?
ഞാന്‍ : ഏയ്‌ RAC ഒന്നുമല്ല, സീറ്റ്‌ കണ്‍ഫേംഡ്‌ ആണ്.
മീശ : നിങ്ങടെ സീറ്റിന്റെ വിശേഷം അറിഞ്ഞിട്ടു എനിക്ക് എന്നാ ചെയ്യാനാ? റോമന്‍ കാത്തലിക്ക് ആണോ എന്നാ ചോദിച്ചേ.
ഞാന്‍ : അതും അല്ല...ചേട്ടന്‍ വല്യ പള്ളിക്കാരന്‍ ആണെന്ന് തോന്നുന്നല്ലോ? ചോദ്യങ്ങളില്‍ എല്ലാം ആകെ ഒരു ജാതി-മത മയം? പേര് പറഞ്ഞില്ല?
മീശ : പേര് ടില്‍ഡ...ടില്‍ഡ ജോസ് .
ഞാന്‍ : നല്ല പേര് (ചിരി അടക്കാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു)
മീശ : നിങ്ങള്‍ ഈ പേര് ഇതിനു മുന്നേ കേട്ടിട്ടുണ്ടോ? അപ്പന് വല്യ വാശി ആയിരുന്നു ആര്‍ക്കും ഇല്ലാത്ത പേര് ഇടണമെന്ന്.
ഞാന്‍ : ഇല്ല...ഞാന്‍ മനുഷ്യര്‍ക്കാര്‍ക്കും ഈ പേര് കണ്ടിട്ടില്ല. പിന്നെ കമ്പ്യൂട്ടര്‍ കീ-ബോര്‍ഡിന്‍റെ മുകളിലായിട്ട് ഇടത്തെ മൂലയ്ക്ക് വളഞ്ഞു ഇരിക്കുന്ന കുന്തപ്പനാണ്ടിയുടെ പേരും ഇതല്ലേ?
മീശ : അതൊന്നും എനിക്കറിയാന്‍ മേല...നമുക്ക് കമ്പ്യൂട്ടറും ആയിട്ട് അത്ര ഒരു ഇത് പോര. ഒരല്പം പഴഞ്ചന്‍ ആണെന്ന് കൂട്ടിക്കോ.
ഞാന്‍ : പെന്റിയം ആണോ?
മീശ : കമ്പ്യൂട്ടറിന്റെ കാര്യമല്ല, എന്റെ കാര്യമാടോ പറഞ്ഞത്.
ഞാന്‍ : സോറി. തെറ്റുധരിച്ചു. തറവാടൊക്കെ കോട്ടയത്താണോ?
മീശ : ആന്നേ. അതെങ്ങനെ പിടികിട്ടി? ഞങ്ങള് പാലാക്കാരാ. കുടിയേറ്റ കര്‍ഷകരായിട്ട് അപ്പന്റെ കാലത്ത് ഇങ്ങോട്ട് പോന്നതാ. നിങ്ങള് ഒറിജിനല്‍ തിരോന്തരം ആണോ?
ഞാന്‍ : ഇല്ല ഞങ്ങളും 'മദ്യ'തിരുവിതാംകൂര്‍ ‍-കാരാണ്. അപ്പന്‍ തിരുവനന്തപുരത്ത് ഓണ്‍ -സയിറ്റിനു വന്നതാ...പിന്നെ ഇവിടങ്ങ്‌ കൂടി. ഇപ്പൊ വീടും കുടിയും എല്ലാം ഇവിടെയാ.
മീശ : കുടി ഉണ്ടല്ലേ? കണ്ടപ്പോഴേ തോന്നി..ഏതാ ബ്രാന്‍ഡ്‌?
ഞാന്‍ : വല്യ തമാശക്കാരനാ അല്ലേ?
മീശ : ഓ അങ്ങനെ ഒന്നുമില്ല...ഞാന്‍ പറഞ്ഞില്ല്യോ...എനിക്കിങ്ങനെ എന്തേലും മിണ്ടീം പറഞ്ഞും ഇരിക്കണം എപ്പോഴും. ഇല്ലേല്‍ ഒരു വീര്‍പ്പു മുട്ടലാ..യേത്?

ഞാന്‍ : എവിടെയാ ജോലി ചെയ്യുന്നേ?
മീശ : വിശാഖപട്ടണത്ത് ആണ്..ഇത്തവണത്തെ പള്ളിപ്പെരുന്നാള് കൂടാന്‍ വേണ്ടി ലീവ് എടുത്തു വന്നതാ..മറ്റന്നാള്‍ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്യണം.
ഞാന്‍ : അപ്പോ ചെന്നൈയില്‍ വണ്ടി മാറി കയറണം അല്ലേ? ചേട്ടായി എന്ത് ജോലിയാ ചെയ്യുന്നേ?
മീശ : ഞാന്‍ പട്ടാളത്തിലാ...
ഞാന്‍ ഒന്ന് ഞെട്ടി
ഞാന്‍ : ഹത് ശരി, കണ്ടാല്‍ പറയത്തില്ലല്ലോ?
(Lt. Col ടില്‍ഡ മോന്‍ ‍...ഹോ! കേക്കുമ്പോ തന്നെ പാക്കിസ്ഥാന്‍കാരുടെ മുട്ട് ഇടിക്കും..നാമം മാത്രം ധാരാളം)
മീശ : ഒരു പട്ടാളക്കാരന് 6 പായ്ക്ക് വയറും മസ്സിലും പുല്ലും ഒന്നും വേണമെന്നില്ല. ഉരുക്കിന്റെ മനസ്സാ ഞങ്ങളുടേത്. 'മെന്റല്‍ സ്ട്രെങ്ങ്ത് ' അതിലാണ് കാര്യം. അതിരിക്കട്ടെ , നിങ്ങള്‍ എവിടെയാ ജോലി ചെയ്യുന്നേ?

