Sunday, April 5, 2009

ഒരു തണുത്ത വെളുപ്പാംകാലത്ത്‌ (എപിടോസ് II)

"യാത്രക്കാരുടെ ശ്രദ്ധക്ക് , തിരുവനന്തപുരത്ത് നിന്നും ന്യൂ ഡല്‍ഹി വരെ പോകുന്ന ട്രെയിന്‍ നമ്പര്‍ 2625 കേരള എക്സ്പ്രസ് , പ്ലാറ്റ്ഫോം # ഒന്നിലേക്ക് അല്‍പ സമയത്തിനുള്ളില്‍ എത്തി ചേരുന്നതാണ്. അറ്റന്‍ഷന്‍ പാസഞ്ചര്‍സ്സ്..." ഇടവപതിയില്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന തിരുവനന്തപുരം സെന്‍ട്രലില്‍ ആണ് നമ്മുടെ കഥ തുടങ്ങുന്നത് ..ഗാന്ധി കണ്ണടയും വെച്ച് , ഒരു പഴുതാര മീശക്കാരന്‍ 2 വല്യ പെട്ടികളുമായി, വീട്ടുകാരോടും സുഹൃത്ത്തുക്കളോടുമോപ്പം പ്ലാറ്റ്ഫോം # ഒന്നിലേക്ക് രംഗപ്രവേശം ചെയ്യുന്നു!! 

സമയം 10.30 ആയിക്കാണും. 11.10 ആണ് കേരളയുടെ റൈറ്റ് ടൈം . പൊടിമീശക്കാരന്‍, നമ്മടെ ഹീറോ , ഈയുള്ളവന്‍ ആണെന്ന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലെ!! ആദ്യമായി ട്രെയിനില്‍ ഒരു ദീര്‍ഖ ദൂര യാത്ര ചെയ്യുന്നതിന്‍റെ ത്രില്ലില്‍ ആണ് ഞാന്‍. വീട് വിട്ടു പോവുകയനെന്നോ , ഇനി 4 വര്ഷം രാജസ്ഥാനിലെ മണലാരണ്യങ്ങളില്‍ കിടന്നു നരകിക്കേണ്ടി വരുമെന്നോ, വേണമെന്ന് തോന്നുമ്പോ ഒക്കെ അമ്മയുടെ കൈ കൊണ്ട് ഒണ്ടാക്കിയ അപ്പോം മൊട്ടക്കറിയും ഒന്നും കഴിക്കാന്‍ പറ്റില്ലെന്നോ, വിഷുവിനും ഓണത്തിനും ഒക്കെ റിലീസ് ആവുന്ന മലയാളം പടങ്ങള്‍ ഇനി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ഒക്കില്ലേന്നോ ഒന്നും ഞാന്‍ തല്ക്കാലം ആലോചിക്കുന്നില്ല ...വെറുതെ എന്തിനാ desp ആകുന്നത്.

എന്‍റെ ബന്ധുക്കളും പതുക്കെ എത്തി ചേര്‍ന്നു. കുടുംബത്തില്‍ ആദ്യമായി ആണ് ഒരുത്തന്‍ എഞ്ചിനീയറിങ് ഒലത്താന്‍ 3500km അകലെ പോവുന്നത്!! അമ്മയുടെ കണ്ണുകളിലേക്കു നോക്കുമ്പോ നെഞ്ചില്‍ ഒരു 11KV ലൈന്‍ പാസ് ചെയ്ത പോലെ.. പിതാശ്രീ പിലാനി വരെ കൂടെ വരുന്നുണ്ട്. എന്നാലും അമ്മയോടും, അനിയനോടും, ബന്ധുമിത്രാദികളോടും ഇപ്പൊ തന്നെ ടാറ്റാ, ബൈ ബൈ, സീ യു, ഗുഡ്നൈറ്റ് പറയണം. സ്കൂളില്‍ എന്‍റെ കൂടെ പഠിച്ച തടിയനും, ജന്മ വൈരികള്‍ ആയ St. Thomas-ഇല്‍ പഠിച്ച വേറെ 2 പിള്ളേരും ഇതേ ട്രെയിനില്‍ ഉണ്ട്. അതാണ്‌ ഏക ആശ്വാസം. 11.05 ആയി. ഞാന്‍ പതിയെ S4 ഇന്‍റെ റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കണ്ണോടിച്ചു ...അച്ഛനും ഞാനും സീറ്റ് നമ്പര്‍ 17, 18 ഉം ആണ്. എല്ലാവരോടും ഒരു ലാസ്റ്റ് റൌണ്ട് ബൈ ബൈ പറഞ്ഞു ഞാന്‍ ട്രെയിനിലേക്ക്‌ കയറി. കയറും വഴി ഞാന്‍ വെറുതെ ചാര്‍ട്ടില്‍ ഒന്നും കൂടി കണ്ണോടിച്ചു. സീറ്റ് നമ്പര്‍ 19 - ഷക്കീല ഫ്രം കൊല്ലം!! ഈശ്വരാ!! പണ്ടാരം അടങ്ങാന്‍ പ്രായം വ്യക്തമായി കാണുന്നില്ല ചാര്‍ട്ടില്‍. ഞാന്‍ ഉടനെ തന്നെ ഓടി S5 ഇല്‍ ചെന്ന് തടിയനെ വിവരം ബോധിപ്പിച്ചു. 'നിന്‍റെ ടൈം ആണളിയാ ടൈം ' എന്ന മട്ടില്‍ അവന്‍ എന്നെ അസൂയയോടെ നോക്കി. പിന്നെ കൊല്ലം എത്തുംവരെ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ ...ഹോ പറഞ്ഞറിയിക്കാന്‍ വയ്യ. 

