1989 ഓഗസ്റ്റ്
അങ്ങനെ ഒന്നാം ക്ലാസ്സിൽ രണ്ടു മാസം തികച്ചു. ഇത് വരെയുള്ള പോക്ക് വെച്ച് നോക്കിയിട്ട് ജീവിതത്തിലെ നല്ല കാലം ഒക്കെ കഴിഞ്ഞെന്നാ തോന്നുന്നത്. മൂക്കള ഒലിപ്പിച്ച്, വള്ളി നിക്കറും ഇട്ട്, നാരങ്ങ മുട്ടായിയും നുണഞ്ഞു കൊണ്ട് വായിന്നോക്കി നടക്കാൻ ഒന്നും ഇനി പറ്റുമെന്ന് തോന്നുന്നില്ല. വീട്ടിൽ ആണെങ്കിൽ 'അവൻ കുഞ്ഞല്ലേ' എന്ന കണ്സിഡറേഷൻ ഒന്നും ഇപ്പൊ കിട്ടുന്നില്ല. സ്കൂളിൽ ആണെങ്കിലും ഫയങ്കര സ്‌ട്രെസ് ആണ്. 'ബാ ബാ ബ്ലാക്ക് ഷീപ്' ചൊല്ലാൻ പറഞ്ഞപ്പോൾ ബബ്ബബ്ബ എന്ന് പറഞ്ഞതിന് കിട്ടിയ തല്ലിന്റെ പാട് ഇനിയും പോയിട്ടില്ല. സ്കൂളിലേക്ക് ഉള്ള പോക്കും ശരിയാവുന്നില്ല. ഒരു ചൊടാക്ക് അംബാസിഡർ കാറിൽ ഡ്രൈവെറിന്റെ തൊട്ട് സൈഡിൽ ഉള്ള നാലിഞ്ചു സ്ഥലം ആണ് നമുക്ക് ഭാഗം വെച്ച് കിട്ടിയത്. ഡ്രൈവർ ഓരോ തവണ ഗിയർ മാറ്റുമ്പോഴും എന്റെ പള്ളക്ക് ഓരോ കുത്ത് കിട്ടും. മൊത്തത്തിൽ കലിപ്പാണ്. വടക്കേലെ ഉണ്ണിക്കുട്ടനെ പോലെ UKG ഇൽ അങ്ങ് തോറ്റ് ഇരുന്നാൽ മതിയായിരുന്നു.
"ഡാ...എന്തുവാടാ രാവിലെ സ്വപ്നം കണ്ടോണ്ടിരിക്കുന്നത്? നിന്റെ അടുത്ത് ആ മിൽമാ ബൂത്തിൽ നിന്നും ഒരു കവർ പാല് മേടിച്ചോണ്ട് വരാൻ പറഞ്ഞിട്ട് എത്ര നേരം ആയി?" അച്ഛൻ അലറലോടലറൽ.
'അത് പിന്നെ...'
"നിന്റെ ഒക്കെ പ്രായത്തിൽ, ഞാൻ 5 മൈൽ നടന്നു പോയി അരിയും പച്ചക്കറിയും ഒക്കെ മേടിച്ചോണ്ട് വരുമായിരുന്നു. അല്ല, ഇതിപ്പോ ആരോട് പറയാൻ. നിന്നെ ഒക്കെ വളർത്തുന്ന സമയം കൊണ്ട് നാല് വാഴ വെച്ചിരുന്നെങ്കിൽ..."
ഇതിപ്പോ ഈ ആഴ്ച നാലാം തവണയാണ് വാഴ സ്റ്റോറി കേൾക്കെണ്ടി വരുന്നത്. ചിലപ്പോ വാഴയ്ക്ക് പകരം തെങ്ങ് വെക്കുന്ന കാര്യം സൂചിപ്പിക്കാറുണ്ട്, പക്ഷെ എല്ലാത്തിന്റെയും ക്ലൈമാക്സ് ഒന്ന് തന്നെ.
