ഒരു വശത്ത് ശവപ്പറമ്പ് പോലെ കിടക്കുന്ന ഓര്‍ക്കുട്ട്, അതേ സമയം ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ സ്റ്റാറ്റസ് മെസ്സജുകളുടെ പ്രവാഹം. ഞാനും ഒരു സ്റ്റാറ്റസ് മെസ്സേജ് ഇടണം എന്നോര്‍ത്തിട്ട് 2-3 ആഴ്ച ആയി. പക്ഷെ ഒരു റോബോട്ടിനെ പോലെ, രാവിലെ ഓഫീസിലേക്ക് കെട്ടി എടുത്ത് പകലന്തിയോളം അവിടെ ഇരുന്നു കീ-ബോര്‍ഡില്‍ കുറേ കുടുകുടാന്നു അടിച്ച്, രാത്രി വീട്ടില്‍ വന്നു ഒരു മൂലയ്ക്ക് സൈഡ് ആവുന്ന, വെറും യാന്ത്രികമായി ജീവിതം തള്ളി നീക്കുന്ന നമ്മള്‍ ഒക്കെ എന്ത് സ്റ്റാറ്റസ് മെസ്സേജ് ഇടാനാണ്? എന്നാലും വല്ലവന്‍റെയും സ്റ്റാറ്റസ് മെസ്സേജ് ഒക്കെ വായിച്ച്, അവനെ ഒക്കെ 4 തെറി വിളിക്കുന്നതിന്‍റെ സുഖം ഒന്ന് വേറെ തന്നെ. ചിലര്‍ ന്യൂസ് ചാനലുകളേക്കാള്‍ വേഗത്തിലാണ് വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നത്. ക്രിക്കറ്റ് സ്കോര്‍ ആകട്ടെ, പ്രിമിയര്‍ ലീഗിലെ ഗോള്‍ ആകട്ടെ, ശില്പ ഷെട്ടിയുടെ പട്ടിക്കുട്ടിക്ക് വയറിളക്കം വന്ന വാര്‍ത്ത ആവട്ടെ, എല്ലാം ഞൊടിയിടയില്‍ ഫേസ്ബുക്കില്‍ എത്തും. ഇതിന്റെ തികച്ചും ഓപ്പസിറ്റ് ഒരു കൂട്ടര്‍ ഒണ്ട്- എല്ലാം അല്പം വൈകി അറിയുന്നവര്‍. "മഹാത്മാ ഗാന്ധി അന്തരിച്ചു!!" എന്നും പറഞ്ഞു അന്തം വിട്ടു പോസ്റ്റ് ഇടുന്ന റ്റീംസ്. ഫോട്ടോസിന്‍റെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെ...മനോഹരമായ പ്രൊഫഷണല്‍ ക്വാളിറ്റി ഉള്ള ഫോട്ടോസ് അപ്‌ലോഡ് ചെയ്യുന്ന ഒരു കൂട്ടര്‍. പബ്ബില്‍ വച്ച് പഴശ്ശിരാജയുടെ വാള് വെക്കുന്ന കൂതറ ഫോട്ടോസ് വരെ നൂറും ഇരുനൂറും വെച്ച് അപ്‌ലോഡ് ചെയ്യുന്ന വേറെ ഒരു വിഭാഗം...iPhone ഉള്ളത് കൊണ്ട് ലൈവ് ആയി ഫോട്ടം (കണ്ണില്‍ കാണുന്ന ഓന്തിന്‍റെയും ഓമക്കയുടെയും ഉള്‍പ്പടെ എന്തിന്‍റെയും) അപ്‌ലോഡ് ചെയ്യുന്ന മൂന്നാമത് ഒരു വിഭാഗം.