കേരളത്തിലെ യുവാക്കളുടെ ഹരം ആണെന്നും , ഈ കഥ നടക്കുന്ന കാലഘട്ടത്തില്‍ മലയാള സിനിമയെ ഒറ്റയ്ക്ക് താങ്ങി നിര്‍ത്തിയിരുന്ന നേടും തൂണ് ആണെന്നുമൊക്കെ പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് പോസ്റ്ററില്‍ കണ്ട പരിചയമേ ഒള്ളു. "നേരില്‍ കാണാന്‍ എങ്ങനെ ആയിരിക്കും? പോസ്റ്റിലെ അത്രേം വലുപ്പം  ശരിക്കും കാണുമോ? അങ്ങനെ ആണേല്‍ ഈ സാധാ ട്രെയിനിന്‍റെ വാതിലില്‍ കൂടി കയറാന്‍ പറ്റുമോ , ഒറ്റക്കായിരിക്കുമോ വരുന്നത് , അതോ ഇനി പ്രതാപചന്ദ്രന്‍ കൊണ്ട് വിടുമായിരിക്കുമോ, ഷൂട്ടിങ്ങിന് വെല്ലോം പോവുക ആയിരിക്കുമോ"...എന്‍റെ മനസ്സിലൊരു നൂറായിരം ചോദ്യങ്ങള്‍ മിന്നി മറഞ്ഞു. അപ്പോഴേക്കും ട്രെയിന്‍ വര്‍ക്കല സ്റ്റേഷനില്‍ എത്തി. കേരള കൊള്ളാം. ഞാന്‍ impressed ആയി. വേണാടിലും പരശുരാമിലും ഒക്കെ നിരങ്ങി നിരങ്ങി പോയെ നമുക്ക് ശീലമുള്ളു. ഇവന്‍ ആള് പുലി ആണ് - എന്തൊരു സ്പീഡ്!! വര്‍ക്കല നിന്നും എന്‍റെ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് കൊണ്ടൊരു അമ്മാവന്‍ സീറ്റ് നമ്പര്‍ 19 ഇല്‍ വന്നിരുന്നു. 'ഇങ്ങേര്‍ക്കിത് എന്തിന്റെ കടിയാ' , ഞാന്‍ മനസ്സിലോര്‍ത്തു. ബോഗി മുഴുവന്‍ ഒഴിഞ്ഞു കിടക്കുന്നു. എന്നാലും ഈ സീറ്റില്‍ തന്നെ വന്നിരിക്കണം അങ്ങേര്‍ക്കു!! എത്ര വിന്‍ഡോ സീറ്റ് വെറുതെ കിടക്കുന്നു. ഇയാള്‍ക്ക് പുറത്തെ കാഴ്ച ഒന്നും കാണണ്ടേ? മുരടന്‍!! ..ചുമ്മാതല്ല വയസ്സായി പോയത്. മനസ്സില്‍ ഞാന്‍ അങ്ങേരെ ഓം നമശിവായ , ജയ് ഹനുമാന്‍ തുടങ്ങിയ എന്‍റെ ഇഷ്ട സീരിയലില്‍ ഒക്കെ കാണും പോലെ ശപിച്ചു തള്ളി. മൂപ്പിലാനെ എങ്ങനെ ഓടിക്കാം എന്നതായി എന്‍റെ അടുത്ത ചിന്ത. പക്ഷെ വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ആശിച്ചതും fat free skimmed milk എന്ന് പറഞ്ഞ പോലെ , പഴം പൊരി വില്‍ക്കാന്‍ വന്ന ഒരു ചേട്ടന്‍റെ പുറകെ നമ്മടെ കിളവന്‍സ് എഴുന്നേറ്റു പോയി.