എന്തായാലും ജീവിതം കോഞ്ഞാട്ട ആയി ഇരിക്കുവാണ്. ഇനി ഇപ്പൊ ചുമ്മാ വഴിയെ പോവുന്ന അടി കൂടി മേടിച്ച് കൂട്ടണ്ട എന്നോർത്ത് ഞാൻ പോയി പാല് മേടിച്ചോണ്ട് വന്ന് അമ്മയുടെ കൈയ്യിൽ കൊടുത്തു.
"ഹാപ്പി ബെർത്ത്‌ഡേ ഉണ്ണിക്കുട്ടാ!" അമ്മ ഒരു പാല്പ്പുഞ്ചിരിയോടെ പറഞ്ഞു.
ഞാൻ ഒന്ന് പുറകോട്ടു തിരിഞ്ഞു നോക്കി. ആരുമില്ല. അപ്പൊ ഇനി എന്നോടാണോ? ഇനി ഇന്നോ മറ്റോ ആണോ എന്റെ ബെർത്ത്‌ഡേ? കലണ്ടർ നോക്കിയപ്പോ സംഭവം ശരിയാണ്. കോളടിച്ചു...ബെർത്ത്‌ഡേ പ്രമാണിച്ച് രാവിലെ പുട്ടും പയറും അല്ലെങ്കിൽ പൂരി മസാല അതും അല്ലെങ്കിൽ അപ്പോം സ്റ്റൂവും അങ്ങനെ എന്തെങ്കിലും കാണാതെ ഇരിക്കില്ല. ഞാൻ വീണ്ടും അടുക്കളയിലേക്കു ഓടി ചാടി ചെന്നു.
"അമ്മേ രാവിലെ തിന്നാൻ എന്തുവാ?"
"ഇഡലി"
ഞാൻ desp ആയി. 'അമ്മേ, പൂജപ്പുര ജയിലിൽ വരെ ഇപ്പൊ ചപ്പാത്തി ഒക്കെയാണ് കൊടുക്കുന്നത്'
"ഇഡലി വേണ്ടെങ്കിൽ ഇന്നലത്തെ ഉപ്പുമാവ് ഇരിപ്പൊണ്ട്...അതും പഴവും തരാം"
ബെസ്റ്റ്. ഇതിപ്പോ പാറ്റ ഗുളിക ഇഷ്ടം അല്ലെങ്കിൽ എലി വിഷം ഇരിപ്പൊണ്ട് എന്ന് പറഞ്ഞ മാതിരി ആയല്ലോ! ഞാൻ മനസ്സില് ഓർത്തു.
'ഓക്കേ ഇഡലി എങ്കിൽ ഇഡലി...പക്ഷേ സേമിയാ പായസവും വേണം'
"രാവിലെയോ?"
'പിന്നല്ലാതെ. ഇന്ന് ബെർത്ത്‌ഡേ അല്ലെ?'
അമ്മക്ക് വീട്ടിലെ ജോലികളൊക്കെ തീർത്തിട്ട് ആപ്പീസിൽ പോവാൻ ഉള്ളതാ. പക്ഷെ അത് വെല്ലോം നമുക്ക് അറിയേണ്ട കാര്യം ഉണ്ടോ? 2-3 പാത്രങ്ങൾ ഒക്കെ എടുത്ത് എറിഞ്ഞ് അലമ്പുണ്ടാക്കിയപ്പോൾ അമ്മ സഹികെട്ട് സമ്മതിച്ചു.
പായസം ഉണ്ടാക്കാൻ ഉള്ള പരിപാടികൾ ഒക്കെ പകുതി വഴി ആയപ്പോൾ ആണ് ആ ഞെട്ടിപ്പിക്കുന്ന വിവരം അമ്മ പറഞ്ഞത്.
"എടാ പായസത്തിൽ ഇടാൻ ഉള്ള ചൌവ്വരി തീർന്ന് പോയല്ലോ"
'ങേ അതൊരു മന്ത്രി അല്ലേ?' ഞാൻ വളരെ ജെനുവിൻ ആയി ചോദിച്ചു.
"ചൌധരി അല്ല ..ചൌവ്വരി"
'അതെന്തുവാ?'
"ആ ചെറിയ വെളുത്ത ഉണ്ടകൾ"
'ഓ അതിന്റെ പേര് അങ്ങനെ ആയിരുന്നോ? അത് വേണം. അതില്ലാതെ എന്ത് പായസം?' ഞാൻ വിനീതനായി മൊഴിഞ്ഞു.
"എന്നാൽ കടയിൽ നിന്ന് മേടിക്കണം, പക്ഷെ അച്ഛൻ നടക്കാൻ പോയല്ലോ. ഇനി വരാൻ സമയം എടുക്കും"
ഇത് തന്നെ എന്റെ ഉത്തരവാദിത്തബോധം തെളിയിക്കാൻ പറ്റിയ ചാൻസ് എന്ന് തിരിച്ചറിഞ്ഞ ഞാൻ അപ്പോൾ തന്നെ കടയിൽ പോവാം എന്ന് വോളണ്ടിയർ ചെയ്തു.
"ഉറപ്പാണോ?" അമ്മക്ക് ഒരു വിശ്വാസക്കുറവു പോലെ.
'ഞാൻ എന്താ കുഞ്ഞു വാവയാ? അമ്മ കാശ് താ. അച്ഛൻ ഒക്കെ ഈ പ്രായത്തിൽ എന്തോരം മൈൽ....'
"ആ മതി...ഇന്നാ പിടിച്ചോ പത്തു രൂപ. ഒരു കാൽക്കിലോ മേടിച്ചോ. സാധനത്തിന്റെ പേര് കുറിച്ച് തരണോ?"
'വേണ്ട. അതൊക്കെ ഞാൻ ഓർത്തിരുന്നൊളാം' അല്പം അഹങ്കാരവും കലർന്ന സ്വരത്തിൽ ഞാൻ പറഞ്ഞു.
മുഖത്ത് കുട്ടിക്കൂറ പൌഡർ ഒക്കെ തേച്ച്, തലമുടി ഒരു സൈഡിൽ വര ഇട്ട് ഒതുക്കി, കുട്ടപ്പനായി ഞാൻ പുറത്തേക്കു ഇറങ്ങി. കടയിലേക്ക് കുറച്ചു നടക്കാനുണ്ട്. അപ്പുറത്തെ സ്വാമി അങ്കിളിന്റെ വീട്ടിൽ നിന്ന് 'കൗസല്യാ സുപ്രജാ' കേൾക്കാം. ഇപ്പുറത്ത് കുട്ടന്റെ വീട്ടിൽ ഇന്ന് പുട്ടും പയറും ആണെന്ന് തോന്നുന്നു. എന്താ മണം! പുറത്താണെങ്കിൽ കിളികളുടെ കളകളാരവം. മീൻ വിലക്കാൻ വരുന്ന ചേട്ടന്മാരുടെ സൈക്കിൾ ബെല്ലിന്റെയും ഹോണിന്റെയും ഒച്ച വേറെ. വെളുപ്പിന് ചെറുതായി ഒന്ന് മഴ ചാറിയതിന്റെ ഒരു തണുപ്പൊക്കെ ഉണ്ട്. ചുരുക്കത്തിൽ വയസ്സാംകാലത്ത് നമ്മളെ നൊസ്റ്റാൾജിയ അടിപ്പിക്കാൻ പാകത്തിലുള്ള കുറേ ഐറ്റംസ് കൊണ്ട് സമ്പുഷ്ട്ടമായ ഒരു പ്രഭാതം. റോഡ് പണിക്കു വന്ന അണ്ണാച്ചിമാരോട് കുശലമൊക്കെ പറഞ്ഞും, വഴിയിൽ ചെളിവെള്ളം കെട്ടി കിടന്ന സ്ഥലങ്ങൾ ഒന്നും വിടാതെ ചവുട്ടി ചെരിപ്പൊക്കെ വൃത്തികേടാക്കിയും, മതിലിൽ ഒട്ടിച്ചിരുന്ന ചിത്രത്തിന്റെ പോസ്റ്ററിലെ ലാലേട്ടനെ നോക്കി കണ്ണിറുക്കി കാണിച്ചും, കണ്ട മരത്തേലൊക്കെ കല്ല് എറിഞ്ഞും അവസാനം ഒരു വിധത്തിൽ കടയിൽ എത്തി. ഷർട്ടിന്റെ പോക്കറ്റിൽ തപ്പിയപ്പൊ ഒന്ന് ഞെട്ടി. കാശ് കാണാനില്ല. പുല്ല്! ഇന്ന് ഞാൻ നിന്ന് മേടിച്ചത് തന്നെ. വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് പോക്കറ്റിൽ ഇട്ടിട്ട് ഇപ്പൊ പാമ്പിനെ കാണുന്നുമില്ല. വേറെ വഴിയില്ലാത്തത് കൊണ്ട് വന്ന വഴി തന്നെ കാശ് തപ്പി തിരിച്ചു നടക്കാൻ തുടങ്ങി.