ഞാന്‍ : ഞാന്‍ അമേരിക്കയിലാണ് . കുറച്ചു തരികിട എഞ്ചിനീയറിംഗ് ഉം സോഫ്റ്റ്‌വെയര്‍ ഉം ഒക്കെ ആയി ജീവിച്ചു പോവുന്നു.
(ടില്‍ഡ ചേട്ടന്റെ മുഖ ഭാവം പെട്ടന്ന് മാറുന്നു)
മീശ : നിങ്ങള്‍ കാണിച്ചത് മഹാ ചെറ്റത്തരം ആയി പോയി
ഞാന്‍ : അയ്യോ ഞാന്‍ എന്നാ ചെയ്തെന്നാ?
മീശ : നിങ്ങക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ ആ ഇറാഖിന്റെ മണ്ടക്ക് കുതിര കയറാന്‍ ?
ഞാന്‍ : അല്ല ഞാന്‍ ...
മീശ : നിങ്ങള്‍ ഒന്നും മിണ്ടണ്ട...നിങ്ങള്‍ അമേരിക്കക്കാര്‍ക്ക് ഒരു വിചാരം ഉണ്ട്...നിങ്ങള്‍ ഏതോ കോപ്പിലെ തേങ്ങയാണെന്ന് ..
ഞാന്‍ : അല്ല ചേട്ടാ ഞാന്‍ യുദ്ധത്തിനു ഒന്നും പോയിട്ടില്ലായിരുന്നു..
മീശ : മിണ്ടരുത്...ഫ്രാന്‍സും ഇംഗ്ലണ്ടും ഒക്കെ മൂട് താങ്ങാന്‍ ഇല്ലായിരുന്നെങ്കില്‍ ഇറാഖുക്കാര്‍ നിങ്ങടെ പരിപ്പ് എടുത്ത് ദാല്‍ മഖിനി വെച്ചേനെ.
(ഇത്തവണ ഞാന്‍ മറുത്തു ഒന്നും മിണ്ടിയില്ല...)

അതിരിക്കട്ടെ..നിങ്ങള്‍ക്ക് വെപ്പണ്‍സിനെ കുറിച്ച് എന്തെങ്കിലും അറിയാമോ?
ഞാന്‍ : വീട്ടില്‍ ചക്കക്കുരു ചെരന്ടാന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ കത്തി ഉണ്ട്, പിന്നെ മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ച പോയ ഒരു പിച്ചാത്തി, പിന്നെ തേങ്ങ പൊതിക്കാന്‍ ഒരു വാക്കത്തി...ഇത്രയുമൊക്കെ ആണ് എന്റെ വെപ്പണ്‍സ് പരിജ്ഞാനം.
മീശ : യേ സിവിലിയന്‍സ് സബ് ബുദ്ധൂ ലോഗ് ഹേം!
ഞാന്‍ : വല്ലോം പറഞ്ഞോ?
മീശ : സോറി...ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഹിന്ദി അറിയാതെ വരും...പണ്ട് ഞാന്‍ ജമ്മുവില്‍ ആയിരുന്നേ..അവിടുന്ന് കിട്ടിയ ഓരോ ശീലങ്ങള്‍ ആണ് ...മാഫ് കീജിയേ
ഹം ക്യാ ബോല്‍ രഹാ ഥാ? ഓ പിന്നേം സോറി...നമ്മള്‍ എന്തോ സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നല്ലോ...ആ കിട്ടി...വെപ്പണ്‍സ് ..
ഞാന്‍ വിശദമായി പറഞ്ഞു തരാം എല്ലാം..

പിന്നീട് അവിടെ നടന്നത് ഒരു ഒന്ന് ഒന്നര കൊല ആയിരുന്നു...ഇങ്ങനെയും ഉണ്ടോ കത്തി...ഇങ്ങേരടെ നാക്ക് മതിയല്ലോ, വേറെ വെപ്പണ്‍ എന്തിനാ. ട്രെയിന്‍ വര്‍ക്കല വിട്ടപ്പോ തുടങ്ങിയ കോച്ചിംഗ് സെന്റര്‍ കായംകുളം ആയപ്പോഴാ ഒന്ന് നിന്നത്...അമിട്ട് മുതല്‍ ഗജേന്ദ്ര ഗുണ്ട് വരെ, മലപ്പുറം കത്തിയും, അമ്പും വില്ലും മുതല്‍ അള്‍ട്ര മോഡേണ്‍ തോക്കുകള്‍ വരെ....ടില്‍ഡ ചേട്ടന്‍ തനിക്കു അറിയാവുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ മസാല ഒക്കെ ചേര്‍ത്ത് "ഇന്‍ 1972, വെന്‍ ഐ വാസ് ഇന്‍ " മട്ടില്‍ അലക്കി വെളുപ്പിച്ചു കൈയ്യില്‍ തന്നു...എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ , സത്യത്തില്‍ ഇങ്ങേരു ഒരു തോക്ക് നേരിട്ട് കണ്ടിട്ടുണ്ടോ എന്നായി എന്റെ സംശയം.