ഹമാര പിതാശ്രീ നല്ല കൂര്‍ക്കം വലിച്ചു ഒറങ്ങി കഴിഞ്ഞിരുന്നു. താമസിയാതെ ട്രെയിന്‍ കൊല്ലം ഔട്ടറില്‍ പിടിച്ചിട്ടു. ഞാനും തടിയനും ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി കിടന്നു എത്തി നോക്കി. പുള്ളികാരീടെ ഒരു വലുപ്പം വെച്ച് , അവര് സ്റ്റേഷനില്‍ നിന്നാലും ഞങ്ങള്‍ക്ക് ഔട്ടറില്‍ നിന്നും കാണാന്‍ പറ്റണമല്ലോ! പക്ഷെ ആരെയും കണ്ടില്ല. ട്രെയിന്‍ പതുക്കെ ഇഴഞ്ഞു ഇഴഞ്ഞു പ്ലാറ്റ്ഫോമില് എത്തി. 5 മിനിറ്റ് ആണ് കൊല്ലത്ത് സ്റ്റോപ്പ്. 4 മിനിറ്റ് കഴിഞ്ഞിട്ടും ആരെയും കാണുന്നില്ല. പക്ഷെ ഞാന്‍ പ്രതീക്ഷ കൈ വിട്ടില്ല. No: 20 Madras മെയില്‍-ഇല്‍ അശോകന്‍ ലാസ്റ്റ് മിനിറ്റ് ഓടി അല്ലേ കയറിയത്. ഇത് കേസ് വേറെ ആണ്. പുള്ളിക്കാരി ഓടി കയറിയാല്‍ ട്രെയിന്‍ മറിയും എന്നറിയാം. എന്നാലും പ്രതീക്ഷ കൈ വിടാന്‍ ഞാന്‍ തയ്യാറായില്ല . പെട്ടന്ന് എന്‍റെ ചീട്ടുകൊട്ടാരം തകര്‍ത്തെറിഞ്ഞു കൊണ്ട് ഒരു അമ്മച്ചി കയറി വന്നു. കണ്ടാല്‍ ഒരു 100-110 വയസ്സ് പ്രായം തോന്നും. പല്ല് കഷിടിച്ചു 2 എണ്ണം ബാക്കി കാണും വായില്‍ , അതും മുറുക്കാന്‍ ഒക്കെ ചവച്ചു ചവച്ചു രണ്ടും നല്ല കമ്മ്യൂണിസ്റ്റ് ചുവപ്പ് കളര്‍!...ഒന്ന് confirm ചെയ്യാന്‍ വേണ്ടി ഞാന്‍ അമ്മച്ചിയുടെ പേര് ചോദിച്ചു. പല്ലില്ലാത്ത അമ്മച്ചി ഒരു 70mm ചിരി പാസ്സാക്കിക്കൊണ്ട് 'ചക്കീല' എന്ന് പറഞ്ഞു...അങ്ങനെ ഷക്കീല എപിസോഡ് ഒരു ദുരന്ത കഥയായി അവസാനിച്ചു. എന്തൊക്കെ ആയിരുന്നു...അമ്പും വില്ലും, മലപ്പുറം കത്തി, ഒലക്കേടെ മൂട്. അവസാനം പവനായി ശവമായി. സിനിമയില്‍ മുകേഷിന്‍റെ മുഖത്ത് മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക വളിച്ച ചിരിയുമായി ഞാന്‍ പുറത്തേക്കു നോക്കി ഇരിപ്പായി.

കായംകുളം വരെ വായും നോക്കി ഇരുന്നു. കാടും തോടും പുഴകളും കായലും ഒക്കെ കടന്നു കേരള കുതിക്കുന്നു. പ്രകൃതി ഭംഗി ഒക്കെ കണ്ടിരിക്കവേ മന്ദമാരുതന്റെ തലോടലില്‍ ഞാന്‍ അറിയാതെ ഒരു മയക്കത്തിലേക്ക് വഴുതി.
(തുടരും)

No comments: