Saturday, April 4, 2009

ഒരു തണുത്ത വെളുപ്പാംകാലത്ത്‌ (എപ്പിഡോസ് 1)

സമയം ഏതാണ്ട് രാവിലെ എട്ടു എട്ടേകാല്‍ എട്ടര...ഒരു ഒന്‍പതു മണി ആയിക്കാണും. ഇലകള്‍ എല്ലാം കൊഴിഞ്ഞ ഒരു വല്യ മരത്തില്‍ ആരോ എന്നെ കെട്ടി ഇട്ടിരിക്കുക ആണ്. കിഴക്ക് സൂര്യന്‍ ഉദിച്ചു വരുന്നതെ ഒള്ളു. വിന്‍റെര്‍ ഒക്കെ അല്ലെ, സൂര്യന് തോന്നുമ്പോ ഒക്കെയാണ് രാവിലെ കെട്ടി എടുക്കുന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. ചുറ്റും എങ്ങും ഒരു ഈച്ചയെ പോലും കാണാനില്ല. ഒരു വല്ലാത്ത നിശബ്ദദയും. 

പെട്ടന്ന് ഒരു കുതിരയുടെ കുളമ്പടി ശബ്ദം കേള്‍ക്കാന്‍ തുടങ്ങി ..ഭീതിയാര്‍ന്ന കണ്ണുകളോടെ ഞാന്‍ എത്തിയേന്തി വലിഞ്ഞു നോക്കി. ഹെന്റമ്മച്ചി!!..എന്‍റെ പ്രോഫ്. മരണന്‍ അല്ലെ വരുന്നത്. ഇതെന്തു കോലം പക്ഷെ? റോമന്‍ ചക്രവര്‍ത്തിമാരുടെ ഉടുപ്പ് ഒക്കെ ഇട്ട്, ഒരു കൈയ്യില്‍ ഇഡലി തട്ടും മറു കൈയ്യില്‍ ഒരു ചാട്ട വാറും, തലയില്‍ അന്ന അലൂമിനിയം കിരീടവും ഒക്കെ വെച്ച്...ഇങ്ങേരിതു എന്തുവാ ഗ്ലാഡിയേറ്ററീനു പഠിക്കുവാണോ? പുള്ളി കുതിരയെ ബ്രേക്ക് ഇട്ട് നിറുത്തി , അഞ്ജു ബോബി ജോര്‍ജിനെ മനസ്സില്‍ ധ്യാനിച്ച് ഒറ്റ ചാട്ടം. കൈയ്യിലെ ചാട്ട വാറുമായ് എന്‍റെ നേരെ ആണ് വരവ്. എന്റെ ഹൃദയമിടിപ്പ്‌ നാട്ടിലെ ഇലക്ട്രിസിറ്റി മീറ്റര്‍-ഇനെക്കാള്‍ വേഗത്തില്‍ ആയോ എന്നൊരു സംശയം...എനിക്ക് ഇങ്ങേരെ പേടി ഒന്നും ഒണ്ടായിട്ടല്ല ...പിന്നെ ഒരു ഭയം. 