കത്തിയടി സഹിക്കാന്‍ വയ്യാണ്ടായപ്പോ, ഒന്ന് മയങ്ങണം എന്നും പറഞ്ഞ് ഞാന്‍ ബെര്‍ത്തിലേക്ക് വലിഞ്ഞു. ട്രെയിനിന്റെ കുലുക്കത്തിന് ഒത്ത് ആടിയാടി ഒന്ന് മയങ്ങി തുടങ്ങിയതാ...ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആരോ എന്നെ കുലുക്കി വിളിക്കുന്നു. കണ്ണ് തുറന്നു നോക്കിയപ്പോള്‍ ദാ നിക്കണ് നമ്മുടെ ടില്‍ഡ ചേട്ടന്‍

ഞാന്‍ : എന്നാ പറ്റി? എന്നാ പറ്റി? വണ്ടി മറിഞ്ഞോ?
മീശ : ഇല്ല ഇല്ല...കരി നാക്ക് വളക്കാതെ..ഞാന്‍ ഇപ്പോഴാ ഓര്‍ത്തേ, ഞാന്‍ ബാലിസ്റ്റിക്ക് മിസ്സൈലിന്റെ കാര്യം പറയാന്‍ വിട്ടു പോയെന്നു...നിങ്ങള്‍ക്ക് എളുപ്പം മനസ്സിലാവാന്‍ വേണ്ടി ഞാന്‍ ഈ ടിഷ്യൂ പേപ്പറില്‍ അതിന്റെ പ്രവര്‍ത്തന രീതികള്‍ ഒക്കെ വിശദമായി വരച്ചിട്ടുണ്ട്. ഒന്ന് നോക്കിക്കേ.

എന്റെ വിധിയെ പഴിചാരിക്കൊണ്ട് ഞാന്‍ മൈ..അല്ല മിസ്സൈല്‍ ഒണ്ടാക്കാന്‍ എഴുന്നേറ്റു. ഒരു മണിക്കൂര്‍ നീണ്ട ബാലിസ്റ്റിക്ക് പീഡനത്തിന് ശേഷം ഞാന്‍ തളര്‍ന്നു, പുറത്തേക്കു നോക്കി ഇരിപ്പായി. ഒരു 20 നിമിഷനേരം ആരും ഒന്നും മിണ്ടിയില്ല. അങ്ങേരുടെ വായ ഒന്ന് അടഞ്ഞപ്പോ തന്നെ എന്തൊരു ആശ്വാസം.

പക്ഷെ എന്റെ സന്തോഷം അധികനേരം നീണ്ടു നിന്നില്ല.

മീശ : ഈ CBE ഏത് station ആണ്? ചാലക്കുടി ആണോ ചങ്ങനാശേരി ആണോ?
ഞാന്‍ : ചാലക്കുടിയിലും ചങ്ങനാശേര്യിലും 'B' എവിടെയാ ചേട്ടാ?
മീശ : അപ്പൊ പിന്നെ ചെന്നൈയിലെ കോയംബേട് ആയിരിക്കും അല്ല്യോ?
ഞാന്‍ : കോയംബേട് ബസ്‌ സ്റ്റാന്റ് അല്ലെ? ട്രെയിന്‍ എന്നാത്തിനാ അവിടെ പോണേ?
മീശ : ആ എന്നിക്കറിയുമോ? അപ്പൊ പിന്നെ ഈ CBE എന്നതാ?
ഞാന്‍ : കോയമ്പത്തൂര്‍ എന്ന് കേട്ടിട്ടുണ്ടോ?
മീശ : ഓ ഓ ഓ ..കോയമ്പത്തൂര്‍..
ഞാന്‍ : അല്ല എന്നാ ചോദിച്ചേ ?
മീശ : അവിടുന്നാ ശ്വേത കേറുന്നത്..
ഞാന്‍ : അതാരാ ശ്വേത?
മീശ : ആ
ഞാന്‍ : പിന്നെ ഇപ്പൊ പറഞ്ഞത് ആരെ പറ്റിയാ?
മീശ : ഓ അത് റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കണ്ടതാ..ശ്വേത, F, 22, CBE, സീറ്റ് 24
ഞാന്‍ : ആഹാ ചേട്ടന്‍ ആള് കൊള്ളാമല്ലോ..കാക്കിക്കുള്ളിലും ഒരു കലാ ഹൃദയം ഉണ്ടല്ലേ?
മീശ : ആക്ച്വലി ഞങ്ങള്‍ കാക്കി അല്ല...ഒരു ഗ്രേ നിറം ആണ്...കണ്ടിട്ടില്ലേ..
ഞാന്‍ : അയ്യോ പോന്നു ചേട്ടാ ഞാന്‍ ഒരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ...
മീശ : 'കാക്കിക്കുള്ളിലെ കലാ ഹൃദയം' പഴഞ്ചൊല്ല് ആണോ?
ഞാന്‍ : പുല്ല്...വിട്ടു കള ചേട്ടാ

