Friday, March 5, 2010

ഓര്‍ക്കുട്ടും ഫേസ്ബുക്കും പിന്നെ ഞാനും (എപ്പിഡോസ് 1)

വീണ്ടും ഒരു തിങ്കളാഴ്ച. പത്തു പന്ത്രണ്ട് മണിക്കൂര്‍ നീണ്ട കുംഭകര്‍ണ സേവക്കു ശേഷം ഞാന്‍ മെല്ലെ കണ്ണ് തുറന്നു. ഒച്ച ഉണ്ടാക്കിയതിനു അലാറം എടുത്തു വലിച്ചു എറിഞ്ഞതായി ചെറുതായി ഓര്‍ക്കുന്നു. ഇനി അത് എവിടെയാണെന്ന് തപ്പാന്‍ കണ്ണട വേണം. ഒന്നാം ലോക മഹാ യുദ്ധം കഴിഞ്ഞ പോലെ ആണ് മുറിയുടെ കിടപ്പ്...ഇവിടെ നിന്നും ഒരു കണ്ണട തപ്പി എടുക്കുക എന്ന് പറഞ്ഞാല്‍ അത്ര നിസ്സാര കാര്യമല്ല. അതുകൊണ്ട് കണ്ണട തപ്പല്‍ പിന്നത്തേക്ക് മാറ്റി വച്ചിട്ട്, ഞാന്‍ തപ്പിത്തടഞ്ഞ്, മുന്നാറിലെ JCB യെ പോലെ വഴിയില്‍ ഉള്ളതെല്ലാം ഇടിച്ചു നിരത്തിക്കൊണ്ട്‌ ലാപ്‌ടോപ്പിന്‍റെ അടുത്തേക്ക് നടന്നു . സ്കൂളില്‍ ഒക്കെ പഠിക്കുന്ന സമയത്ത്, തിങ്കളാഴ്ച എന്ന് വെച്ചാല്‍ ഒരു പേടിസ്വപ്നം ആയിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ വീട്ടിലെ അന്തരീക്ഷം ശോകമൂകം ആവും...കൃത്യമായി പറഞ്ഞാല്‍ ദൂരദര്‍ശനില്‍ മലയാള സിനിമ കഴിഞ്ഞ്, 6.30 ക്ക് 'ഡെന്‍വര്‍ ദി ലാസ്റ്റ് ഡൈനസോര്‍' കഴിയുന്ന ഉടന്‍. ഒരു ലോഡ് ഹോംവര്‍ക്ക്‌ ചെയ്യാന്‍ ഉണ്ടെന്ന തിരിച്ചറിവും, അതിന്റെ കൂടെ ഇടി വെട്ടിയവന്റെ തലയില്‍ പാമ്പ് വേലായുധന്‍ കടിച്ചു എന്നാ മട്ടില്‍ ഒരു പവര്‍ കട്ടും!! മൊത്തത്തില്‍ ഒരു വിനയന്‍ സിനിമ കാണുന്ന പോലെ വേദനാജനകം ആയിരുന്നു ഞായറാഴ്ച വൈകുന്നേരങ്ങള്‍. തിങ്കളാഴ്ച സ്വാഭാവികമായും താമസിച്ചു എഴുന്നേല്‍ക്കും, അത് കൊണ്ട് തന്നെ സ്കൂള്‍ ബസ്‌ മിസ്സ്‌ ആവും. പിന്നെ അച്ഛന് പണി ആണ്. എന്നേം കൊണ്ട് സ്കൂട്ടറില്‍ സ്കൂള്‍ ബസ്സിനെ ഫോളോ ചെയ്യണം. പൂജപ്പുര നിന്നും മരുതംകുഴി വരെ ചെയിസ് ചെയ്ത്, ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത്, അച്ഛന്‍ വണ്ടി കുറുകെ നിര്‍ത്തുന്നതോടെ , ഞാന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ സ്ലോ മോഷനില്‍ ഇറങ്ങി, ആവശ്യമുള്ള മ്യൂസിക്‌ ഒക്കെ സ്വയം പ്ലേ ചെയ്ത്, ബസ്സില്‍ കയറും. ഹാ, അതൊക്കെ ഒരു കാലം...മണ്ടേ മോര്‍ണിംഗ് ബ്ലൂസിന്റെ കാലം . ഇപ്പൊ പണ്ടത്തെ പോലെ മണ്ടേ മോണിംഗ് ബ്ലൂസ് ഒന്നുമില്ല . വീക്ക്‌ ഡേ ആയാലും വീക്കെണ്ട് ആയാലും, ഓണം വന്നാലും താങ്ക്സ്ഗിവിംഗ് വന്നാലും മിസ്റ്റര്‍ കോരന്‍സ് കുമ്പിളില്‍ റൈസ് സൂപ്പ് എന്ന് പണ്ടാരോ പറഞ്ഞ പോലെയാണ് കാര്യങ്ങള്‍. മനുഷ്യരോടൊക്കെ ഒന്ന് നേരിട്ട് മിണ്ടിയിട്ടു എത്ര കാലമായി!...ഇപ്പൊ വര്‍ച്ച്വല്‍ യുഗമല്ലേ? ഫോണും സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങും ഒക്കെയാണ് പുറം ലോകവുമായി ആകെ ഉള്ള ബന്ധം. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മടെ തോമസ്‌ ഹാര്‍ഡി അച്ചായന്റെ പൊസ്തകത്തിന്റെ പേര് പോലെ ആണ് ഇപ്പോഴത്തെ ഒരവസ്ഥ - 'ഫാര്‍ ഫ്രം ദി മാഡിംഗ് ക്രൌഡ് '. മലയാളത്തില്‍ ട്രാന്‍സ്പോര്‍ട്ട് ചെയ്ത് പറഞ്ഞാല്‍ , മാടി വിളിക്കുന്ന ജനക്കൂട്ടത്തില്‍ നിന്നും വളരെ അകലെ...കിലോമീറ്റര്‍സ് ആന്‍ഡ്‌ കിലോമീറ്റര്‍സ് എവേ.

ലാപ്‌ടോപ്പിന്റെ മൂട്ടില്‍ നിന്നും കണ്ണട കിട്ടി. അതെടുത്തു മൂക്കത്ത് ഫിറ്റ്‌ ചെയ്തു, ഒരു നിമിഷം പോലും വൈകാതെ ജീ-മെയില്‍ , ഓര്‍ക്കുട്ട് , ഫേസ്ബുക്ക്‌ , ട്വിറ്റെര്‍ , ഫ്ലിക്കര്‍ , പിക്കാസ, കോടാലി എന്നിവയില്‍ എല്ലാം നിരത്തിപ്പിടിച്ചു ലോഗിന്‍ ചെയ്തു...പ്രഭാത കര്‍മങ്ങള്‍ എന്നാല്‍ ഇവയൊക്കെയാണ് ഇപ്പോള്‍. പല്ല് തേച്ചില്ലെങ്ങിലും സാരമില്ല, ബാക്കി ഉള്ളവരുടെ ഒക്കെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയണ്ടേ? സ്വന്തം ജീവിതം കോഞ്ഞാട്ട ആയിട്ട് എങ്ങോട്ട് ആണ് പോവുന്നത് എന്ന് വല്യ പിടിയില്ല, എങ്കിലും മലയാളിയുടെ രക്തമല്ലേ ദേഹത്ത് ഓടുന്നത്? അപ്പോള്‍ വല്ലവന്‍റെയും കാര്യത്തില്‍ ശ്രദ്ധ കൂടും. ഓര്‍ക്കുട്ടില്‍ ലോഗിന്‍ ചെയ്തു...ശൊ! പണ്ട് ആനയും അമ്പാരിയും അംബാനിയും ഒക്കെ ഉണ്ടായിരുന്ന ഒരു തറവാട് ക്ഷയിച്ച പോലെയാണ് എന്‍റെ ഓര്‍ക്കുട്ട് അക്കൌണ്ടിന്റെ അവസ്ഥ. ഒരുകാലത്ത് ദിവസം 10-50 സ്ക്രാപ്പ് വന്നിരുന്നതാ...ഇപ്പൊ 3-4 ആഴ്ച കൂടുമ്പോ ആരേലും ഒരു സ്ക്രാപ്പ് ഇട്ടാലായി. വല്ലപ്പോഴും ഏതേലും ബ്രസീലിയന്‍ സുന്ദരികള്‍ 'ഞാന്‍ നിന്നെ ദത്ത് എടുത്തോട്ടെ രാജകുമാരാ? ' എന്ന് ചോദിച്ചു സ്ക്രാപ്പ് ഇട്ടാലോ, ഫ്രാണ്ട്ഷിപ് റിക്വസ്റ്റ് അയച്ചാലോ മാത്രമാണ് ഒരാശ്വാസം . പക്ഷെ ശരിക്കും ബ്രസീലിയന്‍ ആണോ അതോ കുംബളങ്ങയില്‍ ഉള്ള വല്ല അലവലാതിയുടെയും ഫെയ്ക്ക് പ്രൊഫൈല്‍ ആണോ എന്നറിയാതെ ധൈര്യമായി അക്സെപ്റ്റ് ചെയ്യാന്‍ പറ്റുമോ? അതുമില്ല. ഓര്‍കുട്ടിന്റെ ആകെ ഉള്ള ഗുണം എന്താണെന്നു വെച്ചാല്‍ നമ്മുടെ പേരിലും പത്തമ്പത് ഫാന്‍സ്‌ ഉണ്ടാവും എന്നുള്ളതാണ്. ഇക്കാലത്ത് ഒരു ഫാന്‍സ്‌ അസോസിയേഷന്‍ കൈയ്യില്‍ ഉള്ളത് നല്ലതാണ്. സുകുമാര്‍ അഴീകോടിനെ പോലെ ആരേലും നമുക്കെതിരായി കണാകുണാ വര്‍ത്തമാനം പറഞ്ഞാല്‍ ഫാന്‍സിനെ വിട്ട് അങ്ങേരെ തല്ലുകയോ, അങ്ങേരുടെ കോലം കത്തിക്കുകയോ ഒക്കെ ചെയ്യാല്ലോ? സുഹൃത്തുക്കള്‍ എല്ലാവരും തന്നെ ഫേസ്ബുക്കിലേക്ക് ചേക്കേറിയിട്ട് വര്‍ഷം 3 ആയി. ഓര്‍ക്കുട്ടില്‍ ജോയിന്‍ ചെയ്തിട്ട് 6 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് വേണ്ടി ഗൂഗിള്‍ പെന്‍ഷന്‍ പദ്ധതിയോ വെല്ലോം നടപ്പാക്കിയാല്‍ മിസ്സ്‌ ആവണ്ട എന്നോര്‍ത്ത് മാത്രം നമ്മള്‍ കടിച്ചു തൂങ്ങി കിടക്കുന്നുവെന്നെ ഉള്ളു...അതിമോഹം ആണെന്ന് അറിയാം, പക്ഷെ സലിം കുമാര്‍ പറയുന്ന പോലെ, 'ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ'? ബിരിയാണിയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്‌...ഉച്ചക്ക് കൊണ്ട് പോവാന്‍ ഉള്ള ഫുഡ്‌ ഒന്ന് ചൂടാക്കണം. ഇന്നലെ ഉണ്ടാക്കിയ മീന്‍ അവിയലും സാമ്പാറും ഒന്നെടുത്ത് അടുപ്പത്ത് വെക്കട്ടെ.