പുള്ളിക്കാരന്‍ എന്റെ മുന്നില്‍ വന്നു നിന്നിട്ട് എന്റെ കണ്ണുകളില്‍ തുറിച്ചു നോക്കി ഒറ്റ ചോദ്യം - "കഴിഞ്ഞ 3 സ്റ്റാറ്റസ് മീറ്റിങ്ങ്-ഇലും നിന്റെ സ്റ്റാറ്റസ് 'നോ പ്രോഗ്രസ്സ് ' എന്നാണല്ലോ ? നീ റിസേര്‍ച്ച് എന്നും പറഞ്ഞു ഇവിടെ കിടന്നു എന്നാ ഒലത്തുവാ? ഇങ്ങനെ കാള കളിച്ചു നടക്കാന്‍ പറ്റുകേല , എന്നതാ നിന്റെ ഉദ്ദേശം?" മലയാളി അല്ലാത്ത ഇങ്ങേരു ഇതെങ്ങനെ തനി അച്ചായന്‍ ഭാഷയയില്‍ തെറി അഭിഷേകം നടത്തുന്നു എന്നാലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ഞാന്‍ എന്തെങ്ങിലും മിണ്ടുന്നതിനു മുന്നേ തന്നെ ആദ്യത്തെ അടി വീണു - മുതുകത്ത്...പിന്നെ അവിടുന്നങ്ങോട്ട് നിന്ന് തിരിയാന്‍ സമയം ഇല്ലായിരുന്നു. ദേഹത്ത് കീരിക്കാടന്‍ ജോസിന്റെ പ്രേതം കേറിയ പോലത്തെ പെര്‍ഫോര്‍മന്‍സ് അല്ലായിരുന്നോ മരണന്‍ കാഴ്ച വെച്ചത്. "ലേലു അല്ലു ലേലു അല്ലു , ക്ഷമിശമേകൂ പ്രൊഫസര്‍ " എന്ന് ഞാന്‍ കരഞ്ഞു പറയുന്നത് മാത്രം ഓര്‍മ ഒണ്ട്. അപ്പോഴേക്കും എന്‍റെ ബോധം ഏതാണ്ട് പൂര്‍ണമായും നശിച്ചിരുന്നു. അല്ലെങ്ങില്‍ സാധാരണ ഒത്തിരി ബോധം ഒള്ള കൂട്ടത്തിലാണ് എന്നല്ല ഉദ്ദേശിച്ചത്, പക്ഷെ പറയാനോള്ളത് പറയണമല്ലോ. എന്‍റെ ബോഡി വെല്ല കൊക്കയിലോ മറ്റോ കൊണ്ട് തള്ളാന്‍ പ്രൊഫസര്‍ അങ്ങേരുടെ ശിങ്കിടികളോട് ആജ്ഞാപിക്കുന്നത് അബോധാവസ്ഥയിലും ഞാന്‍ കേട്ടു. വാബാഷ് നദിയുടെ അങ്ങേ കരയിലെ കൊക്കയില്‍ കൊണ്ട് തള്ളാന്‍ അവര്‍ പ്ലാന്‍ ഇടുന്നതും , എന്നെ അവിടെ കൊണ്ട് തട്ടുന്നതും എല്ലാം അവ്യക്തമായി ഓര്‍മ ഒണ്ടു. 


ബോധം തിരിച്ചു വരുമ്പോള്‍ ഞാന്‍ കൊക്കയുടെ അഗാധതയിലേക്ക്‌ ഉരുണ്ടു വീണു കൊണ്ടിരിക്കുവാണ്. തിരുവനന്തപുരത്തെ 'ന്യൂ തിയേറ്റര്‍'-ഇലെ DTS-ഇനെ വെല്ലുന്ന രീതിയില്‍ 8 ദിക്കും മുഴങ്ങുമാറൊരു dolby digital നിലവിളിയോടെ ഞാന്‍ താഴെ ലാന്‍ഡ്‌ ചെയ്തു. വേദന കടിച്ചമര്‍ത്തി ഞാന്‍ മെല്ലെ കണ്ണ് തുറന്നു ചുറ്റും നോക്കി ...കണ്ണ് ഓപ്പറേഷന്‍ കഴിഞ്ഞവന്റെ കണ്ണിലെ കെട്ടഴിക്കുമ്പോ slow motion-ഇല്‍ കാഴ്ച വരുന്ന പോലെ , പതുക്കെ ഓരോന്നായി ക്ലിയര്‍ ആയി തുടങ്ങി. 'TVM-DXB-LHR-ORD' സ്റ്റിക്കര്‍ ഒക്കെ ഒട്ടിച്ച പെട്ടികള്‍...പഴയ പേപ്പറും പുസ്തകങ്ങളും...പിന്നെ കൊറേ ചപ്പു ചവറും..മൊത്തത്തില്‍ നല്ല പരിചയം ഒള്ള സ്ഥലം. ഞാന്‍ എന്‍റെ കട്ടിലിന്‍റെ അടിയില്‍ ആണ് ലാന്‍ഡ്‌ 
ചെയ്തത് എന്ന് വൈകാതെ എനിക്ക് മനസ്സിലായി.


besssst!!...അപ്പൊ ഈ കണ്ട ആക്ഷന്‍ സീക്വെന്‍സ് മുഴുവന്‍ സ്വപ്നം ആയിരുന്നോ? രാത്രി കിടക്കും മുന്നേ ബൈബിള്‍ വായിച്ചിട്ട് കിടക്കണം എന്ന് അമ്മ നൂറു വട്ടം പറഞ്ഞിട്ടുള്ളതാ. ആര് കേള്‍ക്കാന്‍ ..ഇന്നലെ രാത്രി 'മീശമാധവന്‍' കണ്ടതിന്റെയും, വൈകിട്ട് പ്രോഫിന്റെ തെറി കേട്ടതിനെയും കൂടി മിക്സെഡ് ഇഫക്ട് ആവണം ഈ ജാതി സ്വപ്നം. ഞാന്‍ പതുക്കെ കട്ടില്കീഴില്‍ നിന്നും എഴുന്നേറ്റു മുതുകത്തൊക്കെ ഒന്ന് തടവി നോക്കി...ചാട്ടവാര്‍ അടി കൊണ്ട പാട് വെല്ലോം ഒണ്ടോ ഇനി? ഏയ് ഇല്ല ...അപ്പൊ അത് സ്വപ്നം തന്നെ ആയിരുന്നു ..ഷുവര്‍ ...ഹാ അല്ലേലും നേരിട്ട് എന്നെ വന്നു അടിക്കാന്‍ അങ്ങേരു കൊറച്ചു പുളുത്തും...ഹല്ലാ പിന്നെ ...നമ്മള്‍ ആരാ മോന്‍!! ...ചമ്മല്‍ മാറാന്‍ ആത്മപ്രശംസ ഒന്നര ടീ-സ്പൂണ്‍ ആഹാരത്തിന് മുന്‍പ് നല്ലതാണെന്ന് റേഡിയോ- ഇല്‍ കേട്ടിട്ടുണ്ട്.  