മീശ : ഹെഹെ...30 കഴിഞ്ഞെങ്കിലും ഞാന്‍ ഇപ്പോഴും ഒരു ബാച്ചലര്‍ ആണ് കേട്ടോ...പെണ്ണ് അന്വേഷിക്കുന്നുണ്ട് , പക്ഷെ ഒന്നും ആവുന്നില്ല..നാട്ടില്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ ഒന്നുമില്ലന്നെ
ഞാന്‍ : അതെന്നാ...ആണുങ്ങളെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ ഉള്ള നാട് അല്ലെ കേരളം?
മീശ : അതൊക്കെ ആണ്...പക്ഷെ നല്ല ഫെയര്‍ ആയിട്ടുള്ള കുട്ടികളെ മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ..എല്ലാം കൂടി ഒത്തിണങ്ങി ഫെയര്‍ ആയിട്ട് ഒരു കൊച്ചിനെ കണ്ടു കിട്ടുന്നില്ല...ഇനി കണ്ടു കിട്ടിയാല്‍ തന്നെ സാമ്പത്തികം ഒത്ത് വരണ്ടേ?
ഞാന്‍ : അതെന്നാ ചേട്ടാ..നമ്മളൊക്കെ ഇരു നിറം അല്ലെ?..പിന്നെ പെങ്കൊച്ച് വെളുവെളുത്തു ഇരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ ശരിയാണോ?
മീശ : അത് പിന്നെ നമ്മള്‍ ആണുങ്ങള്‍ക്ക് ഓരോ സങ്കല്പങ്ങള്‍ ഉണ്ടാവത്തില്ല്യോ? എനിക്ക് എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ എന്റെ ഭാര്യ ആവാന്‍ പോവുന്ന പെണ്‍കുട്ടിയെ കുറിച്ച് വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ട് .
ഞാന്‍ : അല്ല ഈ സാമ്പത്തികം എന്നുദ്ദേശിച്ചത് സ്ത്രീധനം ആണോ?
മീശ : അങ്ങനെ കൂട്ടിക്കോ
ഞാന്‍ : താങ്കളെ പോലെ വിവരോം വിദ്യാഭാസോം ഉള്ളൊരു ചെറുപ്പക്കാരന്‍ സ്ത്രീധനം വേണമെന്ന് വാശി പിടിക്കുന്നത്‌ ....
മീശ : ഇതൊക്കെ നമ്മുടെ അപ്പന്‍ അപ്പൂപ്പന്മാരുടെ കാലത്ത് തുടങ്ങിയ ഓരോ ആചാരങ്ങള്‍ അല്ല്യോ...ഇതൊന്നും തെറ്റിക്കാന്‍ ഞാന്‍ ആളല്ല.

നിങ്ങടെ കാര്യങ്ങള്‍ ഒന്നും ഞാന്‍ ചോദിച്ചില്ലല്ലോ...നിങ്ങള്‍ക്ക് അമേരിക്കയില്‍ മദാമ്മമാര് ഒക്കെ ആയിരിക്കും അല്ലെ ഗേള്‍ ഫ്രണ്ട്സ് ?
ഞാന്‍ : പിന്നെ...അവിടെ മദാമ്മമാരെല്ലാം കൂടി റോഡിലോട്ടു ഇറങ്ങി 'എന്നെ കെട്ടിക്കോ എന്നെ കെട്ടിക്കോ' എന്നും പറഞ്ഞ് നടക്കുവല്ലേ?
മീശ : വെസ്റ്റേണ്‍ കള്‍ച്ചര്‍ വളരെ മോശം ആണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഒട്ടും സദാചാരബോധം ഇല്ലാത്ത കൂട്ടരല്ലേ അവര്?
ഞാന്‍ : നമ്മളെക്കാള്‍ സദാചാരവും ബോധവും ഉണ്ട് അവര്‍ക്ക്. നമ്മക്ക് ഉള്ളത് കപട സദാചാര ബോധം ആണ്. പൊതു മദ്ധ്യേ ആണെന്ന്കില്‍ സെക്സ് എന്ന മൂന്നക്ഷരം നമ്മള്‍ കേട്ടിട്ട് കൂടിയില്ല എന്ന ഭാവമല്ലേ?...എന്നാല്‍ ജനസംഖ്യ 100 കോടിയിലധികവും. അപ്പൊ സംഭവം അറിയാം. പിന്നെ കുറേ പകല്‍ മാന്യന്മാര്‍ ഇരുട്ടിന്റെ മറ വീണാല്‍ സാരി ഉടുത്ത ഒരു മാനിക്വിന്നിനെ പോലും വെറുതെ വിടുകേല.
മീശ : മാണി കുഞ്ഞോ?
ഞാന്‍ : മാണി കുഞ്ഞല്ല.. മാനിക്വിന്‍
മീശ : അതെന്നതാ
ഞാന്‍ : പുല്ല്!
മീശ : പുല്ലോ?
ഞാന്‍ : ഓ ഞാന്‍ സുല്ല് ഇട്ടു എന്ന് പറഞ്ഞതാ. ബൊമ്മ ബൊമ്മ.
മീശ : ഓ ബൊമ്മ. നിങ്ങള് പറയുന്നതും ശരിയാ. എന്തും വേണ്ടി പീഡനങ്ങളും അക്രമങ്ങളും ആണ് ഇപ്പൊ നാട്ടില്‍ സംഭവിക്കുന്നത്‌? പത്രം വായിക്കാന്‍ തന്നെ പേടിയാ.

അതിരിക്കട്ടെ, നിങ്ങള്‍ക്ക് എന്നാ ശമ്പളം കിട്ടും? പ്രായം ഞാന്‍ ചാര്‍ട്ടില്‍ കണ്ടായിരുന്നു. വീട്ടില്‍ ആരൊക്കെ ഉണ്ട്? പെങ്ങളെ കെട്ടിച്ചതാണോ? നിങ്ങള്‍ക്കും കല്യാണ പ്രായം ആയല്ലോ? എന്റെ വകേല് ഒരു അമ്മാച്ചന്റെ അയലോക്കത്ത് ഒരു പെങ്കൊച്ച് ഉണ്ട് ..ലണ്ടനില്‍ നേഴ്സ് ആണ്. മിടുക്കിയാ...ഞാന്‍ ആലോചിക്കട്ടേ? നിങ്ങടെ ഫോണ്‍ നമ്പര്‍ ഒന്ന് തന്നേ..
ഞാന്‍ : മിടുക്കി ആന്നേല്‍ നിങ്ങള്‍ക്ക് അങ്ങ് കെട്ടാന്‍ മേലേ?
മീശ : കൊച്ചിന് എന്റെ മനസ്സില്‍ ഉള്ള ഭാവി വധുവിന്റെ അത്രേം നിറം ഇല്ല..അല്ലേല്‍ ഞാന്‍ ഒരു കൈ നോക്കിയേനെ.