(തുടരും)

8 comments:

Rejeesh Sanathanan said...

മാടി വിളിക്കുന്ന ജനക്കൂട്ടത്തില്‍ നിന്നും വളരെ അകലെ......

അത് സത്യം............

DJ said...

മാറുന്ന മലയാളി,
ഇത് വഴി വന്നതിനു വളരെ അധികം നന്ദി ഒണ്ട് മാഷേ :)

അനൂപ് said...

എന്റെ പോന്നീശോ ...
എന്നാ പെടയാടാ മോനെ ഇത്...
കോട്ടുന്നില്ല... അത്ര മാത്രം ഉണ്ട് സംഗതികള്‍ ...
ആ ഓര്‍ക്കുട്ട് - ഫേസ് ബുക്ക്‌ മൈഗ്രേഷന്‍ സംഭവം കലക്കി... പിന്നെ ഗൂഗിള്‍ പെന്‍ഷന്‍ പദ്ധതി ഉണ്ടെങ്കില്‍ എന്നെയും അറിയിക്കണേ... എന്തിനാ വെറുതെ നമ്മളായിട്ട് ...
ഞാന്‍ വീണ്ടും വീണ്ടും ഊന്നി ഊന്നി പറയുകയാണ്‌... നീ സ്ഥിരമായി എഴുതി തുടങ്ങേണ്ട കാലം അതിക്രമിച്ചു...
കലക്കന്‍ പോസ്റ്റ്‌... 2-3 ഭാഗങ്ങള്‍ വായിച്ചിട്ട് വരാം... :)

അനിയന്‍കുട്ടി | aniyankutti said...
This comment has been removed by the author.
അനിയന്‍കുട്ടി | aniyankutti said...
This comment has been removed by the author.
അനിയന്‍കുട്ടി | aniyankutti said...

ഹ്ഹീഹി!!
ബ്രഹ്മാണ്ഡമൂറുന്നൊരോര്‍ക്കുടത്തിങ്കലെവിടെയോ...
എവിടെയോ...
തപമാണ്‌ ചെലരൊക്കെ (ഇപ്പഴും..)
ഉഗ്രനായിട്ട്ണ്ട്... :))

Eccentric said...

nice aliya

DJ said...

ഒരുപാട് നന്ദി ഒണ്ടേ അനൂപ്‌, അനിയന്‍കുട്ടി, എക്സന്‍ട്രിക്ക് :)
അനിയന്കുട്ടിയെ കുറിച്ച് അനൂപ്‌ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്. ഒരു 2 കൊല്ലം മുന്‍പ്, ഒരു ദിവസം കുത്തി ഇരുന്നു അനിയന്കുട്ടിയുടെ ബ്ലോഗ്‌ മുഴുവന്‍ ഞാന്‍ വായിച്ചതാ...തകര്‍പ്പന്‍ എഴുത്താണ് കേട്ടോ. ഇതിലെ വരാനും, കമന്റ്റ് ഇടാനും സമയം കണ്ടെത്തിയതിനു വീണ്ടും താങ്ക്സ് :)
എക്സന്‍ട്രിക്ക് മാഷേ, എങ്ങനെ എത്തിപ്പെട്ടു ഇവിടെ? പ്രോത്സാഹനത്തിനു വളരെ അധികം നന്ദി.
ബാലേട്ടാ, യൂറോപ്പും, ആഫ്രിക്കയും, മിഡില്‍ ഈസ്റ്റും എല്ലാം കഴിഞ്ഞില്ലേ, ഇനി എപ്പോഴാ ഒരു അമേരിക്കന്‍ പര്യടനം? ഫോട്ടോ ബ്ലോഗില്‍ പുതിയ പടം ഇടുമ്പോ അറിയിക്കണേ..