"താഴെ എന്തോ തപ്പി നടക്കുവാടാ? കഞ്ഞി കുടിക്കാൻ പ്ലാവില നോക്കുവാണോ?"
മനുഷ്യൻ ഇവിടെ തീ തിന്നു ഇരിക്കുമ്പോഴാ മുറുക്കാൻ കടയിലെ അമ്മൂമ്മയുടെ കുശലാന്വേഷണം!
'ഇല്ല അമ്മൂമ്മേ...കാശ് തപ്പുവാ'
"ആഹാ ഇപ്പൊ കാശ് നിലത്തും കിളിച്ചു തുടങ്ങിയോ? അതോ പണം കായ്ക്കുന്ന മരം വെല്ലോം നിന്റെ അപ്പൻ ഇവിടെ നട്ടു വെച്ചിട്ടുണ്ടോ?"
ഞാൻ ഒന്നും മിണ്ടാൻ പോയില്ല. തലയൊക്കെ കറങ്ങുന്ന പോലെ തോന്നുന്നു. എല്ലായിടത്തും നോക്കി, പക്ഷെ കാശ് മാത്രം കണ്ടില്ല. ഇനി ഇപ്പൊ വീട്ടിലേക്കു തിരിച്ചു നടക്കുകയെ നിവൃത്തിയുള്ളൂ. കൈയും കാലുമൊക്കെ നല്ലോണം സ്ട്രെച് ചെയ്ത്, അടി മേടിക്കാൻ ഉള്ള ഒരുവിധം തയ്യാറെടുപ്പുകൾ ഒക്കെ നടത്തി, ഞാൻ വീട്ടില് തല കാണിച്ചു.
"എവിടെ പോയി കിടക്കുവായിരുന്നെടാ ഇത്രേം നേരം? ഞാൻ ഓർത്തു വല്ല പിള്ളേര് പിടുത്തക്കാരും പിടിച്ചോണ്ട് പോയെന്ന്. അല്ലാ, കൈയ്യിൽ പൊതി ഒന്നും കാണുന്നിലല്ലോ?"
'അത് പിന്നെ...'
"എന്താടാ നിന്ന് ചിണുങ്ങുന്നത്?"
എന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി. കുറ്റബോധം തോന്നിക്കഴിഞ്ഞാൽ നമ്മൾ എന്തോ യന്ത്രം ആവുമെന്നണല്ലോ ലാലേട്ടൻ പറഞ്ഞത്.
'കാശ്...കാശ് കളഞ്ഞു പോയി അച്ഛാ'
"എവിടെ കളഞ്ഞു പോയെന്ന്? ആരെങ്കിലും തട്ടിപ്പറിച്ചോ?"
ഞാൻ ഒന്നും മിണ്ടാതെ നമ്രത ശിരൊധ് ...ഛെ നമ്രശിരസ്കൻ ആയി നിന്നു. അച്ഛൻ സ്ലോ മോഷനിൽ എഴുന്നേറ്റു...ഞാൻ തല്ലു കൊള്ളാൻ റെഡി ആയി നിന്നു.