എല്ലാവരുടെയും ഫോട്ടോസും വീഡിയോസും ഒക്കെ കണ്ടു തീര്‍ത്താല്‍, അടുത്ത സ്റ്റെപ്പ് ഫ്രാണ്ട്ഷിപ് റിക്വസ്റ്റ് വെല്ലോം വന്നിട്ടുണ്ടോ എന്ന് നോക്കും. ഇന്ന് ഒരെണ്ണം വന്നു കിടപ്പുണ്ട്. കുടുംബത്തിലെ അടുത്ത തലമുറക്കാരന്‍ ആണ് - 6 വയസ്സുകാരന്‍ ജോജി. അവന്‍റെ FBയിലെ പേര് 'വാക്കോ കിഡ് ജോ' എന്നാണ്. ഹോ! ഇവന്റെ ഒക്കെ ഒരു ടൈം. 6 വയസ്സ് ഒള്ളപ്പോ ഞാന്‍ മാങ്ങക്ക് കല്ല് എറിഞ്ഞു നടക്കുവായിരുന്നു. കാലം പോയ പോക്കേ!. അല്ലേലും ഇപ്പൊ ഫേസ്ബുക്കിനു പണ്ടത്തെ അത്ര സെക്യൂരിറ്റി ഇല്ല. ഇപ്പൊ ബന്ധുക്കളും, അയലോക്കക്കാരും എല്ലാം ഫ്രെണ്ട്സ് ലിസ്റ്റില്‍ ഉണ്ട്. അത് കൊണ്ട് നമ്മള്‍ എന്തെങ്കിലും ഫേസ്ബുക്കില്‍ എഴുതുന്നതിനു മുന്നേ ക-യും മ-യും ഫ-യും ഒന്നുമില്ല എന്ന് ഉറപ്പു വരുത്തണ്ടേ? കഴിഞ്ഞ തവണ നാട്ടിലോട്ടു വിളിച്ചപ്പോ വല്യമ്മച്ചീടെ കൂടെ 1930 ഇലോ മറ്റോ ഉസ്കൂളില്‍ പഠിച്ച ഏതോ കുട്ടി (ഇപ്പൊ അമ്മച്ചി ആയി ) ഫേസ്ബുക്കില്‍ ആഡ് ചെയ്ത കഥ ഒക്കെ വല്യമ്മച്ചി പറഞ്ഞു കേള്‍പ്പിച്ചിരുന്നു. എന്തിനേറെ പറയുന്നു, നാട്ടിലെ പറമ്പില്‍ തേങ്ങ ഇടാന്‍ വരുന്ന പാക്കരന്‍ ചേട്ടന് വരെ FB അക്കൗണ്ട് ഒണ്ട്.
എന്തൊക്കെ കുറ്റം പറഞ്ഞാലും, FB കൊണ്ട് ഒരു ഗുണം ഉണ്ട് കേട്ടോ...നാട്ടില്‍ നടക്കുന്ന കല്യാണങ്ങള്‍ ഒക്കെ ഇപ്പൊ ഫേസ്ബുക്ക് വഴി ആണ് അറിയുന്നത്. നമ്മളും നമ്മുടെ സഹപാഠികളും എല്ലാം ഹൗസ് ഫുള്‍ (പുര നിറഞ്ഞു) ആയി നില്‍ക്കുന്ന ഒരു സമയമാണിപ്പോള്‍. അത് കൊണ്ട് ദിവസം മിനിമം ഒന്നോ രണ്ടോ കല്യാണമെങ്കിലും നടന്നിരിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്രോട്ടോക്കോള്‍ പ്രകാരം, കല്യാണ ഫോട്ടോയില്‍ ചെക്കനും പെണ്ണും ഒരുമിച്ചു നില്‍ക്കുന്നത് കണ്ടാല്‍ കരിവിളക്കും നിലവിളക്കും ഒരുമിച്ചു വെച്ചത് പോലെ തോന്നിയാല്‍ പോലും , നമ്മള്‍ ചെന്ന് 'ലൈക്' ബട്ടണില്‍ ഞെക്കി , 'ഓ സച്ചേ ബ്ലണ്ടര്‍ഫുള്‍ ഗപ്പിള്‍' എന്നും വില്ല്സിന്റെ റ്റാഗ് ലൈന്‍ പോലെ 'മേട് ഫോര്‍ ഈച് അതര്‍' എന്നും മറ്റും എഴുതണം. ഇനി ചെക്കനും പെണ്ണും ഹിന്ദിക്കാര്‍ ആണെങ്ങില്‍ 'റബ് നെ ബനാ ദി ജോഡി' (വേണേല്‍ നമ്മളും മോഡേണ്‍ ആണെന്ന് അറിയിക്കാന്‍ വേണ്ടി 'മൈ നെയിം ഈസ് ഖാന്‍' എന്നും എഴുതാവുന്നതാണ്) എന്നൊക്കെ ചെന്ന് എഴുതണം . സമ്പത്ത് കാലത്ത് തൈ പത്തു നട്ടാല്‍, ആപത്തു കാലത്ത് കാപത്തു (ഈ കാപത്തു എന്താ സംഭവം എന്ന് ഇനിയും കണ്ടുപിടിക്കാന്‍ നമ്മുടെ മെഡിക്കല്‍ സയന്‍സിനു കഴിഞ്ഞിട്ടില്ല) തിന്നാം എന്നാണല്ലോ പഴമൊഴി. അതിനാല്‍ ഇപ്പൊ കുറെ നല്ല കമന്റ് ഒക്കെ ഇട്ടാല്‍ , നമ്മളും എന്നെങ്കിലും കെട്ടുമ്പോള്‍, ആള്‍ക്കാര്‍ വന്നു 'ഓ സച്ചേ ബ്ലണ്ടര്‍ഫുള്‍..." സുനാപ്പി എഴുതും. അല്ലേല്‍ വെല്ലോനും വന്നു 'ദാസാ ഏതാ ഈ അലവലാതി' എന്നൊക്കെ കമന്റ് ഇട്ടാല്‍ എല്ലാം പോയില്ലേ? അത് പോലെ തന്നെ മറ്റുള്ളവരുടെ പ്രൊഫൈല്‍ പടത്തില്‍ ചെന്ന് "യൂ ലൂകിംഗ് ബേബ് അല്ലെങ്ങില്‍ ബോംബ്" (മാലപ്പടക്കം, അമിട്ട് തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നവ ആണെങ്കിലും, പൊതുവായി ഉപയോഗിച്ച് കണ്ടിട്ടില്ല) എന്നൊക്കെ ഇട്ടാല്‍, നമുക്കും തിരിച്ചു ഒന്നോ രണ്ടോ "യൂ ലൂകിംഗ് ഹങ്ക് അല്ലെങ്കില്‍ ഫങ്ക് " ഒക്കെ കിട്ടിയേക്കാം. ഇനി അഥവാ ആരും തിരിഞ്ഞു നോക്കിയില്ലെങ്കില്‍, കുഞ്ഞുന്നാളില്‍ വള്ളിനിക്കറും ഇട്ട്, മൂക്കള ഒലിപ്പിച്ച് നടന്ന പ്രായത്തിലെ രണ്ടു മൂന്നു പടങ്ങള്‍ സ്കാന്‍ ചെയ്തു ഇടുക. അതില്‍ എല്ലാരും വീഴും. മൂന്നു തരം. ചുരുക്കി പറഞ്ഞാല്‍ ഫേസ്ബുക്കിലെ നമ്മുടെ ഓരോ പ്രവര്‍ത്തികള്‍ക്കും വ്യക്തമായ പ്ലാനിംഗ് ഉണ്ടാവണം.
(തുടരും)
2 comments:
==========
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്രോട്ടോക്കോള്‍ പ്രകാരം, കല്യാണ ഫോട്ടോയില്‍ ചെക്കനും പെണ്ണും ഒരുമിച്ചു നില്‍ക്കുന്നത് കണ്ടാല്‍ കരിവിളക്കും നിലവിളക്കും ഒരുമിച്ചു വെച്ചത് പോലെ തോന്നിയാല്‍ പോലും , നമ്മള്‍ ചെന്ന് 'ലൈക്' ബട്ടണില്‍ ഞെക്കി , 'ഓ സച്ചേ ബ്ലണ്ടര്‍ഫുള്‍ ഗപ്പിള്‍' എന്നും വില്ല്സിന്റെ റ്റാഗ് ലൈന്‍ പോലെ 'മേട് ഫോര്‍ ഈച് അതര്‍' എന്നും മറ്റും എഴുതണം.
============
Marlboro!!!! Hyundai!!! Suzuki!!!!
സമ്മതിക്കണം പ്രഭോ സമ്മതിക്കണം...
കെട്ടു കഴിഞ്ഞ ഒരു പാവപ്പെട്ടവന്‍ എന്ന നിലയ്ക്ക് ഇതേ സൈസ് കുറെ boombastic കമന്റ്സ് എന്റെ ആല്‍ബങ്ങളില്‍ വരാന്‍ ഉള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും നമ്മടെ സുഹൃത്ത് വലയത്തില്‍ babes ഉം hunks ഉം അധികം ഇല്ലാത്തതിനാല്‍ തടിയൂരി...
അടുത്തിടെ വരെ "darling" ഇല്‍ കുറച്ചു ഒരു പെണ്ണിനേയും സംബോദന ചെയ്യാത്ത ഒരു പ്രിയ സുഹൃത്ത് കല്യാണം ഉറപ്പിച്ചപ്പോ തൊട്ടു ലൈന്‍ മാറ്റി...
ഇപ്പൊ പാവത്തിന്റെ "മതില്‍" ഇലക്ഷന്‍ തിരക്ക് കഴിഞ്ഞ പൊതു മതില്‍ പോലെ ശൂന്യം :)
മകനെ, എഴുത്ത് ചിരിപ്പിച്ചു പണ്ടാരമടക്കി...
ഹിഹിഹി... അളിയാ... പെട! ഹിഹിഹി... ഉഗ്രന്‍ ഉഗ്രന്‍! :)
Post a Comment