ഞാന്‍ : എന്റെ പൊന്ന് ചേട്ടാ, ട്രെയിനില്‍ ആദ്യമായി കാണുന്ന ഒരാളോട് ഇത്രയും വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കണ്ട കാര്യമുണ്ടോ? പേര്‍സണല്‍ സ്പേസ് എന്നൊരു കോണ്‍സെപ്റ്റ് താങ്കള്‍ കേട്ടിട്ടുണ്ടോ?
മീശ : സ്പേസിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്‌...ചന്ദ്രനില്‍ വെള്ളം ഉണ്ടെന്നു കണ്ടു പിടിച്ചത് ഞങ്ങളുടെ ചന്ദ്രയാന്‍ ആണ്...അല്ലാതെ നിങ്ങളുടെ അമേരിക്കയല്ല.

ഇങ്ങേരോട് ഇതൊക്കെ പറയാന്‍ പോയ എന്നെ വേണം തല്ലാന്‍ ...ഇപ്പൊ ഞങ്ങടെ ഇന്ത്യ, നിന്റെ അമേരിക്ക ലെവല്‍ എത്തി...ഇനി ജപ്പാനില്‍ ബോംബ്‌ ഇട്ടതു ഞാന്‍ ആണെന്നും പറഞ്ഞ് എന്റെ പള്ളക്ക് കത്തി കേറ്റില്ലന്നു ആര് കണ്ടു...അടങ്ങി ഇരുന്നേക്കാം എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

മീശ : ഞാന്‍ മുന്‍പ് പറഞ്ഞ നേഴ്സ് കൊച്ചിനെ കാര്യം മനസ്സില്‍ വെച്ചേക്കണം കേട്ടോ...കറുമ്പി ആണേലും കൊച്ചു മിടുക്കിയാ കേട്ടോ!
ഞാന്‍ : അതെന്നാ ചേട്ടന്‍ അങ്ങനെ പറഞ്ഞേ? നിറം ഇല്ലാത്തവര്‍ക്ക് ബുദ്ധിയും കുറവായിരിക്കും എന്നാണോ വെയ്പ്പ് ?
racism പോലെ ഉള്ള ഒരു അസുഖമാ ഇതും. കളറിസം എന്ന് പറയും. എന്റെയും താങ്കളുടെയും ഉള്‍പ്പടെ എല്ലാ ഇന്ത്യാക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു രോഗം. അല്ല TV വെച്ചാല്‍ തന്നേ ഫെയര്‍ ആന്‍ഡ്‌ ലവ്ലി, ഫെയര്‍ ആന്‍ഡ്‌ ഹാന്‍ഡ്‌സം...ഇതൊക്കെയേ കാണാന്‍ ഒള്ളു...പരസ്യത്തില്‍ ഒക്കെ, അല്പം കറുത്ത് ഇരിക്കുന്നവന്‍ ഇന്റര്‍വ്യൂ എല്ലാം തോറ്റു തുന്നം പാടുന്നു...ക്രീം തേച്ച ഉടന്‍ അവന്‍ പുലി ആവുന്നു...കഷ്ടം ആണ് നമ്മടെ കാര്യം.

മീശ തല കുലുക്കി സമ്മതം മൂളി. കുറച്ചു നേരം വീണ്ടും നിശബ്ദദ. രണ്ടു പേരും പുറത്തെ കാഴ്ചകളില്‍ മുഴുകി ഇരുന്നു.

മീശ : അടുത്ത് station പോട്ട ആണ് ...സ്റ്റോപ്പ്‌ ഉണ്ടോ എന്നറിയത്തില്ല. നിങ്ങള്‍ പോട്ടയില്‍ പോയിട്ടുണ്ടോ?
ഞാന്‍ : ഇല്ല, പക്ഷെ തിരുവനന്തപുരം പേട്ടയില്‍ പോയിട്ടുണ്ട്.
മീശ : നിങ്ങള്‍ ധ്യാനത്തിന് ഒക്കെ പോവാറുണ്ടോ?
ഞാന്‍ : ഇല്ല സിനിമയ്ക്കു പോവാറുണ്ട്
മീശ : നിങ്ങള്‍ ഒട്ടും ദൈവ വിശ്വാസി അല്ല അല്ലെ ?
ഞാന്‍ : ഞാന്‍ തികഞ്ഞ ദൈവവിശ്വാസി ഒക്കെ ആണ് മാഷേ ...മതത്തിലും ജാതിയിലും ആചാരങ്ങളിലും ഒക്കെയാണ് എനിക്ക് വിശ്വാസം ഇല്ലാത്തത്.

മീശ വീണ്ടും തല കുലുക്കി...ഇത്തവണ പക്ഷെ അപ്പ്‌ ഡൌണ്‍ അല്ല...ലെഫ്റ്റ് റൈറ്റ് ആയിരുന്നു...ക്രിസ്ത്യാനികളുടെ പേര് കളയാനായിട്ട് ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും എന്നാ മട്ടില്‍.

വിശപ്പ്‌ സഹിക്കാവുന്നതിലും അപ്പുറത്ത് എത്തിയിരുന്നു അപ്പോഴേക്കും. നട്ടുച്ച ആയി..വെളുപ്പിന് കയറിയതല്ലേ. ഒരു സാധനം കഴിച്ചിട്ടില്ല ഇത് വരെ. അതെങ്ങനെയാ, വായില്‍ വെക്കാന്‍ കൊള്ളാവുന്ന ഒരു വസ്തു പോലും ഈ വഴി ഇത് വരെ കൊണ്ട് വന്നിട്ടില്ല. റെയില്‍വേയുടെ ഓരോ പുത്തന്‍ പരിഷ്കാരങ്ങള്‍ ആണത്രേ...അപ്പോം മുട്ടക്കറിയും പൊറോട്ടയും ഒക്കെ കൊണ്ട് വന്നിരുന്നവരെ ഒക്കെ പിടിച്ചു പുറത്താക്കി..ഇപ്പൊ ഇഡലി വട കൊണ്ട് വരുന്ന ഒരുത്തന്‍ മാത്രം ഒണ്ടു...എന്റെ പട്ടിക്കു വേണം ഇഡലി വട.