അടുത്ത് വന്ന് തലയിൽ തടവിയിട്ടു അച്ഛൻ പറഞ്ഞു: "അയ്യേ ഇതിനാണോ നീ ഇത്രേം വിഷമിച്ചത്. ഇതാ 10 രൂപ. നീ പോയി മേടിച്ചോണ്ട് വാ. ഇത്തവണ സൂക്ഷിക്കണം കേട്ടോ"
എനിക്ക് മനസ്സിലായില്ല. അപ്പൊ അടി ഇല്ലേ? ഈ മുതിർന്നവരെ മനസ്സിലാക്കാൻ വല്യ പാടാണ്. അടി കിട്ടും എന്ന് ഉറപ്പുള്ള സമയത്തൊന്നും അടി കിട്ടൂല്ല. പ്രതീക്ഷിക്കാതെ ഇരിക്കുമ്പോ ചടപടാന്ന് വെച്ച് പൊട്ടിക്കുകയും ചെയ്യും.
എന്തായാലും മുഖമൊക്കെ തുടച്ച് ഞാൻ രണ്ടാം അങ്കത്തിന് തയ്യാറെടുത്തു. ഇത്തവണ കാശ് കൈയ്യിൽ തന്നെ മുറുക്കിപ്പിടിച്ച്, അറ്റൻഷൻ ആയി, ഒരു സ്ട്രെയിറ്റ് ലൈനിൽ കടയിലേക്ക് നടന്നു. കടയിൽ എത്തിയിട്ടാ ശ്വാസം ഒന്ന് നേരെ വീണത്. പക്ഷെ ഇത്തവണ പുതിയ ഒരു അക്കിടി പറ്റി - ഇത്രേം ഇമോഷണൽ ഡ്രാമ കഴിഞ്ഞപ്പോഴേക്കും ഞാൻ മേടിക്കാൻ വന്ന സാധനത്തിന്റെ പേര് മറന്നു പോയി.
"മോന് എന്താ വേണ്ടേ?" കടക്കരാൻ ചേട്ടൻ സ്നേഹത്തോടെ ചോദിച്ചു.
ഞാൻ നിന്നു പരുങ്ങി...എത്ര ഓർത്ത് എടുക്കാൻ നോക്കിയിട്ടും പേര് കിട്ടുന്നില്ല.
'ചേട്ടാ, സാധനത്തിന്റെ പേര് മറന്നു പോയി. ഒരു അരി ആണ്...'ച' വെച്ചാ പേര് തുടങ്ങുന്നേ'
"ചമ്പാവരി ആണോ?" അശ്വമേധം പരിപാടിയിലെ അളിയനെ പോലെ ചേട്ടായി ചോദ്യങ്ങൾ തുടങ്ങി.
'ആണോ?' ഞാൻ ചോദിച്ചു
"എനിക്കറിയാവോ?" ചേട്ടന് ശകേലം ദേഷ്യം വരുന്നുണ്ടോ എന്നൊരു സംശയമില്ലാതില്ല.
'ആയിരിക്കണം. അങ്ങനെ തന്നെ ആണ് അമ്മ പറഞ്ഞത്'
"എത്ര കിലോ വേണം?"
'കാൽക്കിലോ'
"അത്രേം ചമ്പാവരി മതിയോ?"
'അതൊക്കെ മതി, വേഗന്ന് വേണം ചേട്ടാ'
അങ്ങനെ യുദ്ധം ജയിച്ച്, എതിരാളിയുടെ തലയും അറുത്ത് തച്ചോളി ഒതേനൻ വരുന്ന പോലെ ഞാൻ പൊതിയും പിടിച്ചു വീട്ടിൽ എത്തി. അമ്മയും അച്ഛനും ആകാംഷയോടെ മുറ്റത്ത് നില്പ്പുണ്ടായിരുന്നു.
"ഇപ്പൊ തന്നെ ഒത്തിരി ലേറ്റ് ആയി. ഇങ്ങു താ, പായസം എത്ര നേരമായി അടുപ്പത്ത് ഇരിക്കുവാ. ഇതും കൂടി ഇട്ടാ മതി" അമ്മ പറഞ്ഞു.