എന്നാലും ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ , ഞാന്‍ പതുക്കെ ജനാലയിലൂടെ പുറത്തേക്കു നോക്കി ...ഇനി വെല്ല കുതിരയും കറങ്ങി നില്‍പ്പുണ്ടോ ഈ ഭാഗത്തെങ്ങാനും ...ഏയ് ഇല്ല ..റോഡ്- ഇല്‍ കുമിഞ്ഞു കിടക്കുന്ന മഞ്ഞു നീക്കാന്‍ വേണ്ടി വന്ന മഞ്ഞു മാന്തി ട്രക്ക് മാത്രേ ഒള്ളു പുറത്തു. ഞാന്‍ ഓടി പോയി എന്‍റെ ലാപ്ടോപ് ഓണ്‍ ചെയ്തു ...'face recognition' ഒക്കെ ഒള്ള വല്യ സെറ്റപ്പ് ആണ്...ലാപ്ടോപ് സ്ക്രീന്‍-ഇല്‍ നോക്കി പുഞ്ചിരിച്ച് കൊണ്ട് ഞാന്‍ അമിതാബ് ബച്ചന്‍ സ്റ്റൈല്‍ -ഇല്‍ ആജ്ഞാപിച്ചു - 'കമ്പ്യൂട്ടര്‍-ജീ എന്നെ ലോഗിന്‍ ചെയ്യൂ ', എന്‍റെ മോന്തായം കണ്ടതും 'ഹെന്റമ്മച്ചി ഇതേതാ ഈ തെണ്ടി ...login failed' എന്നും പറഞ്ഞു ലാപ്ടോപ് വീണ്ടും  ഉറക്കതിലേക്ക് വഴുതി ...ലാപ്ടോപ്-ഇനെ പറഞ്ഞിട്ട് കാര്യമില്ല , ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ എന്നെ ചിലപ്പോ എനിക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാറില്ല ...ഡ്രില്‍ മാഷ് അറ്റന്‍ഷന്‍ എന്ന് പറഞ്ഞ പോലെ വടി പോലെ നിക്കുന്ന തലമുടിയും , കൊച്ച് പിള്ളേരെ പോലെ വായില്‍ നിന്നും ആതിരപ്പള്ളി വെള്ളച്ചാട്ടത്തെ വെല്ലുന്ന ഈത്വയും ഒക്കെ ഒലിപ്പിച്ചു...കൂടുതല്‍ പറഞ്ഞു സ്വന്തം വില കളയുന്നില്ല. മുഖം കഴുകി , മുടി ഒക്കെ ഒതുക്കി തിരിചെത്ത്തിയപ്പോ ലാപ്ടോപ് കനിഞ്ഞു , ലോഗിന്‍ ചെയ്യാന്‍ സമ്മതിച്ചു. ഞാന്‍ weather.com ചെക്ക് മാടിയപ്പോ ഞെട്ടി...ഈ മാര്‍ച്ച് രണ്ടാം വാരവും വെസ്റ്റ് ലഫയെട്ടിലെ താപനില മൈനസ് 28 degree celsius - എന്നെത്തെയും പോലെ വീട്ടില്‍ തന്നെ പുതച്ചു മൂടി കുത്തി ഇരിക്കാന്‍ ആണ് വിധി.