അപ്പോഴാണ്‌ ദേവദൂതനെ പോലെ ഒരാള്‍ മദാല്‍ദസ ആയി വന്നത്.
ഞാന്‍ : ചേട്ടാ, ഒരു മദാല്‍ദസ..അല്ല മസാല ദോശ. എന്നാ വില?
50 ഉറുപ്പിക.
ഞാന്‍ : 50 കുലുവയോ? ചേട്ടാ ഒരെണ്ണം മതി എനിക്ക് .
ഒന്നിന്റെ വിലയാടോ പറഞ്ഞത്.
ഞാന്‍ : ഇതെന്നാ പകല്‍ കൊള്ളയാ ചേട്ടാ?
വേണമെങ്കില്‍ മേടിച്ചാല്‍ മതി...ഓരോ എച്ചികള്‍ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താന്‍ ആയിട്ട് . 50 ഉറുപ്പിക കൊടുത്തു ഇത് കഴിക്കാന്‍ ഇഷ്ടം പോലെ ആള് വേറെ ഒണ്ട് മനുഷ്യാ. നിങ്ങള് എന്റെ സമയം മെനക്കെടുത്താതെ ഒന്ന് പോയെ.

മീശ : നാട്ടിലെ വിലക്കയറ്റം അതിരൂക്ഷം ആണ് മാഷേ.
ഞാന്‍ : വല്ലപ്പോഴും മാത്രം നാട്ടില്‍ വരുന്നത് കാരണം, എന്റെ മനസ്സില്‍ ഇപ്പോഴും 4-5 വര്‍ഷം മുന്നേ ഉള്ള നിരക്കുകള്‍ ആണ് ചേട്ടാ. ട്രെയിനില്‍ സുഭിക്ഷമായി കഴിക്കാന്‍ 100 രൂപയും ആയി ആണ് ഞാന്‍ ഇറങ്ങിയിരിക്കുന്നത്. ഇങ്ങനെ പോയാല്‍ 100 രൂപ മൂക്കിപ്പൊടി മേടിക്കാന്‍ പോലും തികയതില്ലല്ലോ.
മീശ : പൊടി വലിക്കും അല്ല്യോ? എനിക്ക് തോന്നി. ഏതാ ബ്രാന്‍ഡ്‌ ? പാന്‍ പരാഗും ഉണ്ടോ?
രൂക്ഷമായ ഒരു നോട്ടത്തിലൂടെ ഞാന്‍ അതിനു മറുപടി കൊടുത്തു. മനുഷ്യന് ഇവിടെ വിശന്നു കണ്ണ് കാണാന്‍ മേലാതെ ഇരിക്കുമ്പോഴാ അങ്ങേരുടെ ഒരു കോമഡി.
മീശ : വിലക്കയറ്റം കാരണം നമ്മള്‍ ചക്രശ്വാസം വലിക്കുവാ, പക്ഷെ ചുറ്റും നോക്കിയാല്‍ എല്ലാരുടെം കയ്യില്‍ പൈസ ഇഷ്ടം പോലെ ഉണ്ട് . റിയല്‍ എസ്റ്റേറ്റ്‌ ഒക്കെ കഴിഞ്ഞ 4-5 കൊല്ലത്തില്‍ പോയ ഒരു പോക്ക് കാണണം. ഓണംകേറാമൂലയില്‍ വരെ സെന്റിന് 5-6 ലക്ഷമാ വില. എത്ര ചോദിച്ചാലും കൊടുക്കാന്‍ ആളുകളും ഒണ്ട്. ഈ പൈസ ഒക്കെ എവിടുന്നു വരുന്നോ ആവോ? കുഴല്‍ പണവും കള്ളനോട്ടുകളും ഒക്കെ ആയിരിക്കണം. അതിര്‍ത്തിയില്‍ പോയി ജീവന്‍ പണയം വെച്ച് നക്കാപ്പിച്ച ശമ്പളം മേടിക്കുന്ന എന്നെ പോലെ ഉള്ളവര്‍ മണ്ടന്മാര്‍ ആവും അവസാനം. ഞാന്‍ ഒക്കെ നാല്‍പ്പതാം വയസ്സ് വരെ ചത്ത്‌ കിടന്നു പണി എടുത്താലും നാട്ടില്‍ തിരിച്ചു വന്നു ഒരു 5 സെന്റ് ഭൂമി മേടിക്കാന്‍ പറ്റും എന്ന പ്രതീക്ഷ ഇല്ല.

ഞാന്‍ : ചേട്ടന്റെ വിഷമം എനിക്ക് മനസ്സിലാവുന്നുണ്ട്. നിങ്ങള്‍ പട്ടാളക്കാരോട് എനിക്ക് വളരെ അധികം ബഹുമാനവും ആദരവും ഉണ്ട്. എല്ലാവര്ക്കും അങ്ങനെ തന്നെ ആണ് മാഷേ. നിങ്ങള്‍ പട്ടാളക്കാര്‍ അല്ലെ യഥാര്‍ത്ഥ ഹീറോസ്.
മീശ : ആദരവും കൊണ്ട് കടയില്‍ ചെന്നാല്‍ അരി മേടിക്കാന്‍ പറ്റുവോ സുഹൃത്തേ?ഈ നാട്ടില്‍ ഞങ്ങള്‍ക്ക് പുല്ല് വില ആണ്. ഞങ്ങളുടെ ശവപ്പെട്ടിക്കള്‍ക്ക് വരെ മന്ത്രിമാര്‍ കണക്കു പറഞ്ഞ് കോഴ മേടിക്കും. താങ്ക്ലെസ്സ് ജോബ്‌ എന്നൊക്കെ പറയില്ലേ? അതാണ്‌ ഞങ്ങളുടെ സ്ഥിതി.

ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തി. ഒഴിഞ്ഞു കിടന്ന ഞങ്ങളുടെ ബേയിലേക്ക് ഒരു പ്രായമായ അമ്മാവന്‍ കടന്നു വന്നു . മെലിഞ്ഞു ഉണങ്ങിയ ശരീര പ്രകൃതി. അലക്കി വെളുപ്പിച്ച് നീലം മുക്കി, വടി പോലെ കിടക്കുന്ന ഖാദി ഉടുപ്പും മുണ്ടും ആണ് വേഷം. ഇനി പഴയ വെള്ള രാഷ്ട്രീയ നേതാവും മറ്റോ ആണോ ആവോ?
അമ്മാവന്‍ ഒരു 2 മിനിറ്റ് പരിസരം ഒക്കെ വീക്ഷിച്ചതിന് ശേഷം:
മോനെ ഒരു 5 രൂപ ഉണ്ടോ എടുക്കാന്‍ ? ഒരു ചായ മേടിക്കാനാ. എന്തേലും കഴിച്ചിട്ട് ഒത്തിരി നേരം ആയി.
എനിക്ക് കഷ്ടം തോന്നി. പാവം മനുഷ്യന്‍ ..കോലം കണ്ടാലേ അറിയാം സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന്. വിലക്കയറ്റത്തിന്റെ ഒരു ഇര ആവണം.
ഞാന്‍ പഴ്സില്‍ തപ്പിത്തടഞ്ഞു ഒരു 5 രൂപ കോയിന്‍ എടുത്ത് കൊടുത്തു.
അമ്മാവന് ഒത്തിരി സന്തോഷം ആയി. ആ പ്രായമായ മുഖത്തെ സംതൃപ്തി കണ്ടപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു.
2 മിനിറ്റ് കഴിഞ്ഞപ്പോള്‍ മദാല്‍ദസക്കാരന്‍ വീണ്ടും റൌണ്ട്സിനു വന്നു
അമ്മാവന്‍ : ഡേയ് ഒരു മസാല ദോശ എട്
എന്നിട്ട് അമ്മാവന്‍ കീശയില്‍ നിന്നും 45 രൂപ എടുത്ത്, ഞാന്‍ കൊടുത്ത 5 രൂപയും കൂട്ടി കൊടുത്ത് (അയ്യേ ആ അര്‍ഥത്തിലല്ല...അഡിഷന്‍ അഡിഷന്‍ ) ഒരു മദാല്‍ ദസ മേടിച്ചു. എന്നിട്ട് ഒരു ഡയലോഗും..."രാവിലെ 9 മണിക്ക് പുട്ടും കടലേം കഴിച്ചേ പിന്നെ ഒരു വഹ കഴിച്ചിട്ടില്ല. ഇനിയും ലേറ്റ് ആക്കിയാല്‍ ഗ്യാസ് കേറും ..യേത്?"
ഞാന്‍ എന്ത് പറയണമെന്ന് അറിയാതെ, കണ്ണ് തള്ളി ഇരുന്നു പോയി. ഇങ്ങേരു രാഷ്ട്രീയക്കാരന്‍ തന്നെ. ഉറപ്പിച്ചു.

പട്ടാളക്കാരന്‍ ഇതെല്ലാം കണ്ട് ആസ്വദിച്ച്, ഒരു കള്ള ചിരിയോടെ ഇരിക്കുന്നുണ്ട്‌.
അത് കണ്ടിട്ട് എനിക്ക് കലി കയറി. അതിര്‍ത്തിയില്‍ എന്തോരം മിസ്സൈല്‍ അങ്ങോട്ടും ഇങ്ങോട്ടും പോണു..ഇങ്ങേരുടെ തലയില്‍ മാത്രം ഒന്നും വീണില്ലേ?
ദോശ കഴിച്ച്, കയ്യെല്ലാം നക്കി തുടച്ച ശേഷം അമ്മാവന്‍ എഴുന്നേറ്റു പോയി.

മീശ : നിങ്ങള്‍ ഇത് വരെ ഒന്നും കഴിച്ചില്ലല്ലോ?
ഞാന്‍ : എന്നാ ചെയ്യാനാ ചേട്ടാ?...50 രൂപ കൊടുത്ത് ദോശ മേടിച്ചു തിന്നാല്‍ തുടങ്ങിയാല്‍ മൊതലാവുമോ?..അങ്ങ് ചെന്നൈ വരെ എത്താന്‍ ഉള്ളതല്ലേ?
മീശ : അപ്പോള്‍ ഈ പത്രത്തില്‍ കണ്ടത് ശരിയാ അല്ലെ?
ഞാന്‍ : എന്ത്?
മീശ : അമേരിക്ക കുത്തുപാള എടുത്തു ഇരിക്കുവാണെന്ന്...വല്യ എഞ്ചിനീയര്‍ ആണെന്നൊക്കെ പറഞ്ഞിട്ട് നിങ്ങള്ക്ക് ഒരു ദോശ മേടിക്കാന്‍ ഉള്ള കാശ് പോലുമില്ലേ ഇഷ്ടാ?
ഞാന്‍ ഒരു വളിച്ച ചിരിയില്‍ ആ ചോദ്യം അങ്ങ് വിഴുങ്ങി.