'വേണ്ട. ഞാൻ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി മേടിച്ചതല്ലേ, ഞാൻ തന്നെ പായസത്തിൽ ഇടാം അമ്മേ.'
"എന്തേലും ആവട്ടെ...പെട്ടന്ന് വേണം"
ഞാൻ അടുക്കളയിലേക്കു ഓടി ചെന്ന്, പൊതി തുറന്ന് പായസ ചരുവത്തിലേക്ക് ഒറ്റ കമത്ത്. ചരുവത്തിലേക്ക് നോക്കിയപ്പോൾ എന്തോ എവിടെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റെക്ക് പോലെ. വെളുത്ത ഉണ്ട എന്ന് പറഞ്ഞിട്ട് ഇത് ഒരുമാതിരി ബ്രൌണ്‍ നിറത്തിൽ നീണ്ടിട്ടാണല്ലോ. ചിലപ്പോൾ ഇനി പാലിൽ കിടന്നു വേവുമ്പോ വെളുത്ത ഉണ്ട ആയിക്കൊളുമായിരിക്കും. എന്തായാലും അമ്മയെ അറിയിച്ചേക്കാം. ഇനി കടക്കരാൻ പറ്റിച്ചതാനെങ്കിലോ?
'അമ്മേ, ഒന്നിങ്ങു വന്നേ' ഞാൻ അലറി.
വന്ന് പായസത്തിന്റെ കോലം കണ്ട് അമ്മ കുഴഞ്ഞ് വീണില്ലന്നെ ഉള്ളു.
"നീ എന്തുവാ മേടിച്ചോണ്ട് വന്നേ?"
'ചമ്പാവരി'
"നിന്റെ അടുത്ത് എന്ത് മേടിക്കാനാ പറഞ്ഞു വിട്ടത്?"
'ചമ്പാവരി അല്ലേ?'
"ചൌവ്വരി അല്ലേ മേടിക്കാൻ പറഞ്ഞെ? ഇനി ഈ പായസം എന്തിനു കൊള്ളാം?"
'ശരിയാ ഇപ്പൊ ചെറുതായിട്ട് ഓർമ വരുന്നു. അല്ലാ ഇതിനെ എന്തിനാ അങ്ങനെ വിളിക്കുന്നത്? ഇനി അരി പോലെ അല്ലല്ലോ ഇരിക്കുന്നത്?'
"മണ്ടത്തരം കാണിച്ചു കൂട്ടിയിട്ടു നിന്നു പ്രസംഗിക്കുന്നോ? നിന്നെ ഇന്ന് ശരിയാക്കി തരാം" എന്നും പറഞ്ഞു അമ്മ അച്ഛനെ കാര്യങ്ങളുടെ അവസ്ഥ ബോധിപ്പിക്കാനായി പോയി. സംഗതി പന്തികേടാണെന്ന് തിരിച്ചറിഞ്ഞ ഞാൻ പുറകിലെ വാതിലിൽ കൂടി ജീവനും കൊണ്ട് ഓടി. അല്ലെങ്കിൽ മീന്പിടുത്തക്കാരനെ കണ്ട ഇറ്റലിക്കാരെ പോലെ എന്നെ ഓണ്‍ ദി സ്പോട്ട് പൊഹച്ചേനെ. അന്നേ ഉള്ള ഒരു ആഗ്രഹം ആയിരുന്നു ചൌവ്വരി കാരണം ജീവിതം കോഞ്ഞാട്ട ആയ ചൌധരി എന്ന് പേരുള്ള ഒരു ബാലന്റെ കഥ അടിസ്ഥാനമാക്കി 'ചൌധരി കീ (അതോ ഇനി കോ ആണോ) കഹാനി' എന്ന പേരിൽ ഒരു ഹിന്ദി പടം പിടിക്കണം എന്ന്. അതോ നടന്നില്ല...എന്നാൽ പിന്നെ ഒരു ബ്ലോഗ് പോസ്റ്റ് എങ്കിലും കിടക്കട്ടെ :)