ഞാന്‍ വീണ്ടും ജനാലയില്‍ കൂടി നോക്കെതദൂരതെക്ക് കണ്ണും നട്ട് ഇരുന്നു. മേലെ നല്ല തെളിഞ്ഞ നീലാകാശം, മഞ്ഞുകാലം ആയതിനാല്‍ താഴെ എങ്ങും ഒരു വെളള പരവതാനി വിരിച്ച പോലെ , അങ്ങ് ഇങ്ങു ഇലകള്‍ എല്ലാം കൊഴിഞ്ഞ 5-6 മരങ്ങള്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍- ഇല്‍ മലയാളം സംസാരിച്ചതിന് തല മൊട്ടയടിച്ചു ഗ്രൌണ്ട്- ഇല്‍ കൊണ്ട് നിര്‍ത്ത്തിയെക്കുന്ന പിള്ളേരെ പോലെ നില്‍ക്കുന്നു. Spring break ആയതു കൊണ്ട് ക്യാംപസില്‍ പിള്ളേര്‍ അധികം ഇല്ല ...അത് കൊണ്ട് തന്നെ റോഡില്‍ വല്യ ട്രാഫിക്കും ഇല്ല. മൊത്തത്തില്‍ ഒരു അവാര്‍ഡ് പടം പോലെ ഒണ്ടു. 5 മിനിറ്റ് കൂടുമ്പോ ഒരു കാര്‍ പോയാലായി. അത് വരെ ക്യാമറ വല്ല മരത്തിന്റെ ചില്ലയിലോ , സ്ട്രീറ്റ് ലൈറ്റ്-ഇലോ ഫോക്കസ് ചെയ്തു വെക്കണം !!ഏകാന്തതയുടെ അപാര തീരത്തേക്ക് നോക്കിയിരുന്നപ്പോ, ഒരു ഫിലോസഫിക്കല്‍ മൂടിലേക്ക് ഞാന്‍ അറിയാതെ ഊളിയിട്ടു ഇറങ്ങി. ഞാന്‍ അലമാര തുറന്നു പഴയ ഫോട്ടോ ആല്‍ബമെല്ലാം പുറത്തെടുത്തു. ഫോട്ടോ-കളോടൊപ്പം എന്‍റെ മനസ്സും ഒരു ഫ്ലാഷ് ബാക്കിലേക്ക്‌ മെല്ലെ നീന്തി. ഫ്ലാഷ് ബാക്ക് എന്ന് പറയുമ്പോ ഈ കഥ ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ്-ഉം ഈസ്റ്മാന്‍ കളര്‍-ഉം ഒന്നും അല്ലാട്ടോ. ഇതും കളര്‍ തന്നെയാ. ഒരു 8 കൊല്ലം പിന്നോട്ട് പോണം ..അത്രേം മതി.
(തുടരും)

3 comments:

അനൂപ് said...

അളിയോ... നീ പൊന്നപ്പന്‍ അല്ലെടാ... നീയാണ് തങ്കപ്പന്‍... തങ്കപ്പന്‍ !!!
ചീറി എന്ന് പറഞ്ഞാല്‍ പോര... പൊളിച്ചടുക്കി...പ്രൊഫ്‌ വരുന്ന സീന്‍ തൊട്ടു അങ്ങേരുടെ പീഡന പര്‍വ്വം വരെ എന്താ പെട... ഹ ഹ ...
കോട്ടുന്നില്ല ... കോട്ടന്‍ കൊറേ അധികം ഉണ്ട് :)
ഇതിനു കുറച്ചു പ്രചാരം വേണമല്ലോ മോനെ ... കിടിലന്‍ എഴുത്ത്... ബാക്കി കൂടി പോയി വായിക്കട്ടെ...
ഓടോ: ഇത് നിന്റെ സഹൃദയരായ അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ അങ്ങേരെ വായിച്ചു കേള്‍പ്പിച്ചാല്‍ "പുരുഷു എന്നെ അനുഗ്രഹിക്കണം" എന്ന് പറഞ്ഞു നീ ആ വഴിക്ക് പോവാതിരിക്കാവും നല്ലത് ;)

DJ said...

"പുരുഷു എന്നെ അനുഗ്രഹിക്കണം"
LOL :D
Gud one Anoopiii :)

Visala Manaskan said...

‘ഞാന്‍ വീണ്ടും ജനാലയില്‍ കൂടി നോക്കെതദൂരതെക്ക് കണ്ണും നട്ട് ഇരുന്നു. മേലെ നല്ല തെളിഞ്ഞ നീലാകാശം, മഞ്ഞുകാലം ആയതിനാല്‍ താഴെ എങ്ങും ഒരു വെളള പരവതാനി വിരിച്ച പോലെ , അങ്ങ് ഇങ്ങു ഇലകള്‍ എല്ലാം കൊഴിഞ്ഞ 5-6 മരങ്ങള്‍..‘

ചുള്ളമണി.. ഇവിടെ ഒരു മൂഡ് ക്രിയേറ്റ് ചെയ്തു. ഒരു സംശയവുമില്ല. ഇതെഴുതിയ ആളിൽ ഒരു എഴുത്തുകാരനുണ്ട്. കീപ്പ് ഗോയിങ്ങ്!