മീശ : എന്റെ കൈയ്യില്‍ അമ്മമ്മ പൊതിഞ്ഞു തന്നു വിട്ട നല്ല പാലപ്പവും ചിക്കന്‍ ഫ്രൈയും ഉണ്ട്...നമുക്ക് ഷെയര്‍ ചെയ്യാം.
ഞാന്‍ : അയ്യോ അതൊന്നും വേണ്ട ചേട്ടായി...ചേട്ടായി നല്ലോണം കഴിക്ക്...വിശാഖപട്ടണത്തു തിരിച്ചെത്തിയാല്‍ പിന്നെ വായില്‍ വെക്കാന്‍ കൊള്ളാവുന്നത് ഒന്നും കിട്ടില്ലല്ലോ...
മീശ : അതൊന്നും സാരമില്ല മാഷേ...നിങ്ങള്‍ വിശന്നിരിക്കുമ്പോ ഞാന്‍ എങ്ങനെയാ ഒറ്റയ്ക്ക് കഴിക്കുന്നെ? അല്ലേലും 2-3 ആള്‍ക്കുള്ള ഭക്ഷണമാ അമ്മമ്മ എപ്പോഴും പായ്ക്ക് ചെയ്തു തരുന്നത്. നമുക്ക് ഒരുമിച്ചു കഴിക്കാം.

ഇത്രേം സ്നേഹത്തോടെ ക്ഷണിക്കുമ്പോള്‍ നമ്മള്‍ നിരസിക്കുന്നതു എങ്ങനെയാ? പിന്നെ നല്ല വിശപ്പും ഉണ്ടേ...ഞാന്‍ ഓഫര്‍ സ്വീകരിച്ചു. എനിക്ക് മനസ്സില്‍ ചെറിയ ഒരു കുറ്റബോധം തോന്നി...ഇത്രയും തങ്കപ്പെട്ട ഒരു മനുഷ്യനെ പറ്റി ആണല്ലോ ഞാന്‍ ഇത്രേം നേരം കുറ്റം പറഞ്ഞ് കൊണ്ടിരുന്നത്...എത്ര ബോറന്മാര് ആണേലും നമ്മള്‍ മലയാളികളുടെ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഓരോ കോണില്‍ ഒരു കണിക നന്മ ഒളിച്ചിരിപ്പുണ്ട് അല്ലെ?
പാലപ്പം ഒരു കഷ്ണം മുറിച്ചു ഞാന്‍ ചിക്കന്‍ ഫ്രൈയും കൂട്ടി ഒരു പിടി പിടിപ്പിച്ചു ...ആഹ എന്നാ ടേസ്റ്റ്...ഉഗ്രന്‍ ! എന്റെ മുഖത്ത് ഒരു 70 mm ചിരി താനേ വന്നു ഇരുന്നു.

മീശ : ഞാന്‍ പറയാന്‍ വിട്ടു പോയ ഒരു കാര്യം ഉണ്ട് കേട്ടോ
ഞാന്‍ : അതെന്നാ ചേട്ടാ? ഇനി ബീഫ് ഉലത്തിയതും ഉണ്ടെന്നാണോ? ചേട്ടന്‍ നിര്‍ബന്ധിക്കുകയാനെങ്കില്‍ ...
മീശ : അതൊന്നുമല്ലേ ഹേ! നിങ്ങള്‍ ഈ സ്കഡ് മിസ്സൈല്‍ സ്കഡ് മിസ്സൈല്‍ എന്ന് കേട്ടിട്ടുണ്ടോ?
എന്റെ മുഖത്തെ 70mm ചിരി പെട്ടന്ന് ജോസ് പ്രകാശിനെ കണ്ട സീമയുടെ എക്സ്പ്രഷന് വഴി മാറി.

ഈശ്വരാ...പാലക്കാട് പോലും കഴിഞ്ഞിട്ടില്ല..ഇനിയും കിടക്കുന്നു കൊട്ട കണക്കിന് സ്ടോപ്പുകള്‍ ..ഈ പാലപ്പത്തിന്റെ പേരില്‍ ഇങ്ങേരു എന്നെ ഒറ്റയ്ക്ക് നിര്‍ത്തി ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല നടത്തുമല്ലോ...ഇനി ഇപ്പൊ ഒന്നും ചെയ്യാനും പറ്റില്ല...അപ്പത്തില്‍ ഞാന്‍ വീണു പോയില്ലേ...പ്രലോഭനങ്ങളില്‍ വീഴരുത് എന്ന് മഹാന്മാര്‍ പണ്ടേ പറഞ്ഞത് ചുമ്മാതല്ല ...ഇനി ഇപ്പൊ സഹിക്കുകയെ നിവര്‍ത്തി ഒള്ളു.
മീശ : എന്നതാ ഈ ആലോചിക്കുന്നെ?
ഞാന്‍ : ഏയ്‌ ഒന്നുമില്ല...അതെന്നാ സംഭവം? ചേട്ടന്‍ പറ.
മീശ : തും ടീക്ക് സെ സുന്‍ ലോ...ഈ സ്കഡ് മിസ്സൈല്‍ സ്കഡ് മിസ്സൈല്‍ എന്ന് വെച്ചാല്‍ ...
എന്നെ കളിയാക്കും വണ്ണം എന്ന പോലെ, ഒരു ചൂളവും വിളിച്ചു കൊണ്ട് കോര്‍ബ എക്സ്പ്രസ്സ്‌ പാലക്കാടന്‍ അതിര്‍ത്തി കടന്നു കുതിച്ചു...ചെന്നൈ ഇനിയും 9 മണിക്കൂര്‍ അകലെ.